തിരുവനന്തപുരം: ക്രമസമാധാന ചുമതലയുള്ള ഡി.ജി.പി സ്ഥാനത്ത് നിന്ന് ടി.പി സെന്‍കുമാറിനെ നീക്കിയതിന് പിന്നില്‍ ഐ.എ.എസ് തലപ്പത്തെ ചേരിപ്പോരും കാരണമായതായി സൂചന. പി.കെ മൊഹന്തി വിരമിക്കുന്ന ഒഴിവില്‍ പുതിയ ചീഫ് സെക്രട്ടറിയെ നിയമിക്കുന്നതിന് യു.ഡി.എഫ് സര്‍ക്കാര്‍ അഭിപ്രായം ആരാഞ്ഞപ്പോള്‍ എസ്.എം വിജയാനന്ദിന്റെ പേരാണ് സെന്‍കുമാര്‍ ശുപാര്‍ശ ചെയ്തത്. അന്ന് ആഭ്യന്തര സെക്രട്ടറി നളിനി നെറ്റോയെ ചീഫ് സെക്രട്ടറിയാക്കുന്നതിനോട് സര്‍ക്കാരിനും അനുകൂല നിലപാടായിരുന്നു. എന്നാല്‍ സെന്‍കുമാറിന്റെ അഭിപ്രായത്തിനൊപ്പം മറ്റ് ചില വിഷയങ്ങളും പരിഗണിച്ചാണ് കേന്ദ്ര ഡെപ്യൂട്ടേഷന്‍ കഴിഞ്ഞ് തിരിച്ചെത്തിയ വിജയാനന്ദിനെ ചീഫ് സെക്രട്ടറിയായി നിയമിച്ചത്.
2017 ഏപ്രില്‍ വരെ വിജയാനന്ദിന് സര്‍വീസ് ശേഷിക്കുന്നുണ്ട്. നളിനി നെറ്റോ 2017 ഒക്‌ടോബറിലാണ് വിരമിക്കുക. വിജയാനന്ദിന്റെ നിയമനത്തോടെ നളിനി നെറ്റോയ്ക്ക് ചീഫ് സെക്രട്ടറി പദവി ലഭിക്കുന്നതിന് തടസ്സമോ അത് വൈകിക്കുന്നതിനോ ഒരു കാരണമായി സെന്‍കുമാറിന്റെ നിലപാടും. ഇത് ഐ.എ.എസ് തലത്തിലെ ചേരിപ്പോരിനും ഇടയാക്കി. സെന്‍കുമാറിന് ഇതും വിനയായി.
പുറ്റിംഗല്‍ വെടിക്കെട്ട് ദുരന്തവും ജിഷ വധക്കേസും ഉന്നയിച്ച് ഡി.ജി.പിക്കെതിരെ ആഭ്യന്തര സെക്രട്ടറി നളിനി നെറ്റോയും നിലപാടെടുത്തിരുന്നു. സെന്‍കുമാറിനെ നീക്കുന്നതില്‍ ഇതും ഒരു കാരണമായതായാണ് സൂചന.
