സ്വര്‍ണപ്പണയ കാര്‍ഷിക വായ്പയില്‍നിന്ന് ഉടന്‍ മാറണമെന്ന് നോട്ടീസ്‌

: സ്വര്‍ണപ്പണയ കാര്‍ഷികവായ്പകള്‍ ഉടന്‍തന്നെ കിസാന്‍ ക്രെഡിറ്റ് കാര്‍ഡ്(കെ.സി.സി.) ആക്കി മാറ്റണമെന്നാവശ്യപ്പെട്ട് ഇടപാടുകാര്‍ക്ക് ബാങ്കുകളില്‍നിന്ന് നോട്ടീസ്. ഇത്തരം വായ്പകള്‍ നല്‍കുന്നത് പൂര്‍ണമായി നിര്‍ത്തിവെച്ചതിനു പിന്നാലെയാണ് നേരത്തേ വായ്പ ലഭിച്ചവര്‍ക്ക് നോട്ടീസയക്കാന്‍ തുടങ്ങിയത്.

2019 ഒക്ടോബര്‍ ഒന്നിനുശേഷം അനുവദിച്ച സ്വര്‍ണപ്പണയ കാര്‍ഷികവായ്പകള്‍ക്കുള്ള പലിശയിളവ് കേന്ദ്രസര്‍ക്കാര്‍ നിര്‍ത്തലാക്കിയതിനാലാണ് നടപടിയെന്ന് വ്യക്തമാക്കിക്കൊണ്ടുള്ളതാണ് നോട്ടീസ്. ഇടപാടുകാരാവട്ടെ,വായ്പകള്‍ പെട്ടെന്ന് കിസാന്‍ക്രെഡിറ്റ് കാര്‍ഡിലേക്കു മാറ്റുന്നതെങ്ങനെയെന്ന അങ്കലാപ്പിലാണ്

കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് വഴി ഒരുലക്ഷം രൂപ വായ്പ ലഭിക്കണമെങ്കില്‍ സ്വന്തംപേരില്‍ അരയേക്കര്‍ ഭൂമിയെങ്കിലുംവേണം. ഒരുസെന്റ് ഭൂമിയുടെ നികുതി രസീതിയുണ്ടെങ്കില്‍പ്പോലും സ്വര്‍ണപ്പണയകാര്‍ഷികവായ്പ ലഭിക്കുമായിരുന്നു. ഭൂമിയില്ലാത്തവര്‍ക്ക് പാട്ടത്തിന് കൃഷി നടത്താനും ഈ വായ്പ നല്‍കിയിരുന്നു. അങ്ങനെ സ്വര്‍ണപ്പണയ കാര്‍ഷികവായ്പയെടുത്തവരില്‍ ബഹുഭൂരിപക്ഷത്തിനും കെ.സി.സി. ലഭിക്കില്ലെന്ന് വ്യക്തമാണ്. അങ്ങനെയാവുമ്ബോള്‍, നാലുശതമാനത്തിന് ലഭിക്കുന്ന സ്വര്‍ണപ്പണയ കാര്‍ഷികവായ്പയ്ക്ക് ഒമ്ബതുശതമാനംവരെ പലിശ നല്‍കേണ്ടിവരും.

കേരളത്തിലാകെ 11 ലക്ഷത്തോളം കര്‍ഷകര്‍ക്ക് ഈ തീരുമാനം തിരിച്ചടിയാകുമെന്നാണ് കണക്കാക്കുന്നത്. 74 ലക്ഷം കാര്‍ഷികവായ്പ അക്കൗണ്ടുകളില്‍ 45 ലക്ഷവും സ്വര്‍ണപ്പണയ കാര്‍ഷികവായ്പകളാണെന്നാണ് കണക്ക്. ഒക്ടോബര്‍ ഒന്നുമുതലെടുത്ത സ്വര്‍ണപ്പണയ കാര്‍ഷികവായ്പകള്‍ക്കാണ് പലിശയിളവ് അനുവദിക്കേണ്ടതില്ലെന്ന് തീരുമാനിച്ചിട്ടുള്ളത്. കേന്ദ്രകാര്‍ഷികമന്ത്രാലയം റിസര്‍വ് ബാങ്കിനും നബാര്‍ഡിനും നല്‍കിയ നിര്‍ദേശമനുസരിച്ചാണ് ബാങ്കുകള്‍ നടപടികള്‍ തുടങ്ങിയത്. ഇക്കൊല്ലം മാര്‍ച്ച്‌ 31-നു മുമ്ബ് കെ.സി.സി.യിലേക്കു മാറാന്‍ കഴിയാത്തവര്‍ കൂടിയ പലിശ നല്‍കേണ്ടിവരും. നാമമാത്രമായ ഭൂമിയുള്ളവര്‍ക്കും പാട്ടക്കൃഷിക്കാര്‍ക്കുമൊക്കെ കെ.സി.സി. ലഭിക്കാന്‍ പ്രയാസമേറെയാണ്. ഭൂമിയുടെ അളവും ചെയ്യുന്ന കൃഷിയുടെ സ്വഭാവവും മറ്റും പരിഗണിച്ച്‌ വിശദമായ പരിശോധനയ്ക്കുശേഷമേ ബാങ്കുകള്‍ കെ.സി.സി. അനുവദിക്കാറുള്ളൂ.

സംസ്ഥാനത്ത് 85 ശതമാനം കെ.സി.സി.അക്കൗണ്ടുകളും സഹകരണബാങ്കുകളിലാണ്. ഷെഡ്യൂള്‍ഡ് ബാങ്കുകള്‍ ഇക്കാര്യത്തില്‍ നിഷേധാത്മകസമീപനമാണ് കൈക്കൊള്ളുന്നതെന്ന് കൃഷിമന്ത്രി വി.എസ്. സുനില്‍കുമാര്‍തന്നെ കുറ്റപ്പെടുത്തിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *