തിരുവനന്തപുരം: സ്പ്രിംഗ്ളര്‍ വിവാദത്തില്‍ ഗുരുതര ആരോപണമുയര്‍ത്തി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കേരളം കണ്ട ഏറ്റവും വലിയ വിവര തട്ടിപ്പാണ് സ്പ്രിംഗ്ളര്‍ ഇടപാടെന്ന് ചെന്നിത്തല ആരോപിച്ചു. സ്പ്രിംഗ്ളര്‍ കമ്ബനിയുടെ ഏജന്റും വക്താവുമായി ഐടി സെക്രട്ടറി എം. ശിവശങ്കരന് പ്രവര്‍ത്തിക്കുകയാണ്.
ഇദ്ദേഹത്തെ മാറ്റി നിര്‍ത്തി മുഖ്യമന്ത്രി അന്വേഷണം പ്രഖ്യാപിക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. 87 ലക്ഷം റേഷന്‍ കാര്‍ഡ് ഉടമകളുടെ വിവരം കമ്ബനി ശേഖരിച്ചുകഴിഞ്ഞു. അമേരിക്കയില്‍ 350 കോടിരൂപയുടെ ഡേറ്റ തട്ടിപ്പുകേസില്‍പ്പെട്ട കമ്ബനിയാണ് സ്പ്രിംഗ്ളറെന്നും ചെന്നിത്തല ആരോപിച്ചു. ഐടി വകുപ്പ് പുറത്തുവിട്ടിരിക്കുന്ന കരാര്‍ തട്ടിക്കൂട്ട് കരാറാണ്. കരാറിന് നിയമസാധുതയില്ല. കരാര്‍ സംബന്ധിച്ച് നിയമവകുപ്പോ ആരോഗ്യവകുപ്പോ അറിഞ്ഞിട്ടില്ല. സംസ്ഥാനത്തെ ജനങ്ങളെ കബിളിപ്പിക്കാനുള്ള ശ്രമമാണ് സര്‍ക്കാര്‍ നടത്തുന്നത്.
കമ്ബനി അയച്ചുനല്‍കിയ അവരുടെ വിവരങ്ങള്‍ മാത്രമാണ് കരാറെന്ന പേരില്‍ ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്നത്. ഇടപാടില്‍ മുഖ്യമന്ത്രിയുടെ പങ്ക് എന്താണ്? മുഖ്യമന്ത്രിയുടെ അറിവും സമ്മതവും ഇല്ലാതെ കരാര്‍ ഒപ്പിടുമോയെന്നും ചെന്നിത്തല ചോദിച്ചു.
സൗജന്യ സേവനമെന്ന മുഖ്യമന്ത്രിയുടെ വാദം തെറ്റാണ്. കോവിഡിന് ശേഷം ഫീസ് നല്‍കാമെന്ന് കരാറിലുണ്ടെന്നും ചെന്നിത്തല ചൂണ്ടിക്കാട്ടി.
