തിരുവനന്തപുരം: മാണി സി കാപ്പന് നടത്തിവന്ന പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരവും ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ മുന്നേറ്റവുമാണ് പാലായിലെ വിജയത്തില്‍ പ്രതിഫലിക്കുന്നതെന്ന് സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്.
ഈ ഫലം ഇടതുപക്ഷ സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ഊര്‍ജം നല്‍കുന്നതാണ്. യു ഡി എഫിന്റെ കോട്ടതകര്ന്നുവെന്നതാണ് ഈ തെരഞ്ഞെടുപ്പിലെ പ്രധാനനേട്ടം. ഈ ജനവിധി അംഗീകരിച്ച് എല്‍ ഡി എഫ് പ്രവര്‍ത്തകര്‍ കൂടുതല്‍ വിനയാന്വിതരായി ജനങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിക്കണം. കൂടുതല്‍ ജനപിന്തുണ ആര്‍ജിക്കാനുള്ള അവസരമാണ് ഈ വിജയം നല്‍കിയിരിക്കുന്നതെന്നും കോടിയേരി കൂട്ടിച്ചേര്‍ത്തു.
മുന്‍കാല തിരഞ്ഞെടുപ്പുകളില്‍ എല്‍ ഡി എഫിന് എതിരായിവോട്ടുചെയ്തവരും ഈ തെരഞ്ഞെടുപ്പില്‍ എല്‍ ഡി എഫിന് അനുകൂലമായി വോട്ട് രേഖപ്പെടുത്തിയെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ 33000ല്‍ അധികം വോട്ട് യു ഡി എഫിന് ഭൂരിപക്ഷം കിട്ടിയ ഒരു നിയമസഭാ മണ്ഡലത്തിലാണ് ഇത്തവണ എല്‍ ഡി എഫ് മൂവായിരത്തോളം വോട്ടിന്റെ ഭൂരിപക്ഷം നേടി വിജയിച്ചിരിക്കുന്നത്. ലോക്സഭാ തിരഞ്ഞെടുപ്പിന്റെ രാഷ്ട്രീയസാഹചര്യമല്ല, സംസ്ഥാനത്ത് നിലനിക്കുന്നതെന്നതാണ് ഇത് തെളിയിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കേരള രാഷ്ട്രീയം എല്‍ ഡി എഫിന് അനുകൂലമാണ്. യു ഡി എഫിന്റെ രാഷ്ട്രീയ അടിത്തറ തകര്‍ന്നു. സംഘടനാപരമായി യു ഡി എഫ് ശിഥിലമായിരിക്കുകയാണ്. കഴിഞ്ഞ യു ഡി എഫ് സര്‍ക്കാരിന്റെ ഓരോ ദുഷ് ചെയ്തികളും ജനങ്ങള്‍ ഇപ്പോളാണ് മനസ്സിലാക്കിവരുന്നത്. പാലാരിവട്ടം പാലം വിഷയം ഉള്‍പ്പെടെ ജനങ്ങള്‍ ഇപ്പോഴാണ് അതിന്റെ യാഥാര്‍ഥ്യം മനസ്സിലാക്കുന്നത്.
