കോവിഡ് പ്രതിരോധത്തില്‍ നമ്മള്‍ ഓരോരുത്തരും ജാഗരൂകരായി എല്ലാ പരിഗണനകളും മാറ്റിവെച്ച് ഒന്നിച്ച് നില്‍ക്കണമെന്നും അശ്രദ്ധ ഒട്ടും ഉണ്ടാകരുതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.
റോഡിലെ തിരക്ക് നിയന്ത്രിക്കാന്‍ സ്വയം നിയന്ത്രണം തന്നെയാണ് ആദ്യം വേണ്ടതെന്ന് അദ്ദേഹം പറഞ്ഞു. മുന്നില്‍ നില്‍ക്കുന്ന അപകടത്തിന്റെ രൂക്ഷത മനസ്സിലാക്കി ഓരോരുത്തരും അനാവശ്യമായ പുറത്തിറങ്ങല്‍ ഒഴിവാക്കണം. ജാഗ്രതക്കുറവും മറച്ചുവെയ്ക്കലുമാണ് നമുക്കു മുന്നിലെ വലിയ അപകടകാരി എന്ന് മനസ്സിലാക്കണം. നാം തൃപ്തികരമായി മുന്നോട്ടുപോകുമ്ബോള്‍ ചെറിയ പാളിച്ചപോലും വലിയ വീഴ്ചയായി മാറാം. പൊലീസോ സര്‍ക്കാര്‍ സംവിധാനങ്ങളോ ആരോഗ്യവകുപ്പോ മാത്രം ശ്രദ്ധിച്ചാല്‍ അത് ഒഴിവാക്കാനാവില്ലെന്നും എല്ലാവരും ഓര്‍ക്കണം. ഏപ്രില്‍ ഒന്നിന് തെറ്റായ സന്ദേശം പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടിയുണ്ടാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. പലരും മറ്റുള്ളവരെ കളിയാക്കാനും തമാശയായി പറ്റിക്കാനും ഈ ദിവസം നോക്കാറുണ്ട്. ഇത്തരത്തിലുള്ള സന്ദേശങ്ങള്‍ പ്രചരിപ്പിക്കരുത്.
കോവിഡ് പ്രതിരോധ രംഗത്തുള്ള പൊലീസ് ഉദ്യോഗസ്ഥരുടെ ആരോഗ്യസംരക്ഷണത്തിനും മെഡിക്കല്‍ സേവനം ലഭ്യമാക്കാനും മൊബൈല്‍ ആപ്പ് ആരംഭിച്ചിട്ടുണ്ട്. ഓണ്‍ലൈന്‍ കൗണ്‍സിലിങ് വ്യാപകമാക്കി. സാമൂഹ്യനീതിവകുപ്പിലെ കണ്‍സിലര്‍മാരും മനഃശാസ്ത്ര വിദഗ്ധരുമടങ്ങുന്ന ഹെല്‍പ്പ്ഡെസ്‌ക്ക് രൂപീകരിച്ചിട്ടുണ്ട്. വീട്ടില്‍ കൂടുതലായി കഴിയുമ്ബോള്‍ കുടുംബാംഗങ്ങള്‍ തമ്മില്‍ ആരോഗ്യകരമായും ജനാധിപത്യപരമായും ബന്ധം സുദൃഡമാക്കാന്‍ ശ്രമിക്കണം. മുതിര്‍ന്നവര്‍ ഇക്കാര്യത്തില്‍ ശ്രദ്ധിക്കണം. വീടുകളിലെ ജോലികളില്‍ പുരുഷന്‍മാര്‍ സ്ത്രീകളെ സഹായിക്കുന്ന നിലവേണം. ഗാര്‍ഹികാതിക്രമങ്ങള്‍ ഉണ്ടാകാതിരിക്കാനും ശ്രദ്ധവേണം. മദ്യാസക്തിയുള്ളവര്‍ അതുകുറയ്ക്കാന്‍ വിമുക്തി കേന്ദ്രവുമായി ബന്ധപ്പെടാന്‍ ശ്രമിച്ച് മദ്യപാനശീലം ഒഴിവാക്കാന്‍ ഈ അവസരം വിനിയോഗിക്കണം.
