സര്‍വ്വജന സ്കൂളില്‍ വിദ്യാര്‍ത്ഥിനി പാമ്ബുകടിയേറ്റ് മരിച്ച സംഭവം; അധ്യാപകര്‍ക്ക് വീഴ്ച സംഭവിച്ചതായി പൊലീസ് റിപ്പോര്‍ട്ട്

വയനാട്ടില്‍ അഞ്ചാം ക്ലാസ് വിദ്യാര്‍ഥിനി ക്ലാസ് മുറിയില്‍ വച്ച്‌ പാമ്ബ് കടിയേറ്റ് മരിച്ച സംഭവത്തില്‍ കുട്ടിക്ക് ചികിത്സ നല്‍കുന്നതില്‍ അധ്യാപകര്‍ക്ക് വീഴ്ച സംഭവിച്ചതായി പൊലീസ്. കുട്ടിയെ ആശുപത്രിയില്‍ എത്തിക്കുന്നതില്‍ ബത്തേരി സര്‍വജന സ്കൂള്‍ അധ്യാപകന്‍ ഷജിലിന് വീഴ്ച പറ്റിയെന്നാണ് അന്വേഷണ സംഘം ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തിലാണ് ഇക്കാര്യം അറിയിച്ചത്. അധ്യാപകന്‍റെ മുന്‍കൂര്‍ ജാമ്യാപേക്ഷയെ അന്വേഷണ സംഘം എതിര്‍ക്കും.

മറ്റ് അധ്യാപകരും വിദ്യാര്‍ഥികളും ഷഹ്ലയ്ക്ക് പാമ്ബുകടിയേറ്റതാണെന്നും, ആശുപത്രിയില്‍ എത്തിക്കണമെന്നും ആവശ്യപ്പെട്ടപ്പോള്‍ ഷജില്‍ ഇത് നിരസിക്കുകയായിരുന്നുവെന്ന് അന്വേഷണ സംഘം പറയുന്നു. പാമ്ബുകടിയേറ്റിട്ടില്ലെന്നും ആശുപത്രിയില്‍ കൊണ്ടു പോകേണ്ടതില്ലെന്നുമായിരുന്നു അധ്യാപകന്‍റെ നിലപാട്. ഷഹ്ലയെ ആശുപത്രിയില്‍ എത്തിക്കണമെന്ന് മറ്റുള്ളവര്‍ ആവശ്യപ്പെട്ടപ്പോള്‍, പിതാവ് വരട്ടെയെന്ന നിലപാടാണ് ഷജില്‍ സ്വീകരിച്ചത്. പാമ്ബുകടിയേറ്റിട്ടും അരമണിക്കൂറോളം കുട്ടിക്ക് സ്കൂളില്‍ തന്നെ കഴിയേണ്ടിവന്നു. ചികിത്സ വൈകുന്നതിന് ഇത് പ്രധാന കാരണമായെന്നും അന്വേഷണ സംഘം ചൂണ്ടികാണിക്കുന്നു.

സ്കൂള്‍ വിട്ടശേഷം ആശുപത്രിയിലേക്ക് പോകാതെ ഭാര്യയെയും കൂട്ടി ഡേകെയറിലേക്ക് പോകുകയാണ് ഷജില്‍ ചെയ്തതെന്നും സത്യവാങ്മൂലത്തില്‍ പരാമര്‍ശിക്കുന്നുണ്ട്. പാമ്ബുകടിയേറ്റ് ഉടന്‍ ആശുപത്രിയില്‍ എത്തിച്ചിരുന്നെങ്കില്‍ ഷഹ്ലയുടെ ജീവന്‍ രക്ഷിക്കാമായിരുന്നുവെന്ന ഡോക്ടര്‍മാരുടെ മൊഴി കൂടി കണക്കിലെടുത്താല്‍ അതീവ ഗുരുതരമായ തെറ്റാണ് ഷജിലിന്‍റെ ഭാഗത്തുനിന്ന് ഉണ്ടായതെന്ന് അന്വേഷണ സംഘം വ്യക്തമാക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *