വിദ്യാലയ സന്ദര്‍ശനത്തിനിടെ കോഴിക്കറി കഴിച്ച ഉദ്യോഗസ്ഥന് സസ്പെന്‍ഷന്‍

ഒഡിഷ: വിദ്യാലയ സന്ദര്‍ശനത്തിനിടെ ഉച്ചക്ക് കോഴിക്കറികൂട്ടി ചോറ് കഴിച്ച വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്തു . ഉച്ച ഭക്ഷണ സമയത്ത് കുട്ടികള്‍ക്ക് പരിപ്പും ചോറും നല്‍കിയപ്പോള്‍ അവര്‍ക്കൊപ്പമിരുന്ന് കോഴിക്കറി കഴിച്ചതിനാണ് ഉദ്യോഗസ്ഥനെതിരെ നടപടി എടുത്തത് . ബ്ലോക്ക് എഡ്യുക്കേഷന്‍ ഓഫീസര്‍ ബിനയ് പ്രകാശ് സോയ്‍യെയാണ് സുന്ദര്‍ഗാവ് ജില്ലാ കളക്ടര്‍ നിഖില്‍ പവന്‍ കല്യാണി സസ്പെന്‍ഡ് ചെയ്തത്.

സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കൊപ്പമിരുന്ന് ഇയാള്‍ കോഴിക്കറി കഴിക്കുന്ന വീഡിയോ പുറത്തുവന്നിരുന്നു . മാന്യമല്ലാത്ത രീതിയില്‍ പെരുമാറിയതിന് സോയ്‍ക്കെതിരെ തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു . പൊതുവിദ്യാഭ്യാസ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ ഇത്തരത്തില്‍ പെരുമാറുന്നത് അസഹനീയമാണെന്നും അവര്‍ വ്യക്തമാക്കി .

ഒക്ടോബര്‍ മൂന്നിന് ബോണ്‍യിലുളള പ്രാഥമിക വിദ്യാലയത്തില്‍ നടത്തിയ സന്ദര്‍ശനത്തിന് ഇടയിലായിരുന്നു സംഭവം നടന്നത് . പ്രധാനാധ്യാപകന്‍ തുപി ചന്ദന്‍ കിസനും മറ്റ് അധ്യാപകരും ചേര്‍ന്ന് സോയ്‍ക്ക് മികച്ച സ്വീകരണമാണ് സ്കൂളില്‍ ഒരുക്കിയത്. കുട്ടികള്‍ക്കൊപ്പം ഇരുന്ന് ഉച്ചഭക്ഷണം കഴിക്കണമെന്ന ഇദ്ദേഹം ആവശ്യപ്പെടുകയായിരുന്നെന്ന് അധികൃതര്‍ പറയുന്നു.

അധ്യാപകരും സോയ്‍ക്കൊപ്പമിരുന്നാണ് ഭക്ഷണം കഴിച്ചത് . ഇവര്‍ക്കെല്ലാം കോഴിക്കറിയും സാലഡും നല്‍കുന്നത് വീഡിയോയില്‍ വ്യക്തമാണ്. എന്നാല്‍ കോഴിക്കറി കഴിച്ചെന്ന വാദത്തെ സോയ് എതിര്‍ക്കുകയാണ് ചെയ്തത് . കഴിച്ചത് കോഴിക്കറിയല്ലെന്നും വിദ്യാലയത്തിലെ ഒരു അധ്യാപിക വീട്ടില്‍ നിന്ന് കൊണ്ടുവന്ന പച്ചക്കറിയാണെന്നുമാണ് ഇദ്ദേഹത്തിന്റെ വിശദീകരണം .

Leave a Reply

Your email address will not be published. Required fields are marked *