കൊച്ചി: സ്പ്രിങ്ക്ളറില്‍ സര്‍ക്കാര്‍ നിലപാട് അപകടകരമാണെന്ന് ഹൈക്കോടതി. സ്പ്രിങ്ക്ളര്‍ കരാറില്‍ സ്വകാര്യത പ്രധാനമാണ്. സ്പ്രിങ്ക്ളറിനെ തെരഞ്ഞെടുത്തത് എങ്ങനെയെന്ന് രേഖകളില്‍ വ്യക്തമല്ല. ഇക്കാര്യത്തില്‍ ആരെയും ഷോര്‍ട്ട് ലിസ്റ്റ് ചെയ്തിട്ടില്ല. സ്പ്രിങ്ക്ളറിനെ എങ്ങനെ തെരഞ്ഞെടുത്തു എന്നാണ് അറിയേണ്ടത്. കാര്യങ്ങള്‍ മൂടിവച്ച് പറയരുതെന്നും കോടതി നിരീക്ഷിച്ചു.
രോഗത്തേക്കാള്‍ മോശമായ രോഗപരിഹാരം നിര്ദേശിക്കരുത്. ഡേറ്റാ വ്യാധി ഉണ്ടാക്കരുതെന്ന് കോടതി ആവര്‍ത്തിച്ചു. അതേസമയം പകര്‍ച്ചവ്യാധി ഓര്‍ഡിനന്‍സ് പ്രകാരം വിവരശേഖരണമാകാമെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. അഞ്ചു ലക്ഷം പേരുടെ വിവരങ്ങള്‍ ശേഖരിച്ചുവെന്നും സര്‍ക്കാര്‍ അറിയിച്ചു.
സ്പ്രിങ്ക്ളറിന്റെ പ്രൈവസി പോളിസി എന്താണെന്ന് സര്‍ക്കാര്‍ ഇത് വരെ വ്യക്തമാക്കിയിട്ടില്ലെന്ന് ഹര്‍ജിക്കാരും കോടതിയെ അറിയിച്ചു. സര്‍ക്കാര്‍ വിശദീകരണം അവക്ത്യമാണ്. അനുമതിയില്ലാതെയാണ് വിവരം ശേഖരിച്ചത്. കേന്ദ്ര ഏജന്‍സികള്‍ക്കല്ലാതെ വിവരവിശകലന കരാര്‍ കൈമാറിയത് അവ്യക്തമാണെന്നും ചെന്നിത്തല പറഞ്ഞു. കരാര്‍ ഒപ്പിട്ടത് ഡേറ്റ കൈമാറിയതിനുശേഷമാണെന്നും ചെന്നിത്തല കോടതിയെ ധരിപ്പിച്ചു.
