യുവതിയെ ജാതിപ്പേര് വിളിച്ച്‌ അധിക്ഷേപിച്ച കേസില്‍ രണ്ട് പേര്‍ അറസ്റ്റില്‍

അഗളി: അട്ടപ്പാടി അഗളിയില്‍ ആദിവാസി യുവതിയെ ജാതിപ്പേര് വിളിച്ച്‌ അധിക്ഷേപിച്ച കേസില്‍ രണ്ട് പേര്‍ക്കെതിരെ നടപടി. ബ്ലോക്ക് പഞ്ചായത്തംഗം സരസ്വതി, ചാളയൂര്‍ സി.പി.എം. ബ്രാഞ്ച് സെക്രട്ടറി ശക്തിവേല്‍ എന്നിവരാണ് അറസ്റ്റിലായത്. ആദിവാസി അതിക്രമ നിയമപ്രകാരമാണ് ഇരുവര്‍ക്കുമെതിരെ കേസ് എടുത്തിരിക്കുന്നത്.

ചാവടിയൂര്‍ സ്വദേശി തായമ്മയെ ജാതിപ്പേരു വിളിച്ച്‌ അധിക്ഷേപിച്ചതായാണ് പരാതി. തങ്കമ്മയെ ആശുപത്രിയില്‍ വച്ച്‌ ഉപദ്രവിച്ച സംഭവത്തില്‍ സരസ്വതിയുടെ മകന്‍ പ്രവീണിനെതിരെയും കേസുണ്ട്. പ്രവീണ്‍ ഒളിവിലാണ്. ജൂണ്‍ 13-നാണ് കേസിനാസ്പദമായ സംഭവം നടന്നത്.
സ്റ്റേഷനില്‍ ഞായറാഴ്ച ഹാജരാകാമെന്നു പറഞ്ഞ സരസ്വതിയെ രാത്രിയില്‍ മൂന്ന് വാഹനങ്ങളിലെത്തിയ പൊലീസ് വീടുവളഞ്ഞ് കസ്റ്റഡിയിലെടുത്തുവെന്നും അന്യായമായി കേസെടുക്കുകയായിരുന്നെന്നും സി.പി.എം. ഏരിയാ കമ്മിറ്റി ആരോപിച്ചു.

എന്നാല്‍, കേസന്വേഷണവുമായി സഹകരിക്കാതെ സാക്ഷികളെ ഭീഷണിപ്പെടുത്തി പ്രവീണ്‍ ഒളിവില്‍പ്പോയ സാഹചര്യത്തിലാണ് സരസ്വതിയെയും ശക്തിവേലിനെയും വീട്ടിലെത്തി കസ്റ്റഡിയിലെടുത്തതെന്ന് അഗളി എ.എസ്.പി. നവനീത് ശര്‍മ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *