പാലാരിവട്ടം പാലം അഴിമതിക്കേസില്‍ മുന്‍ മന്ത്രി വി കെ ഇബ്രാഹിംകുഞ്ഞിനെ പ്രോസിക്യൂട്ട് ചെയ്യാനായി ഗവര്‍ണര്‍ അനുമതി നല്‍കി. മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നുമാണ് ഇബ്രാഹിം കുഞ്ഞിനെ പ്രോസിക്യൂട്ട് ചെയ്യുന്നതിനെ കുറിച്ചുള്ള അറിയിപ്പുകള്‍ കിട്ടിയത്. പ്രോസിക്യൂട്ട് ചെയ്യാനായി ഗവര്‍ണറുടെ അനുമതി കിട്ടാത്തതിനെത്തുടര്‍ന്നായിരുന്നു മൂന്ന് മാസമായിട്ടും ഇബ്രാഹിം കുഞ്ഞിനെതിരായി നിയമനടപടികള്‍ എടുക്കാന്‍ കഴിയാതിരുന്നത്.
പാലാരിവട്ടം മേല്‍പ്പാലം നിര്‍മാണത്തില്‍ ചട്ടം ലഘിച്ച് കരാര്‍ കമ്ബനി്ക്ക് മുന്‍കൂറായി 8.25 കോടിരൂപ അനുവദിച്ചതിലെ ഗൂഡാലോചനയില്‍ മുന്‍മന്ത്രിക്ക് പങ്കുണ്ടെന്ന് വിജിലന്‍സ് നേരത്തെ കണ്ടെത്തിയിരുന്നു. അറസ്റ്റിലായ ടി.ഒ സൂരജ് നല്‍കിയ മൊഴികളിലും, റോഡ്‌സ് ആന്‍റ് ബ്രിഡ്ജസ് കോര്‍പ്പേറേഷന്‍ ഓഫീസിലെ റെയ്ഡില്‍ നിന്ന് ലഭിച്ച രേഖകളിലും ഇബ്രാഹിം കുഞ്ഞിന്‍റെ പങ്കിനെക്കുറിച്ചുള്ള വിവരങ്ങളുണ്ട്. ഇക്കാര്യങ്ങള്‍ അന്വേഷണ സംഘം ഹൈക്കോടതിയെ അറിയിച്ചിട്ടുണ്ടായിരുന്നു.
