ലക്ഷ്യമിട്ടത് റിപ്പബ്ലിക് ദിനത്തിന് മുന്‍പ് വന്‍ ഭീകരാക്രമണത്തിന്, ശ്രീനഗറില്‍ അഞ്ച് ജയ്ഷെ ഭീകരവാദികള്‍ അറസ്റ്റില്‍

ശ്രീനഗര്‍: റിപ്പബ്ലിക് ദിനത്തിന് മുന്‍പ് വന്‍ ഭീകരാക്രമണത്തിന് പദ്ധതിയിട്ട 5 ജയ്ഷെ ഭീകരവാദികളെ ശ്രീനഗര്‍ പൊലീസ് അറസ്റ്റ് ചെയ്തു. പാക് ആസ്ഥാനമായുള്ള ജയ്ഷെ മുഹമ്മദ് ഭീകരവാദ സംഘടനയാണ് ആക്രമണത്തിന് പദ്ധതിയിട്ടിരുന്നത്. ഐജാസ് അഹമ്മദ് ഷെയ്ഖ്, ഉമര്‍ ഹമീദ് ഷെയ്ക്ക്, ഇംതിയാസ് അഹമ്മദ് ചിക്ല, സാഹില്‍ ഫാറൂഖ് ഗോജ്രി, നസീര്‍ അഹമ്മദ് മിര്‍ എന്നിവരാണ് അറസ്റ്റിലായത്. യു.എന്‍ തീവ്രവാദ പട്ടികയില്‍ ഉള്‍പ്പെട്ടിരിക്കുന്ന മസൂദ് അസറിന്റെ ഭീകരവാദ ഗ്രൂപ്പുമായി ബന്ധപ്പെട്ടരാണ് പിടിയിലായ അഞ്ച് ഭീകരവാദികളും.

140ലധികം ജെലാറ്റിന്‍ സ്റ്റിക്കുകളും,​ 40 ഡിറ്റോണേറ്ററുകളും ഉള്‍പ്പെടെ സ്‌ഫോടകവസ്തുക്കളുടെ ഒരു വലിയ ശേഖരം ശ്രീനഗര്‍ പൊലീസ് ഭീകരരില്‍ നിന്നും കണ്ടെടുത്തു. ഇത് ഒരു വലിയ വിജയമാണ്,​ ഭീകരാക്രമണം നടത്താനുള്ള ജയ്ഷെ പദ്ധതിയെ ജമ്മു കാശ്മീര്‍ പൊലീസ് പരാജയപ്പടുത്തിയെന്നും ഡി.ജി.പി ദില്‍ബാഗ് സിംഗ് പറഞ്ഞു.

ഇന്ത്യയില്‍ നടന്നിട്ടുള്ള പല ഭീകരാക്രമണങ്ങള്‍ക്ക് പിന്നിലും പ്രവര്‍ത്തിച്ചത് ജയ്ഷെ മുഹമ്മദായിരുന്നു. കഴിഞ്ഞ ഫെബ്രുവരിയില്‍ ജമ്മു കാശ്മീരിലെ പുല്‍വാമയില്‍ ആക്രമണം നടത്തിയതും ജയ്ഷെ മുഹമ്മദായിരുന്നു. ആക്രമണത്തില്‍ 40 സി.ആര്‍‌.പി‌.എഫ് ഉദ്യോഗസ്ഥരുടെ ജീവന്‍ നഷ്ടമായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *