മലപ്പുറം-യു.ഡി.എഫിന്റെ കോട്ടയായ മലപ്പുറത്തെ ചില മണ്ഡലങ്ങളില്‍ ഇടതുമുന്നണി അപ്രതീക്ഷിത വെല്ലുവിളികളുയര്‍ത്തിയതോടെ നിയമസഭാ തെരഞ്ഞെടുപ്പിന്റെ പ്രചാരണത്തിന്റെ അന്തിമഘട്ടം ആവേശത്തിന്റേതായി മാറുകയാണ്. ഏതാനും സിറ്റിംഗ് സീറ്റുകളില്‍ യു.ഡി.എഫ് വെല്ലുവിളി നേരിടുന്നതാണ് ജില്ലയിലെ അവസാനത്തെ കാഴ്ച. യു.ഡി.എഫിന് ഭൂരിപക്ഷം സീറ്റുകളിലും വിജയിക്കാനാകുമെങ്കിലും കഴിഞ്ഞ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് സീറ്റുകളുടെ എണ്ണം കുറയുമെന്നാണ് വിലയിരുത്തല്‍.
ജില്ലയില്‍ ആകെയുള്ള 16 സീറ്റുകളില്‍ രണ്ടെണ്ണത്തില്‍ മാത്രമാണ് കഴിഞ്ഞ തവണ ഇടതുപക്ഷം വിജയിച്ചത്. എന്നാല്‍ ഇത്തവണ അഞ്ചുസീറ്റു വരെ നേടാനാകുമെന്ന പ്രതീക്ഷയിലാണ് അവര്‍. ആറു മണ്ഡലങ്ങളിലാണ് കനത്ത പോരാട്ടം നടക്കുന്നത്. യു.ഡി.എഫിന്റെ സീറ്റുകളായ നിലമ്പൂര്‍,മങ്കട,തിരൂര്‍,താനൂര്‍ എന്നിവിടങ്ങളില്‍ ഇടതുപക്ഷം തന്ത്രപരമായ മുന്നേറ്റം നടത്തിയിട്ടുണ്ട്. അതേ സമയം, ഇടതു പക്ഷത്തിന്റെ സിറ്റിംഗ് സീറ്റുകളായ പൊന്നാനിയിലും തവനൂരിലും യു.ഡി.എഫ് ഇത്തവണ വെല്ലുവിളി ഉയര്‍ത്തിയിട്ടുണ്ട്. യു.ഡി.എഫിന് എക്കാലത്തും മികച്ച ഭൂരിപക്ഷം നല്‍കാറുള്ള ഏറനാട്, വണ്ടൂര്‍,മഞ്ചേരി,കൊണ്ടോട്ടി,കോട്ടക്കല്‍,മലപ്പുറം,വള്ളിക്കുന്ന്,വേങ്ങര മണ്ഡലങ്ങളില്‍ അവര്‍ വിജയം ആവര്‍ത്തിക്കുമെന്നാണ് മണ്ഡലങ്ങളില്‍ നിന്നുള്ള സൂചനകള്‍. ഇടതുപക്ഷത്തിന് രാഷ്ട്രീയ വോട്ടുകള്‍ ഏറെയുള്ള പെരിന്തല്‍മണ്ണയില്‍ യു.ഡി.എഫ് സിറ്റിംഗ് സീറ്റ് നിലനിര്‍ത്താന്‍ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കിയിട്ടുണ്ട്. വിദ്യാഭ്യാസമന്ത്രി പി.കെ.അബ്്ദുറബ്ബ് മല്‍സരിക്കുന്ന തിരൂരങ്ങാടിയില്‍ ഇത്തവണ കടുത്ത മല്‍സരമാണ് ഇടതുപക്ഷം കാഴ്ചവെക്കുന്നത്. എന്നാല്‍ യു.ഡി.എഫിന്റെ രാഷ്ട്രീയ വോട്ടുകളെ മറികടക്കാന്‍ ഇവിടെ ഇടതുപക്ഷമുന്നേറ്റത്തിനാകില്ലെന്നാണ് വിലയിരുത്തല്‍.
നിലമ്പൂരിലും താനൂരിലും തിരൂരിലും സ്വതന്ത്രന്‍മാരെ സ്ഥാനാര്‍ഥിയാക്കിയുള്ള ഇടതുതന്ത്രം യു.ഡി.എഫിന് വെല്ലുവിളിയുയര്‍ത്തിയിട്ടുണ്ട്. മന്ത്രി ആര്യാടന്‍ മുഹമ്മദ് തുടര്‍ച്ചയായി വിജയിച്ചുവന്ന നിലമ്പൂരില്‍ ഇത്തവണ മല്‍സരരംഗത്തുള്ള മകന്‍ ആര്യാടന്‍ ഷൗക്കത്തിന് ഇടതുസ്വതന്ത്രന്‍ പ്രമുഖ വ്യവസായിയായ പി.വി.അന്‍വര്‍ ഭീഷണിയായിട്ടുണ്ട്. ഇടത് അനുഭാവവോട്ടുകള്‍ക്കൊപ്പം നിഷ്പക്ഷവോട്ടുകളും അന്‍വര്‍ പിടിക്കുമെന്നാണ് സൂചന. താനൂരിലും തിരൂരിലും ഇടതുമുന്നണിക്ക് വേണ്ടി മല്‍സരരംഗത്തുള്ളത് വ്യവസായികളായ സ്വതന്ത്രന്‍മാരാണ്.മണ്ഡലം പിടിക്കാന്‍ ഊര്‍ജിതമായ പ്രവര്‍ത്തനങ്ങളാണ് ഇവര്‍ നടത്തുന്നത്. തിനൂരില്‍ സിറ്റിംഗ് എം.എല്‍.എ യു.ഡി.എഫിലെ സി.മമ്മൂട്ടിക്കെതിരെ പ്രമുഖ ബില്‍ഡറായ ഗഫൂര്‍ ലില്ലീസും താനൂരില്‍ സിറ്റിംഗ് എം.എല്‍.എ. അബ്്ദുറഹ്്മാന്‍ രണ്ടത്താണിക്കെതിരെ വി.അബ്്ദുറഹ്്മാനുമാണ് രംഗത്തുള്ളത്.
പൊന്നാനിയില്‍ സിറ്റിംഗ് എം.എല്‍.എ.മാരായ ഇടതുപക്ഷത്തെ പി.ശ്രീരാമകൃഷ്ണനും തവനൂരില്‍ കെ.ടി.ജലീലും കടുത്ത മല്‍സരമാണ് നേരിടുന്നത്. മങ്കടയില്‍ സിറ്റിംഗ് എം.എല്‍.എ. ടി.എ.അഹമ്മദ് കബീറിന് കടുത്ത വെല്ലുവിളി ഉയര്‍ത്തിയാണ് സി.പി.എമ്മിന്റെ യുവനേതാവ് ടി.കെ.റഷീദലി പ്രചാരണ രംഗത്ത് മുന്നേറുന്നത്.
സംസ്ഥാന തലത്തില്‍ ഇത്തവണ ഇടതുതംരംഗം വീശിയാല്‍ മലപ്പുറം ജില്ലയില്‍ ഇത്തവണ യു.ഡി.എഫിന്റെ ചില കോട്ടകളെല്ലാം തകര്‍ന്നു വീഴും. 2006 മുസ്്‌ലിം ലീഗിന്റെ പ്രമുഖര്‍ക്ക് അടിതെറ്റിയ അനുഭവം ഇത്തവണയും ആവര്‍ത്തിക്കുമെന്നാണ് സി.പി.എം.നേതാക്കള്‍ ആവര്‍ത്തിച്ച് പറയുന്നത്. എന്നാല്‍ ജില്ലയില്‍ ആധിപത്യമുറപ്പിക്കാന്‍ ഇടതുപക്ഷത്തിന് ഇത്തവണയും കഴിയില്ലെന്നാണ് സൂചന.
