തിരൂര്‍: ഡല്‍ഹി സംഘര്‍ഷം ആളിക്കത്തുന്നതിനിടെ വര്‍ഗീയ വിദ്വേഷമുണ്ടാക്കുന്ന രീതിയില്‍ കമന്റ് ചെയ്ത പൊലീസുകാരനെ സ്ഥലം മാറ്റി. തിരൂര്‍ പൊലീസ് സ്‌റ്റേഷനിലെ സിവില്‍ പൊലീസുകാരനായ രജീഷ് കൊളപ്പുറത്തിനെയാണ് താല്‍ക്കാലിക നടപടിയെന്നോണം മലപ്പുറം എ.ആര്‍ ക്യാമ്പിലേക്ക് ജില്ല പൊലീസ് മേധാവി യു. അബ്ദുല്‍ കരീം സ്ഥലം മാറ്റി ഉത്തരവിറക്കിയത്. സംഭവത്തെ കുറിച്ച് വിശദ അന്വേഷണത്തിന് ഉത്തരവിട്ടതോടൊപ്പം തിരൂര്‍ ഡി.വൈ.എസ്.പി കെ.എ സുരേഷ് ബാബുവിന്റെ മേല്‍നോട്ടത്തില്‍ തിരൂര്‍ സി.ഐ ടി.പി ഫര്‍ഷാദ് വിഷയത്തില്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും ഉത്തരവ് നല്‍കിയിട്ടുണ്ട്. റിപ്പോര്‍ട്ട് അടിസ്ഥാനത്തിലാവും രജീഷിനെതിരായ തുടര്‍ നടപടി. ഡല്‍ഹി അക്രമത്തിന്റെ അടിസ്ഥാനത്തിലുള്ള സ്വകാര്യ ന്യൂസ് ചാനലിന്റെ എഫ്.ബി വാര്‍ത്തക്കടിയിലാണ് എ.ആര്‍ നഗര്‍ കൊളപ്പുറം സ്വദേശിയായ രജീഷ് വിവാദ കമന്റിട്ടത്. ഇതിനെതിരെ യൂത്ത് ലീഗും സി.പി.എമ്മും പരാതി നല്‍കിയിരുന്നു. രജീഷിന്റെ കമന്റുകള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയും വിമര്‍ശനത്തിനിടയാക്കുകയും ചെയ്തിരുന്നു. വിവാദ കമന്റിന്റെ അടിസ്ഥാനത്തില്‍ 48 മണിക്കൂറിനകം രജീഷിനോട് വിശദീകരണം നല്‍കണമെന്ന് സി.ഐ ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍, വിവാദത്തിനു പിന്നാലെ രജീഷ് അവധിയിലാണ്.
