പ്രവാസികള്‍ ഉള്‍പ്പെടെ 15,000ത്തിലധികം പേര്‍ക്ക് കൊറോണ പരിശോധനകള്‍ പൂര്‍ത്തിയാക്കിയതായി ഒമാന്‍ ആരോഗ്യമന്ത്രാലയം അറിയിച്ചു. രോഗബാധിതരില്‍ കൂടുതലും വിദേശികളാണ്. സ്വദേശികളും വിദേശികളുമടക്കം പതിനയ്യായിരത്തിലധികം പേര്‍ക്ക് കൊറോണ പരിശോധന പൂര്‍ത്തീകരിച്ചതായി ഒമാന്‍ ആരോഗ്യ മന്ത്രാലയ അണ്ടര്‍ സെക്രട്ടറി ഡോക്ടര്‍ മുഹമ്മദ് ബിന്‍ സൈദ് അല്‍ ഹോസിനി അറിയിച്ചു.
മത്രാ വിലായത്തിലെ ആറു കേന്ദ്രങ്ങളിലായിട്ടാണ് പരിശോധനകള്‍ പുരോഗമിക്കുന്നത്. വൈറസ് പരിശോധന കേന്ദ്രങ്ങളില്‍ പനി, ചുമ, ജലദോഷം, തൊണ്ട വേദന ,ശ്വസിക്കുവാനുള്ള ബുദ്ധിമുട്ട് എന്നീ രോഗലക്ഷണങ്ങള്‍ ഉള്ളവര്‍ മാത്രം എത്തിയാല്‍ മതിയെന്ന് മന്ത്രാലയം അറിയിച്ചിട്ടുണ്ട്. മസ്‌കറ്റ് ഗവര്‍ണറേറ്റില്‍ സ്വദേശികളെക്കാളും വിദേശികള്‍ക്കാണ് കൊറോണ കൂടുതലായും സ്ഥിരീകരിച്ചിട്ടുള്ളതെന്നും ഡോ. മുഹമ്മദ് ബിന്‍ സൈദ് അല്‍ ഹോസിനി പറഞ്ഞു.
ഒമാനില്‍ ഇന്ന് 97 പേര്‍ക്ക് കൂടി കൊറോണ സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ രാജ്യത്ത് വൈറസ് ബാധിച്ചവരുടെ എണ്ണം 910 ലെത്തിയെന്നും ഇതില്‍ 130 പേര്‍ രോഗ വിമുക്തരായതായും ഒമാന്‍ ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.
