മലപ്പുറം: വികസനം ജനങ്ങള്‍ക്ക് വേണ്ടിയാണെന്നും അത് അവരെ അടിച്ചൊതുക്കിയാവില്ലെന്നും മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി. മലപ്പുറം പ്രസ് ക്ലബ് മുഖാമുഖം പരിപാടിയായ നേതൃശബ്ദത്തില്‍ പങ്കെടുക്കുകയായിരുന്നു അദ്ദേഹം. പൈപ്പ് ലൈന്‍ സ്ഥാപിക്കല്‍, വിമാനത്താവള ഭൂമി ഏറ്റെടുപ്പ്, ദേശീയപാതാ വികസനം എന്നിവയ്ക്ക് ജനങ്ങളെ വിശ്വാസത്തിലെടുത്ത് മതിയായ നഷ്ടപരിഹാരം നല്കിയേ ഭൂമി ഏറ്റെടുക്കൂ. ഇത് യു ഡി എഫിന്റെ പ്രഖ്യാപിത നയമാണ്. കൂടുതല്‍ ആളുകള്‍ ഇക്കാര്യങ്ങളില്‍ സഹകരിച്ചു വരുന്നുണ്ട്. അതുകൊണ്ട് അല്പം കാലതാമസമെടുക്കുക സ്വാഭാവികമാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. പരിസ്ഥിതി പ്രശ്‌നങ്ങള്‍ നോക്കാതെ കേരളത്തില്‍ വികസനം നടപ്പാക്കാനാവില്ല. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചപ്പോഴത്തേക്കാള്‍ നിലവില്‍ യു ഡി എഫ് വിജയസാധ്യത കൂടിയിട്ടുണ്ട്. കേരളത്തില്‍ തൂക്കുമന്ത്രിസഭയുണ്ടാവില്ല. യു ഡി എഫിന് മുന്നേറ്റമുണ്ടാവും. ബി ജെ പി അക്കൗണ്ട് തുറക്കുമെന്നത് അഭിപ്രായപ്രകടനങ്ങള്‍ മാത്രമാണ്. അങ്ങനെ ഒരു പോരാട്ടം നടത്താന്‍ ബി ജെ പിക്കാവില്ല. തെരഞ്ഞെടുപ്പ് അടുക്കും തോറും അവരുടെ പ്രവര്‍ത്തനം ഗൗരവിമില്ലാതാവുകയാണ്. ബാറിന്റെ കാര്യത്തില്‍ ഇടതുമുന്നണിയില്‍ ആശയകുഴപ്പമുണ്ടെന്ന് ജനങ്ങള്‍ക്കും അറിയാം. മദ്യനയത്തില്‍ നിന്ന് യു ഡി എഫ് ഒരിക്കലും പിന്നോട്ടില്ല. മദ്യനിരോധനം പോലുള്ള കാര്യങ്ങളിലേക്ക് രണ്ടടി മുന്നോട്ടു പോവുകയേയുള്ളൂ. വീണ്ടും ബാര്‍ തുറക്കുകയെന്നത് ജനം അംഗീകരിക്കില്ല. ജനപ്രിയ സാധുസഹായവും വികസനവും സംതുലിതമായി കൊണ്ടുപോവുകയാണ് യു ഡി എഫ്.
വന്‍ തോതില്‍ അഴിമതിയാരോപണം ഈ സര്‍ക്കാറിലെ മന്ത്രിമാര്‍ക്കെതിരെയുണ്ടായിട്ടില്ലെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു. വന്ന ആരോപണങ്ങള്‍ ശരിയല്ലെന്ന് പിന്നീട് തെളിയുകയാണ്. മുഖ്യമന്ത്രിക്കെതിരെ ഉന്നയിച്ച ആരോപണങ്ങളില്‍ കഴമ്പില്ലെന്ന് ജനങ്ങള്‍ ചിന്തിക്കുന്നത് തന്നെ ഇതിനുദാഹരണമാണ്. വളരണം കേരളം തുടരണം ഈ ഭരണമെന്ന യു ഡി എഫ് മുദ്രാവാക്യം ജനങ്ങള്‍ക്കിടയില്‍ സ്വീകാര്യതയുണ്ടാക്കിയിട്ടുണ്ട്. യു ഡി എഫിന്റെ വികസനം തടരുമെന്ന് പതുക്കെ പറയുമ്പോള്‍ ഇടതുപക്ഷത്തിന് ആത്്മവിശ്വാസമില്ല. ഈ സര്‍ക്കാറിന്റെ കാലത്ത് നിക്ഷേപം കൂടുതല്‍ വന്നത് തൊഴില്‍ കൂടുതല്‍ നല്കുന്ന മേഖലയിലാണ്. ഇത് വിദ്യാര്‍ഥികള്‍ക്കും യുവജനങ്ങള്‍ക്കും പ്രതീക്ഷ നല്കുന്നതാണ്. മെട്രോറെയില്‍, സ്മാര്‍ട്ട് സിറ്റി, കണ്ണൂര്‍ വിമാനത്താവളം തുങ്ങിയ വന്‍ വികസനാധിഷ്ടിത പദ്ധതികളെ സാമൂഹ്യ മാധ്യമങ്ങളിലൂടെ പുകഴ്ത്തിയ സാഹചര്യമുണ്ടായി. യു ഡി എഫ് പ്രകടനപത്രികയില്‍ നിലവിലുള്ള പദ്ധതികളുടെ തുടര്‍ച്ചാ പ്രഖ്യാപനങ്ങളാവുമുണ്ടാവുക.ഒപ്പം ജനക്ഷേമപദ്ധതികളും ഡിജിറ്റല്‍ സ്റ്റേറ്റ്, സ്റ്റാര്‍ട്ട് അപ്പ് പ്രോഗ്രാം എന്നിവയുടെ അടുത്ത ഘട്ടം നടപ്പാക്കും.
വിവിധ വിഭാഗങ്ങളെ നോക്കിയല്ല മുസ്ലിം ലീഗില്‍ സ്ഥാനാര്‍ഥിയെ നിശ്ചയിക്കുന്നതെന്ന് വനിതാ പ്രാതിനിധ്യമില്ലാത്തതു സംബന്ധിച്ച ചോദ്യത്തിന് മറുപടിയായി കുഞ്ഞാലിക്കുട്ടി പറഞ്ഞു. സര്‍ക്കാറിന് കീഴിലെ നാമനിര്‍ദേശം ചെയ്തുള്ള പല പദവികളിലും ലീഗ് വനിതാ നേതാക്കളുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഫാസിസത്തിനെതിരെയുള്ള കോണ്‍ഗ്രസ് ദേശീയ തലത്തില്‍ നടത്തുന്ന പ്രതിഷേധങ്ങളില്‍ സഖ്യകക്ഷിയെന്ന നിലയില്‍ ലീഗിന്റെ പിന്തുണയുണ്ട്. എന്നാല്‍ ദേശീയതലത്തില്‍ പ്രതികരിക്കാതെ ഇവിടെ പ്രതിഷേധമുയര്‍ത്തി മുതലെടുപ്പ് നടത്താനാണ് ചില സംഘടനകള്‍ ശ്രമിക്കുന്നത്. ഇഫ്‌ളു, അലിഗഡ് ക്യാംപസുകളെ തളര്‍ത്തുന്നത് കേന്ദ്രത്തിലെ ബി ജെ പി സര്‍ക്കാറിന്റെ കേരളത്തിനെതിരെയുള്ള നയത്തിന്റെ ഭാഗമാണ്. ന്യൂനപക്ഷ ക്ഷേമപരിപാടികള്‍ക്ക് യു പി എ സര്‍ക്കാര്‍ നല്കിയ ധനസഹായം എന്‍ ഡി എ സര്‍ക്കാര്‍ നല്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
