കോഴിക്കോട്: സഹ മെമ്ബര്‍ ജാതി അധിക്ഷേപം നടത്തിയെന്ന് പരാതി നല്‍കിയെങ്കിലും നടപടി എടുക്കാത്തതില്‍ പ്രതിഷേധിച്ച് കൂടരഞ്ഞി പഞ്ചായത്തിലെ സി.പി.എം അംഗം കെ.എസ്. അരുണ്‍കുമാര്‍ രാജിവെച്ചു.
വിഷയത്തില്‍ പഞ്ചായത്ത് സെക്രട്ടറിക്കും പാര്‍ട്ടിക്കും പരാതി നല്‍കിയെങ്കിലും നടപടിയുണ്ടാകാഞ്ഞതില്‍ മനംനൊന്താണ് രാജിയെന്ന് അരുണ്‍കുമാര്‍ ചൂണ്ടിക്കാട്ടി. കഴിഞ്ഞമാസം 27ന് നടത്തിയ ഭരണസമിതി യോഗത്തില്‍ ഒരംഗം തന്നെ ജാതിപരമായി അധിക്ഷേപിച്ചെന്നാണ് അരുണ്കുമാറിെന്റ പരാതി.
പാര്‍ട്ടിക്കും പഞ്ചായത്ത് സെക്രട്ടറിക്കും പരാതി നല്‍കിയെങ്കിലും നടപടിയെടുക്കാത്തതില്‍ പ്രതിഷേധിച്ച് തിങ്കളാഴ്ച വായ്മൂടി കെട്ടി ബാനറും പിടിച്ചാണ് അരുണ്‍കുമാര്‍ ഭരണസമിതി യോഗത്തിനെത്തിയത്. തുടര്‍ന്ന് രാജി സമര്‍പ്പിക്കുകയായിരുന്നു. തെന്റ പ്രവൃത്തിയില്‍ വോട്ടര്‍മാര്‍ ക്ഷമിക്കണമെന്നഭ്യര്‍ഥിച്ച് അരുണ്‍കുമാര്‍ ഫേസ്ബുകില്‍ പോസ്റ്റും ഇട്ടു.
‘വോട്ടര്‍മാര്‍ ക്ഷമിക്കണം. മാനസികമായി ഉള്‍ക്കൊണ്ട് പോകാന്‍ കഴിയാത്തത് കൊണ്ടാണ്. സഹ മെമ്ബര്‍ ജാതി പരമായി അധിക്ഷേപിച്ചതിെന്റയും സ്വന്തം പാര്‍ട്ടിയുടെ നേതാവ് മേല്‍വിഷയത്തില്‍ തള്ളി പറഞ്ഞതിെന്റയും ഭാഗമായി ഞാന്‍ മെമ്ബര്‍ സ്ഥാനത്തു നിന്നും രാജി വെക്കുകയാണ് എന്ന് അറിയിച്ചു ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്ക് കത്ത് നല്‍കി. മാനസികമായി ഉള്‍ക്കൊണ്ട് പോകാന്‍ കഴിയാത്തതു കൊണ്ടാണ്. ദയവു ചെയ്തു ക്ഷമിക്കണം’- എന്നാണ് പോസ്റ്റ്. ‘ഈ ലോകത്ത് ഞാന്‍ ജനിക്കാന്‍ പോലും പാടില്ലായിരുന്നു’ എന്ന് പറഞ്ഞാണ് പോസ്റ്റ് അവസാനിക്കുന്നത്.
