എന്റെ ഹോട്ടല്‍ നഗസരസഭക്ക് തലവേദന

മലപ്പുറം: മലപ്പുറം നഗരസഭ മുന്‍ ഭരണസമിതി അഭിമാനകരമായി നടപ്പാക്കിയ എന്റെ ഹോട്ടല്‍ പദ്ധതി പുതിയ ഭരണസമിതിക്ക് തലവേദനയാവുന്നു. ഹോട്ടലിന്റെ പണി തുടങ്ങുന്നതിന് മുമ്പ് തന്നെ പദ്ധതിക്കായി അടുക്കള സാധനങ്ങള്‍ ഇറക്കിയതാണ് പദ്ധതിയെ പ്രതിസന്ധിയിലാക്കിയത്. കഴിഞ്ഞ ഭരണ സമിതി അഞ്ചു ലക്ഷം രൂപക്കാണ് അടുക്കള സാധനങ്ങള്‍ ഇറക്കാന്‍ ശബരി കിച്ചന്‍ സര്‍വീസിന് കരാര്‍ നല്കിയത്. ഇതു പ്രകാരം ഹോട്ടലിലേക്ക് ആവശ്യമുള്ള മുഴുവന്‍ അടുക്കള സാധനങ്ങളും ഇവര്‍ നല്കുകയും ചെയ്തു. എന്നാല്‍ ഇതിനിടെ ഭരണ സമിതിയുടെ കാലാവധി അവസാനിച്ചതിനാല്‍ ഇവര്‍ക്ക് തുക നല്കാനും സാധിച്ചില്ല. സാധനങ്ങള്‍ ഇറക്കിയിട്ട് ഒരുവര്‍ഷം കഴിഞ്ഞതിനാല്‍ ഇതില്‍ പലതും തുരുമ്പെടുത്തും പ്രവര്‍ത്തനക്ഷമമല്ലാതെയും ആയിട്ടുണ്ട്. നഗരസഭ പദ്ധതിയല്ലാത്തതിനാല്‍ ഇതിന് പണം നല്കാന്‍ സര്‍ക്കാറിന്റെ പ്രത്യേക ഉത്തരവ് വേണമെന്ന് പുതിയ സെക്രട്ടറി കൗണ്‍സിലില്‍ കുറിപ്പ് നല്കിയതോടെയാണ് ഇവര്‍ക്ക് പണം നല്കുന്ന കാര്യത്തില്‍ നഗരസഭ പുതിയ ഭരണസമിതി പ്രതിസന്ധിയിലായത്. ഇറക്കിയ സാധനങ്ങളെല്ലാം ഹോട്ടലിന് കണ്ടെത്തിയ സ്ഥലത്ത് ഇറക്കുകയാണെങ്കില്‍ ഹോട്ടലിലെത്തുന്നവര്‍ക്ക് ഇവിടെ നിന്നു തിരിയാനുള്ള സ്ഥലംകൂടി ഇല്ലാതാവും. 10 രൂപയ്ക്ക് ഊണും പ്രാതലും ഈ ഹോട്ടല്‍ വഴി നല്കുമെന്നാണ് മുന്‍ ഭരണസമിതി പ്രഖ്യാപിച്ചത്. നിലവില്‍ ഹോട്ടല്‍ നടത്തിയിരുന്ന കുടുംബ ശ്രീ യൂണിറ്റിനെ ഒഴിവാക്കിയാണ് ഇത്തരത്തില്‍ പദ്ധതി അന്നത്തെ ചെയര്‍മാന്‍ പ്രഖ്യാപിച്ചിരുന്നത്. നിലവില്‍ നല്ല രീതിയില്‍ നാടന്‍ഭക്ഷണം നല്കി കുടുംബശ്രീ പ്രവര്‍ത്തിച്ചിരുന്നു. പുതിയ പദ്ധതി പ്രകാരം ഇവര്‍ക്കും റോളില്ലാത്ത അവസ്ഥയായി. ശബരി കിച്ചന്‍ സര്‍വീസിന് പണം നല്കുന്ന കാര്യം കഴിഞ്ഞ ദിവസം നടന്ന കൗണ്‍സില്‍ യോഗത്തില്‍ ബഹളത്തിനിടയാക്കിയിരുന്നു. ഇതേ തുടര്‍ന്ന് അന്വേഷണത്തിനായി കമ്മിറ്റി രൂപീകരിക്കുമെന്നും ചെയര്‍പേഴ്‌സണ്‍ അറിയിച്ചെങ്കിലും ആ തീരുമാനവും ഇതുവരെ നടപ്പായില്ല. പദ്ധതി നടപ്പായാലും സ്വകാര്യ ബസ്റ്റാന്റില്‍ എത്തുന്ന ബസ് ജീവനക്കാര്‍ക്ക് മാത്രമായിരിക്കും ഇതിന്റെ പ്രയോജനം ലഭിക്കുക എന്നതിനാല്‍ നടപ്പിലാക്കണമോയെന്ന കാര്യത്തില്‍ ഭരണപക്ഷത്തില്‍ തന്നെ ചില എതിര്‍പ്പുകളും ഉയര്‍ന്നിട്ടുണ്ട്. അതേ സമയം നേരത്തെ ഹോട്ടല്‍ നടത്തിയിരുന്ന കുടുംബശ്രീ യൂണിറ്റിനെ തന്നെ സ്ഥലത്ത് വീണ്ടും ഹോട്ടല്‍ നടത്താന്‍ അനുവദിക്കും എന്ന കാര്യത്തിലും തീരുമാനമാവാന്‍ സാധ്യതയുണ്ട്. പ്രശ്‌നം കൂടുതല്‍ വഷളാവുന്നതിന് മുമ്പ് ഏതെങ്കിലും വിധത്തില്‍ തീര്‍പ്പു കല്പിക്കാനാണ് സാധ്യത.
ഇതോടൊപ്പം മുന്‍ ഭരണസമിതി കൊണ്ടുവന്ന അക്ഷയപാത്രം, വൈ ഫൈ, ഫുഡ് ഓണ്‍ വാള്‍ പദ്ധതികളും നിലച്ചമട്ടിലാണ്. ഇതെല്ലാം പുതിയ ഭരണസമിതിക്ക് തലവേദനക്കിടയാക്കുന്നുണ്ട്. കുന്നുമ്മലിലും കോട്ടപ്പടിയിലും സ്ഥാപിച്ച പാവപ്പെട്ടവര്‍ക്കു ഭക്ഷണം നല്കുന്ന അക്ഷയപാത്രം പദ്ധതി പരാജയമായതിനെ തുടര്‍ന്ന് ഫ്രീസറുകള്‍ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റാന്‍ തീരുമാനിച്ചിരുന്നെങ്കിലും ഭരണപക്ഷത്തെ ചില കൗണ്‍സിലര്‍മാരുടെ എതിര്‍പ്പിനെ തുടര്‍ന്ന് നടപ്പായിട്ടില്ല. ഈയിനത്തിലും മാസം 50000 രൂപയാണ് നഗരസഭ തനത് ഫണ്ടില്‍ നിന്നും നഷ്ടപ്പെടുത്തുന്നത്. ജീവനക്കാരുടെ കുറവു മൂലം ശുചീകരണ പ്രവര്‍ത്തനം താറുമാറാവുന്ന നഗരസഭയില്‍ ഈ വിഭാഗത്തില്‍ നിന്ന് നാലു ജീവനക്കാരെയാണ് അക്ഷയപാത്രം പദ്ധതിയുടെ നടത്തിപ്പിനായി നിയോഗിച്ചിട്ടുള്ളത്. ഇതും ഏറെ വിവാദമായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *