കടമെടുപ്പ്‌ പരിധി ഉയര്‍ത്തണം: എളമരം കരീം

സംസ്ഥാനങ്ങളുടെ കടമെടുപ്പിനുള്ള പരിധി മൊത്തം ആഭ്യന്തര വരുമാനത്തിന്റെ(എസ്ജിഡിപി) മൂന്ന് ശതമാനം എന്നതില്‍നിന്ന് ഉയര്‍ത്തണമെന്ന് എളമരം കരീം എംപി ആവശ്യപ്പെട്ടു. സംസ്ഥാനവുമായി ചര്‍ച്ച ചെയ്ത് പരിധി നിശ്ചയിക്കണം. പ്രധാനമന്ത്രി വിളിച്ച യോഗത്തില്‍ സിപിഐ എമ്മിനെ പ്രതിനിധാനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജിഎസ്ടി നഷ്ടപരിഹാര ഇനത്തില്‍ കേരളത്തിനു ലഭിക്കാനുള്ള 3,000 കോടി ഉടന്‍ നല്കണം. റവന്യു കമ്മി ഗ്രാന്റായി 2020–-21 വര്‍ഷത്തേക്ക് കേന്ദ്രധനകാര്യ കമീഷന്‍ കേരളത്തിനു നല്‍കാന്‍ ശുപാര്‍ശ ചെയ്ത 15,323 കോടിയുടെ 50 ശതമാനം ഉടന്‍ അനുവദിക്കണം. തദ്ദേശസ്ഥാപനങ്ങള്‍ക്ക് ധനക്കമീഷന്‍ ശുപാര്‍ശ ചെയ്ത 2,412 കോടി നേരത്തെ കൈമാറണം. സംസ്ഥാന ദുരന്തനിവാരണ ഫണ്ട് വിനിയോഗിക്കാനുള്ള മാനദണ്ഡത്തില് ഇളവ് നല്കണം. രാജ്യത്താകെയുള്ള ദുരിതാശ്വാസക്യാമ്ബുകളില്‍ 68.8 ശതമാനവും കേരളത്തിലാണെന്ന് കേന്ദ്രം സുപ്രീംകോടതിയില്‍ സത്യവാങ്മൂലം നല്‍കിയിട്ടുണ്ട്. അതിനാല് കേരളത്തിനുള്ള ധനസഹായം ഉയര്‍ത്തണം.

കോവിഡ് ബാധ ഒഴികെയുള്ള കാരണത്താല് മരിക്കുന്ന പ്രവാസികളുടെ ശരീരം നാട്ടിലെത്തിക്കാനുള്ള നടപടി സുഗമമാക്കണം. പ്രധാനമന്ത്രി ഇക്കാര്യത്തില്‍ നേരിട്ട് ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *