തിരവനന്തപുരം: 10 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം മുതിര്‍ന്ന നേതാവ് പി പി മുകുന്ദന് ബി ജെ പിയിലേക്ക്. രാവിലെ പാര്‍ട്ടി ആസ്ഥാനമായ മാരാര്‍ജി ഭവനിലെത്തിയ അദ്ദേഹത്തെ സ്വീകരിക്കാന്‍ പക്ഷെ പ്രമുഖ നേതാക്കളൊന്നുമുണ്ടായിരുന്നില്ല. സംസ്ഥാന ബി ജെ പി നേതാക്കളില്‍ ഒരു വിഭാഗത്തിന് മുകുന്ദന്റെ മടങ്ങിവരവില്‍ അതൃപ്തി നിലനില്‍ക്കുന്നുണ്ട്. പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന് തെരഞ്ഞെടുപ്പ് പ്രചരണത്തിലായതിനാലാണ് എത്താതിരുന്നതെന്ന് മുകുന്ദന് പറഞ്ഞു. ബി ജെ പി നേതൃത്വത്തിന്റെ എതിര്‍പ്പ് മറികടന്ന് ആര് എസ് എസ് കേന്ദ്ര നേതൃത്വം നടത്തിയ സമ്മര്‍ദ്ധത്തെ തുടര്‍ന്നാണ് മുകുന്ദനെ പാര്‍ട്ടിയിലേക്ക് തിരിച്ചെടുത്തത്. മുകുന്ദന്റെ ഭാരവാഹിത്വം സംബന്ധിച്ച് തീരുമാനമായിട്ടില്ല. പാര്‍ട്ടി പ്രവര്‍ത്തകനായാണ് പി പി മുകുന്ദന് വരുന്നതെന്നും ഭാരവാഹിത്വം പിന്നീട് നേതാക്കള്‍ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്നാണ് കുമ്മനം പറഞ്ഞിട്ടുള്ളത്. സംസ്ഥാന എന്‍ ഡി എ കണ്‍വീനര്‍ സ്ഥാനത്തേക്ക് മുകുന്ദനെ പരിഗണിച്ചേക്കുമെന്ന് സൂചനയുണ്ട്. നേരത്തെ പാര്‍ട്ടിയിലേക്ക് മടങ്ങിയെത്തിയ കെ രാമന് പിള്ളയ്ക്ക് ഇതുവരെ ചുമതലയൊന്നും നല്‍കിയിട്ടില്ല.
