അര്‍ദ്ധരാത്രിയില്‍ തലസ്ഥാനത്ത് വമ്ബന്‍ കൊള്ളയ്‌ക്ക് ശ്രമിച്ച തസ്‌കരസംഘത്തെ സാഹസികമായി പിടികൂടി പൊലീസ്

തിരുവനന്തപുരം: തലസ്ഥാന നഗരത്തിലെ വീടുകളും കടകളും കുത്തിത്തുറന്ന് പണവും സ്വര്‍ണവും കമ്ബ്യൂട്ടറുകളും സി.സി.ടി.വി ക്യാമറാ യൂണിറ്റുകളും കൊള്ളയടിക്കാന്‍ എത്തിയ സംഘത്തെ അര്‍ദ്ധരാത്രിയിലെ രണ്ടു മണിക്കൂര്‍ നീണ്ട സാഹസികമായ തെരച്ചിലിലൂടെ പൊലീസ് പിടികൂടി. എട്ട് പൊലീസ് വാഹനങ്ങളുടെ ഹെഡ് ലൈറ്റുകള്‍ ചൊരിഞ്ഞ പ്രകാശത്തിന്റെയും മൊബൈല്‍ ഫോണ്‍ വെളിച്ചത്തിന്റെയും സഹായത്തോടെ പോങ്ങുംമൂട് മുതല്‍ കൊച്ചുള്ളൂര്‍ വരെയുള്ള പ്രദേശം അരിച്ചുപെറുക്കി 40 പൊലീസുകാര്‍ നടത്തിയ തെരച്ചിലിലാണ് കൊള്ളസംഘം പിടിയിലായത്.

കണ്‍ട്രോള്‍ റൂം ഇന്‍സ്‌പെക്ടര്‍ ഡി.കെ.പൃഥിരാജിന്റെ നേതൃത്വത്തിലായിരുന്നു സേനയുടെ അഭിമാനം ഉയര്‍ത്തിയ അരിച്ചുപെറുക്കല്‍. കരമന, വഞ്ചിയൂര്‍, തുമ്ബ സ്റ്റേഷനുകളിലെ നിരവധി മോഷണക്കേസിലെ പ്രതികളായ ശംഖുമുഖം പുതുവല്‍ പുത്തന്‍വീട്ടില്‍ രാജേഷ് (35), കണ്ണാന്തുറ പോളിഹൗസില്‍ ജിതിന്‍ (ബോംബ് ജിതിന്‍24) എന്നിവരാണ് പിടിയിലായത്. രണ്ട് പ്രതികള്‍ പൊലീസിനെ വെട്ടിച്ച്‌ കടന്നു. തിങ്കളാഴ്ച പുലര്‍ച്ചെ ഒന്നു മുതല്‍ മൂന്ന് വരെയായിരുന്നു

ഓട്ടോറിക്ഷയില്‍ കറങ്ങി മോഷണം നടത്തുന്നതാണ് സംഘത്തിന്റെ രീതി. പോങ്ങുംമൂട് സ്വകാര്യ സ്‌കൂളിനടുത്ത് ഓട്ടോറിക്ഷ നിറുത്തി ഒരാള്‍ മതില്‍ ചാടിക്കടന്നതായി ഉള്ളൂരില്‍ നൈറ്റ് പട്രോളിംഗിലായിരുന്ന പൊലീസ് സംഘത്തിന് ഓട്ടോറിക്ഷാ ഡ്രൈവര്‍ വിവരം നല്‍കിയതാണ് നിര്‍ണായകമായത്. വിവരം കണ്‍ട്രോള്‍ റൂമിലെത്തിയതോടെ ഇന്‍സ്‌പെക്ടര്‍ ഡി.കെ.പൃഥിരാജ് പട്രോളിംഗ് സംഘത്തെ അവിടേക്കയച്ചു. പ്രധാന റോഡരികിലെ സ്‌കൂളിന് അകവശം പൊളിക്കുന്ന ശബ്ദമാണ് പൊലീസ് കേട്ടത്. ഓട്ടോറിക്ഷയില്‍ കട്ടറുകളും മോട്ടോറുകളും കണ്ടെത്തി. മോഷണസംഘമാണെന്ന് ഉറപ്പിച്ചതോടെ കണ്‍ട്രോള്‍ റൂം ഉണര്‍ന്നുപ്രവര്‍ത്തിച്ചു. മെഡിക്കല്‍കോളേജ്, ശ്രീകാര്യം, വഞ്ചിയൂര്‍, കണ്‍ട്രോള്‍റൂം, മൊബൈല്‍ പട്രോള്‍, സ്‌ട്രൈക്കര്‍, ഹൈവേ പട്രോള്‍ വാഹനങ്ങള്‍ സ്ഥലത്തേക്ക് തിരിച്ചുവിട്ടു. ഓട്ടോയെടുക്കാന്‍ സംഘത്തിലെ ഒരാളെത്തിയപ്പോള്‍ പൊലീസിനെ കണ്ടു. സ്‌കൂള്‍ പൊലീസ് വളഞ്ഞത് മനസിലാക്കിയ മോഷ്ടാക്കള്‍ മതില്‍ചാടി പലവഴിക്ക് ചിതറിയോടി. പിന്നാലെ പൊലീസും പാഞ്ഞു.വീടുകളുടെ മതില്‍ചാടിയും ഉള്‍വഴികളിലൂടെയും തസ്‌കരസംഘം കുതിച്ചു. മൊബൈല്‍ വെളിച്ചവുമായി പൊലീസ് സംഘവും പിന്നാലെ.

പാരിപ്പള്ളിയില്‍ പൊലീസുകാരന്‍ മണിയന്‍പിള്ളയെ കൊടുംക്രിമിനലായ ആട് ആന്റണി കുത്തിക്കൊലപ്പെടുത്തിയ അനുഭവം ഓര്‍മ്മിച്ച പൊലീസുകാര്‍ ജാഗ്രതയിലായി. തെരച്ചിലിനിടെ മതിലിടിഞ്ഞു വീണ് കണ്‍ട്രോള്‍ റൂം അഡി.എസ്.ഐ സുരേഷിനും പൊലീസ് ഡ്രൈവര്‍ക്കും പൊലീസിന് സഹായിയായെത്തിയ ബീമാപ്പള്ളി സ്വദേശി സുഹൈലിനും പരിക്കേറ്റു. പോങ്ങുംമൂട് എലൈറ്റ് ഗാര്‍ഡന്‍സിലെ വീട്ടുമുറ്റത്തുണ്ടായിരുന്ന സ്‌കൂട്ടര്‍ മോഷ്ടിച്ചെടുത്ത് രക്ഷപ്പെടാനും കവര്‍ച്ചാസംഘം ശ്രമിച്ചു. സ്‌കൂട്ടറിന്റെ പൂട്ട് കല്ല് കൊണ്ട് തകര്‍ത്തിരുന്നു. രണ്ടുമണിക്കൂര്‍ നീണ്ട അരിച്ചുപെറുക്കലിനൊടുവില്‍ പോങ്ങുംമൂട്ടിലെ കാടുപിടിച്ച പുരയിടത്തില്‍ നിന്ന് രാജേഷിനെയും കാരുണ്യനഗറിലെ വീട്ടുവളപ്പില്‍ നിന്ന് ജിതിനെയും പിടികൂടി. ധനകാര്യസ്ഥാപനമാണെന്ന് തെറ്റിദ്ധരിച്ചാണ് സ്‌കൂളില്‍ കവര്‍ച്ചയ്ക്ക് കയറിയതെന്ന് ഇവര്‍ വെളിപ്പെടുത്തി. സംഘത്തില്‍പെട്ട സഞ്ജുവിനെ ഒരാഴ്ച മുന്‍പ് വഞ്ചിയൂര്‍ പൊലീസ് പിടികൂടിയിരുന്നു.

കരമനയിലെ കമ്ബ്യൂട്ടര്‍ ഷോറൂമില്‍ നിന്ന് ലാപ്‌ടോപ്പുകള്‍, കമ്ബ്യൂട്ടര്‍ പാര്‍ട്സുകള്‍, വഞ്ചിയൂര്‍ പുത്തന്‍ റോഡിലെ പീപ്പിള്‍ വെല്‍ഫെയര്‍ സൊസൈറ്റിയില്‍ നിന്ന് കമ്ബ്യൂട്ടര്‍, അരലക്ഷത്തിന്റെ സിസിടിവി യൂണിറ്റ്, എന്നിവയും തുമ്ബയിലെ വീട് കുത്തിത്തുറന്ന് കവര്‍ച്ചയും നടത്തിയത് പ്രതികള്‍ സമ്മതിച്ചു. നഗരത്തില്‍ അടുത്തിടെയുണ്ടായ കവര്‍ച്ചകളിലെല്ലാം ഇവര്‍ക്ക് പങ്കുണ്ടെന്നും ,വന്‍ കവര്‍ച്ചകള്‍ ഇവര്‍ ലക്ഷ്യമിട്ടിരുന്നുവെന്നും പൊലീസ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *