താനൂര്‍ കൊലപാതകം:നടുത്തളത്തിലിറങ്ങി പ്രതിപക്ഷം, അന്വേഷണം പുരോഗമിക്കുകയാണെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: താനൂര്‍ കൊലപാതക വിഷയത്തില്‍ നിയമസഭയില്‍ പ്രതിപക്ഷ പ്രതിഷേധം. പ്രതിപക്ഷം നടുത്തളത്തിലിറങ്ങി. കൊലപാതകത്തില്‍ രാഷ്ട്രീയം ഇല്ലെന്നും പള്ളിതര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നും വി അബ്ദുറഹിമാന്‍ എംഎല്‍എ പറഞ്ഞു. ഇതിനെതിരേയാണ് പ്രതിഷേധം. പി ജയരാജന്‍ താനൂരില്‍ വന്ന ശേഷമാണ് കൊലപാതകത്തിനുള്ള നീക്കം തുടങ്ങിയതെന്ന് എംകെ മുനീര്‍ ആരോപിച്ചു. കുറ്റക്കാര്‍ക്കെതിരേ മുഖം നോക്കാതെ നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രിയും സഭയെ അറിയിച്ചു.

ഇസഹാഖ് എന്ന ലീഗ് പ്രവര്‍ത്തകന്റെ കൊലപാതകം സിപിഎം പ്രവര്‍ത്തകര്‍ ആസൂത്രിതമായി നടപ്പാക്കിയതാണെന്ന് അടിയന്തിര പ്രമേയത്തിന് അനുമതി നേടിക്കൊണ്ട് എംകെ മുനീര്‍ എംല്‍എ പറഞ്ഞു. 60 കൊല്ലത്തോളം താനൂരില്‍ ലീഗ് എംഎല്‍എ ഉണ്ടായിരുന്നപ്പോള്‍ ഒരു സിപിഎം പ്രവര്‍ത്തകന്‍ പോലും കൊല്ലപ്പെട്ടിരുന്നില്ല. എന്നാല്‍ മൂന്നരവര്‍ഷകാലം സിപിഎം എംഎല്‍എയുടെ ഭരണത്തില്‍ ലീഗ് പ്രവര്‍ത്തകന്റെ ജീവനെടുക്കുന്ന സ്ഥിതി വിശേഷമുണ്ടായെന്ന് എംകെ മുനീര്‍ നിമസഭയില്‍ ആരോപിച്ചു.

വിഷയത്തില്‍ സര്‍ക്കാരിന്റെ ഭഗത്ത് നിന്ന് കര്‍ശനമായ ഇടപെടലുണ്ടാവണം. കൊലപാതകത്തെ നിയന്ത്രിക്കാനായില്ലെങ്കില്‍ വലിയ ഭവിഷ്യത്തുണ്ടാക്കുമെന്നും എംകെ മുനീര്‍ ചൂണ്ടിക്കാട്ടി.

പള്ളി പിടിക്കാനുള്ളലീഗിന്റെശ്രമങ്ങളോടുള്ള പ്രതിരോധമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നായിരുന്നുവി അബ്ദുറഹ്മാന്റെ പ്രതികരണം. തുടര്‍ന്ന് പ്രതിപക്ഷം നടുത്തളത്തിലിറങ്ങി ബഹളം വെക്കുകയായിരുന്നു.

അതേസമയം കൊലപാകതത്തില്‍ രാഷ്ട്രീയമുണ്ടെന്ന് സ്ഥിരീകരിക്കാന്‍ മുഖ്യമന്ത്രിയും തയ്യാറായില്ല. കൊല്ലപ്പെട്ടത് ലീഗ് പ്രവര്‍ത്തകനാണെന്ന് പറഞ്ഞപ്പോഴും പ്രതികള്‍ പാര്‍ട്ടി ബന്ധമുള്ളവരാണെന്ന് മുഖ്യമന്ത്രി പറഞ്ഞില്ല. മൂന്ന് പ്രതികള്‍ പിടിയിലായിട്ടുണ്ട്. ആയുധങ്ങള്‍ പിടിച്ചെടുത്തു. അന്വേഷണം പുരോഗമിക്കുകയാണ്. പ്രതികളൊരാളുടെ സഹോദരനുമായുണ്ടായ വൈരാഗ്യമാണ്കൊലപാകത്തില്‍ കലാശിച്ചതെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.

ഓരോ ആരോപണങ്ങള്‍ക്കും മുഖ്യമന്ത്രി എണ്ണിയെണ്ണി മറുപടി പറഞ്ഞപ്പോഴും പി ജയരാജനെതിരേയുള്ള ആരോപണങ്ങളില്‍ മുഖ്യമന്ത്രി പ്രതികരിച്ചില്ല. മുഖം നോക്കാതെ നടപടിയെടുക്കും, നാട്ടില്‍ സമാധാനമുണ്ടാക്കും എന്നും മുഖ്യമന്ത്രി പറഞ്ഞു.

പി ജയരാജന്‍ ഒക്ടോബര്‍ 11ന് താനൂരില്‍ വന്ന ശേഷമാണ് അക്രമത്തിന് കോപ്പു കൂട്ടിയതെന്നും അതിന് ശേഷം വാട്‌സാപ്പില്‍ കൗണ്ട്ഡൗണ്‍ തുടങ്ങിയതെന്നുമുള്ള ആരോപണങ്ങള്‍ക്ക് മുഖ്യമന്ത്രി മറുപടി പറഞ്ഞില്ല.

മുഖ്യമന്ത്രിയുടെ മറുപടിയെതുടര്‍ന്ന് പ്രതിപക്ഷത്തിന്റെ അടിയന്തരി പ്രമേയത്തിന് സ്പീക്കര്‍ അനുമതി നിഷേധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *