മലപ്പുറം: ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിലെ വീരേതിഹാസം വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ജ്വലിക്കുന്ന ഓര്‍മ്മകള്‍ക്ക് പുനര്‍ജനി. ബ്രിട്ടീഷ് പട്ടാളത്തിന്റെ തോക്കുകള്‍ക്ക് മുന്നില്‍ നെഞ്ചു വിരിച്ചു നിന്ന വാരിയന്‍കുന്നന്‍ വെടിയേറ്റ് മരിച്ചിട്ട് 99 വര്‍ഷങ്ങള്‍ പിന്നിടുന്നു. രാജ്യത്ത് ദേശീയതയും പൗരത്വവും ഭരണഘടനയുമെല്ലാം ചര്‍ച്ചയാവുകയും ജനകീയ സമരങ്ങള്‍ ശക്തിയാര്‍ജ്ജിക്കുകയും ചെയ്യുമ്പോള്‍ കുഞ്ഞഹമ്മദ് ഹാജിയുടെ വീരസ്്മരണകള്‍ ജനമനസുകളില്‍ ജ്വലിച്ചുയരുകയാണ്.
ജനിച്ച നാട്ടില്‍ നിലനില്‍പ്പിനായുള്ള പോരാട്ടത്തിന്റെ പുതു ചിത്രങ്ങളാണ് രാജ്യമെമ്പാടും ഇപ്പോള്‍ നടക്കുന്നത്. വൈജാത്യങ്ങളില്ലാതെ ഭാരതത്തിന്റെ ഏകത്വം വെളിവാക്കുന്ന സമരങ്ങള്‍. ഇവിടെ അറിയേണ്ടതുണ്ട് ജന്മനാടിനായി രക്തസാക്ഷിത്വം വരിച്ച ധീര ദേശാഭിമാനികളേയും. വിസ്മൃതമാവുന്ന ചരിത്രമാണ് മലബാറിന്റെ സുല്‍ത്താന്‍ വാരിയം കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടേത്. ജനിച്ച മണ്ണിനെ വൈദേശികാധിപത്യത്തില്‍ നിന്നും മോചിപ്പിക്കാന്‍ ജീവിതം തന്നെ ബലിനല്‍കിയ യഥാര്‍ഥ രാജ്യ സ്‌നേഹി. മതപരവും ജാതിപരവുമായ വേലിക്കെട്ടുകള്‍ക്കതീതമായി മനുഷ്യരെ മനുഷ്യരായി കണ്ട വിപ്ലവകാരി. ഹിന്ദുക്കളുടെ രാജാവും മുഹമ്മദീയരുടെ അമീറും ഖിലാഫത് സേനയുടെ കേണലുമെന്ന് ബ്രിട്ടീഷ് ഭരണ കേന്ദ്രങ്ങള്‍ പോലും വിശേഷിപ്പിച്ച ‘സുല്‍ത്താന്‍ കുഞ്ഞഹമ്മദ്’. വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിക്കു വിശേണങ്ങളേറെയാണ്. വാക്കുകള്‍ക്കതീതനായ ഉത്തമ ഭാരത പൗരന്‍. വൈദേശിക ശക്തിയുടെ കാപട്യപൂര്‍ണമായ പ്രവര്‍ത്തനങ്ങളില്‍ ആധുനിക സമൂഹം വിസ്മരിച്ചു തുടങ്ങിയ ധീരനായ കുഞ്ഞഹമ്മദ് ഹാജി സ്വാതന്ത്ര്യ സമര പോരാട്ടങ്ങളുടെ ഭാഗമായി വെടിയേറ്റു മരിച്ചിട്ട് 99 ആണ്ട് തികയുന്നു. പഴയകാല മലബാര്‍ ജില്ലയിലെ വള്ളുവങ്ങാട് താലൂക്ക് വെട്ടിക്കാട്ടിരി അംശത്തിലെ നെല്ലിക്കുത്തിലെ സമ്പന്ന തറവാടായ ചക്കി പറമ്പത്ത് മൊയ്തീന്‍കുട്ടി ഹാജിയുടെയും കുഞ്ഞായിശുമ്മയുടേയും മകനായി 1870ലാണ് കുഞ്ഞഹമ്മദ് ഹാജിയുടെ ജനനം. ബ്രിട്ടീഷ് വേട്ടയാടലുകളെ തുടര്‍ന്ന് ചക്കി പറമ്പത്ത് നിന്നും വാരിയന്‍ കുന്ന് തൊടിയിലേക്ക് താമസം മാറേണ്ടി വന്നതിനെ തുടര്‍ന്ന് വാരിയന്‍ കുന്നന്‍ എന്നായിരുന്നു പില്‍കാലത്ത് ഹാജി അറിയപ്പെട്ടിരുന്നത്. നിരവധി തവണ നാടു കടത്തപ്പെടുകയും അറസ്റ്റു വരിക്കുകയും ചെയ്ത അദ്ദേഹം ബ്രിട്ടീഷ് കമ്പനിക്കു കടുത്ത താക്കീതു നല്‍കി മലബാറില്‍ മഞ്ചേരി കേന്ദ്രീകരിച്ചു സ്വന്തമായൊരു നാട്ടു രാജ്യം തന്നെ രൂപപ്പെടുത്തിയെടുത്തു. സ്വന്തം രാജ്യത്ത് അടിമയായി കഴിയാന്‍ മടിച്ച ഹാജി ദേശീയ പ്രസ്ഥാനത്തിനൊപ്പമാണ് സഞ്ചരിച്ചതെന്നു ചരിത്ര രേഖകള്‍ വ്യക്തമാക്കുന്നു. ആലിമുസ്ല്യാരുമായി ചേര്‍ന്നു രൂപീകരിച്ച ഹാജിയുടെ സ്വന്തം നാട്ടു രാജ്യത്തിനു പടയും പടക്കോപ്പുകളും തദ്ദേശീയമായിത്തന്നെയുണ്ടായിരുന്നു. മഞ്ചേരി നഗരത്തിന്റെ സിംഹ ഭാഗവും ഉള്‍പ്പെട്ട ആ നാട്ടുരാജ്യത്തിലേക്കു വിദേശ ശക്തികള്‍ കടക്കാതിരിക്കാന്‍ നെല്ലിക്കുത്തിലുള്ള കാക്കത്തോടു പാലം ഹാജിയുടെ സംഘം തകര്‍ത്തു. പിന്നീടവിടെ ബ്രിട്ടീഷുകാര്‍ നിര്‍മ്മിച്ച പാലത്തിന്റെ ശകലങ്ങള്‍ ഇന്നും ചരിത്ര ഓര്‍മ്മകളായി അവശേഷിക്കുന്നു… വാരിയം കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയും ആലി മുസ്ല്യാരും ഒരുമിച്ചു യാത്ര ചെയ്തിരുന്ന കടലുണ്ടി പുഴയുടെ കടവും കാര്യമായ കോട്ടങ്ങളില്ലാതെ ഇന്നും നിലനില്‍ക്കുന്നു.
വിഭജിച്ചു ഭരിക്കുക, ജനതയെ തമ്മില്‍ ശത്രിക്കളാക്കുക എന്ന ബ്രിട്ടീഷ് കൊളോണിയല്‍ തന്ത്രത്തിനു വഴങ്ങാതെ സ്വന്തം നാട്ടു രാജ്യത്തില്‍ ഐക്യത്തിന്റെ സന്ദേശം പകര്‍ന്ന ദേശാഭിമാനി ഇന്നിന്റെ രാഷ്ട്രീയ ചിത്രത്തില്‍ അമാനുഷികനാവുന്നു. ഭിന്നതയുടെ ഭരണ തന്ത്രത്തിനു നേതൃത്വം നല്‍കിയ ബ്രിട്ടീഷ് കമ്പനി ഭരണകൂടം ഹാജിയെയും സൈന്യത്തേയും കബളിപ്പിച്ചു കീഴടക്കിയതു ചരിത്രം. മലപ്പുറത്ത് വിനോദ ഉദ്യാനമായി വളരുന്ന കോട്ടക്കുന്നിലെ ചരുവില്‍ വെച്ചായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം. പിടികൂടിയ ബ്രിട്ടീഷ് പട്ടാളത്തിന്റെ കിരാതമായ പീഢനങ്ങള്‍ക്കും മക്കയിലേക്കയക്കാം എന്ന മോഹന വാഗ്ദാനങ്ങള്‍ക്കും വഴിപ്പെടാതെ നിശ്ചയദാര്‍ഡ്യത്തോടെ പടുത്തുയര്‍ത്തിയ സ്വതന്ത്ര മണ്ണില്‍ ഹാജി അലിയുമ്പോള്‍ അവസാനമായി പറഞ്ഞ വാക്കുകളും ശ്രദ്ധേയമാണ്. കണ്ണുകള്‍ കെട്ടാതെ ചങ്ങലകളാല്‍ ബന്ധിക്കാതെ മുന്നില്‍ നിന്നു വെടിവെച്ചു കൊല്ലണമെന്നായിരുന്നു അദ്ദേഹത്തിന്റെ ആവശ്യം. സ്വതന്ത്ര മണ്ണില്‍ മുഖം ചേര്‍ത്തു കോട്ടക്കുന്നിന്റെ ഓരത്ത് വാരിയം കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി ഓര്‍മ്മയായതിനു 99 ആണ്ട്. നൂറ്റാണ്ടിലേക്കടുക്കുന്ന സമരേതിഹാസ ജീവിതത്തിന്റെ ഓര്‍മ്മപ്പെടുത്തലായി ജില്ലാ ആസ്ഥാനത്ത് മലപ്പുറം നഗരസഭയുടെ ഈ ടൗണ്‍ഹാള്‍ മാത്രം.
