കാസര്‍ഗോഡ്: തനിക്കെതിരേ അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിച്ച പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദനെതിരേ നിയമ നടപടിയുമായി മുന്നോട്ട് പോകുമെന്ന് മുഖമന്ത്രി ഉമ്മന്‍ ചാണ്ടി ആവര്‍ത്തിച്ചു. കാസര്‍ഗോഡ് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു ഉമ്മന്‍ചാണ്ടി. കോടതിയെ സമീപിക്കാന്‍ തനിക്ക് അവകാശാമുണ്ടെന്നും അതിനെ പ്രതിരോധിക്കാന്‍ വി എസ്സിനും അധികാരമുണ്ട്. ഇത്രേയും നാള്‍ അദ്ദേഹത്തിന്റെ പ്രായത്തെ മാനിച്ചു. എന്നാല്‍ തനിക്കെതിരെ ഉന്നയിക്കുന്ന ആരോപണം 140 മണ്ഡലങ്ങളിലെ യു ഡി എഫിന്റെ വിജയത്തെ ബാധിക്കുമെന്നതിനാലാണ് നിയമനടപടിക്കൊരുങ്ങുന്നതെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. എന്തുകൊണ്ടാണ് പിണറായി വിജയനെതിരേ നിയമ നടപടി സ്വീകരിക്കാത്തതെന്ന് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍ വി.എസ് ഉന്നയിച്ചപോലുള്ള ആരോപണങ്ങള്‍ അദ്ദേഹം ഉന്നയിച്ചില്ലെന്നാണ് മുഖ്യമന്ത്രി മറുപടി നല്‍കിയത്. പിണറായി പറയാത്ത കാര്യത്തിനെതിരേ താന്‍ എന്തിന് പരാതി നല്‍കണമെന്നും മുഖ്യമന്ത്രി ചോദിച്ചു. സിപിഎം ബിജെപിക്കെതിരേ ശബ്ദിക്കുന്നുണ്ടെങ്കിലും പ്രവര്‍ത്തിക്കുന്നില്ല. ബിഹാറില്‍ മതേതരത്വ മുന്നണികള്‍ ഒന്നിച്ച് നിന്നപ്പോള്‍ വ്യത്യസ്ത നിലപാട് സ്വീകരിച്ച സിപിഎം കാരണം 11 മണ്ഡലങ്ങളില്‍ ബിജെപി വിജയം നേടിയെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
