ദില്ലി: രാജ്യത്ത് പൗരത്വ വിഷയം ചര്‍ച്ചയായിരിക്കെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പൗരത്വ രേഖ ചോദിച്ച് വിവരാവകാശ നിയമപ്രകാരം അപേക്ഷ. മോദിയുടെ പൗരത്വ രേഖ കാണിക്കണമെന്നാണ് സുബന്‍കര്‍ സര്‍ക്കാര്‍ എന്ന വ്യക്തി അപേക്ഷ നല്‍കിയത്. ജന്മനാല് ഇന്ത്യന്‍ പൗരനായതു കൊണ്ട്, പ്രധാനമന്ത്രിക്ക് പൗരത്വരേഖയുണ്ടോ എന്ന ചോദ്യം ഉദിക്കുന്നില്ലെന്നാണ് പ്രധാനമന്ത്രിയുടെ ഓഫീസ് ഇതിന് മറുപടി നല്‍കിയത്.
1955ലെ പൗരത്വ നിയമത്തിലെ സെക്ഷന്‍ മൂന്ന് പ്രകാരം പ്രധാനമന്ത്രി നരേന്ദ്ര മോദി ജന്മനാല് തന്നെ ഇന്ത്യന്‍ പൗരനാണ്. അതുകൊണ്ടുതന്നെ ചോദ്യത്തിന് പ്രസക്തിയില്ല എന്നാണ് വിവരാവകാശ അപേക്ഷയ്ക്ക് ലഭിച്ച മറുപടി. സിയാസത്ത് പത്രമാണ് മോദിയുടെ പൗരത്വ രേഖ ചോദിച്ച് അപേക്ഷ സമര്‍പ്പിച്ച വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. പ്രധാനമന്ത്രിയുടെ ഓഫീസ് നല്കിയ മറുപടി അവ്യക്തമാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
വിവരാവകാശ നിയമ പ്രകാരമുള്ള അപേക്ഷയുടെയും മറുപടിയുടെയും പകര്‍പ്പ് പ്രമുഖ മാധ്യമപ്രവര്‍ത്തക സീമി പാഷ ട്വീറ്റ് ചെയ്തിട്ടുണ്ട്. സിഎഎയും എന്‍ആര്‍സിയും രാജ്യം മൊത്തം ചര്‍ച്ചയാകുകയും പ്രതിഷേധം ശക്തിപ്പെടുകയും ചെയ്തിരിക്കെയാണ് സുബന്‍കര്‍ സര്‍ക്കാരിന്റെ അപേക്ഷയും പ്രധാനമന്ത്രിയുടെ ഓഫീസ് നല്കിയ മറുപടിയും ദേശീയതലത്തില്‍ വാര്‍ത്തയായത്.
