മലപ്പുറം: ദുര്‍ബലപ്പെട്ട ജനകീയാസൂത്രണ പദ്ധതി പുനര്‍ജിവിപ്പിച്ച് രണ്ടാം ജനകീയാസൂത്രണത്തിന് തുടക്കമിടലാണ് തന്റെ പ്രഥമ ലക്ഷ്യമെന്ന് തദ്ദേശ സ്വയംഭരണ മന്ത്രി പറഞ്ഞു. ഇടതു സര്‍ക്കാര്‍ നടപ്പിലാക്കിയ വികേന്ദ്രീകൃത ആസൂത്രണപദ്ധതിയായ ജനകീയാസൂത്രണം പിന്നീട് വന്ന യുഡിഎഫ് സര്‍ക്കാറുകള്‍ ദുര്‍ബലപ്പെടുത്തുകയായിരുന്നു. ഈ പദ്ധതി ഫലപ്രദമായി നടപ്പാക്കല്‍ തദ്ദേശ സ്ഥാപനങ്ങളുടെ സമഗ്രവികസനകത്തിന് അനിവാര്യമാണെന്നും ജലീല്‍ പറഞ്ഞു. മലപ്പുറം പ്രസ്‌ക്ലബ് സംഘടിപ്പിച്ച മീറ്റ ദ പ്രസ് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. തദ്ദേശ സ്ഥാപനങ്ങളെ അഴിമതി മുക്തമാക്കണം. ജനങ്ങള്‍ക്ക് സമയബന്ധിതമായി സേവനങ്ങള്‍ നല്‍കുന്ന ഇടങ്ങളാകണം തദ്ദേശ സ്ഥാപനങ്ങള്‍. തദ്ദേശ സ്ഥാപനങ്ങളെ പരാതിയില്ലാത്ത സ്ഥാപനങ്ങളാക്കുന്നതിന് തദ്ദേശ വകുപ്പ് അദാലത്ത് നടത്തും. റമസാന്‍ മാസം കഴിഞ്ഞാല്‍ ഓരോ ജില്ലകളിലും അദാലത്തിന് തുടക്കം കുറിക്കും. അഴിമതി നിര്‍മാര്‍ജനം ചെയ്യുക എന്നതു സര്‍ക്കാറിന്റെ പ്രധാന ലക്ഷ്യമാണ്. സര്‍ക്കാര്‍ ജീവനക്കാരുടെ ഇടയില്‍ പ്രവര്‍ത്തിക്കുന്ന സര്‍വീസ് സംഘടനകള്‍ ഇതില്‍ പ്രധാന പങ്കുണ്ട്. സര്‍വീസ് സംഘടനകള്‍ അഴിമതിക്കാരെയും സാമ്പത്തികനേട്ടം ലക്ഷ്യമിട്ട് പ്രവര്‍ത്തിക്കുന്ന ജീവനക്കാരെയോ സംരക്ഷിക്കരുത്. അത്തരക്കാര്‍ക്ക് സംഘടനയില്‍ മെമ്പര്‍ഷിപ്പ് തന്നെ നല്‍കരുത്. പൊതുസ്ഥലത്ത് മലമൂത്ര വിസര്‍ജനം നടത്തുന്നത് ഒഴിവാക്കുന്നതിനുള്ള നടപടി തുടങ്ങും. ഇതിനായി രണ്ടേമുക്കാല്‍ ലക്ഷം ടോയ്‌ലെറ്റുകള്‍ സ്ഥാപിക്കും. സ്ത്രീ ശാക്തീകരണം തദ്ദേശ സ്ഥാപനങ്ങളുടെ പ്രധാനപ്പെട്ട ചുമതലയാണ്. അതിനായി കുടുംബശ്രീയെ ചിട്ടയുള്ള സ്ഥാപനമാക്കി മാറ്റും. ഭൂമിയുടെ തരംതിരിവുമായി ബന്ധപ്പെട്ടുള്ള അനിശ്ചിതത്വങ്ങള്‍ ഒരു വര്‍ഷത്തിനകം പരിഹരിക്കും. മലപ്പുറം ജില്ലയെ വിഭജിക്കുക എന്നതിനപ്പുറം ജില്ലക്ക് ജനസംഖ്യാനുപാതികമായ വികസനം കൊണ്ടുവരുക എന്നതാണു തന്റെ നലപാട്. ജില്ലാ വിഭജനം എന്നത് പഴയ വിഭജനത്തെ ഓര്‍മിപ്പിക്കും. സര്‍ക്കാറിന് വലിയ സാമ്പത്തിക ബാധ്യതയുണ്ടാകുകയും ചെയ്യും. എന്നാല്‍ പുതിയ ജില്ല രൂപവത്കരണത്തെ കുറിച്ച് ചര്‍ച്ചകള്‍ നടക്കണം. വികസന പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുമ്പോള്‍ ഇരകളാകുന്നവര്‍ക്ക് നല്ല നഷ്ടപരിഹാരം തന്നെ നല്‍കണം. ഗെയ്ല്‍ വാതക പൈപ്പലൈന്‍ പദ്ധതിയിലും ഇതു തന്നെയാണ് തന്റെ നിലപാട്. ഗെയില്‍പദ്ധതിയുമായി ബന്ധപ്പെട്ട് ജനങ്ങളുടെ ആശങ്കയകറ്റണം. ഇന്നല്ലെങ്കില്‍ നാളെ ഈ പദ്ധതി നടപ്പിലാക്കാന്‍ നിര്‍ബന്ധിതരാകുമെന്നും അദ്ദേഹം പറഞ്ഞു. മലപ്പുറത്തെ അഞ്ച് മന്ത്രിമാര്‍ക്ക് പകരം ഇത്തവണ ഒറ്റക്കാണല്ലോ എന്ന ചോദ്യത്തിന് മന്ത്രിമാരുടെ എണ്ണത്തിലല്ല വണ്ണത്തിലാണ് കാര്യമെന്നും അദ്ദേഹം പ്രതികരിച്ചു.
: ഹജ്ജ് കമ്മിറ്റി, വഖഫ് ബോര്‍ഡ്, ന്യൂനപക്ഷ കമ്മീഷന്‍ എന്നിവയുടെ നേതൃസ്ഥാനത്ത് മത-സമുദായ സംഘടനാ പരിഗണനകള്‍ക്കപ്പുറത്ത് കഴിവുള്ളവരാകണമെന്ന് വരേണ്ടത്. കഴിവും പ്രാപ്തിയുമാണ് മാനദണ്ഡം. പ്രാപ്തിയുള്ള ആളുകളെയാണ് ബോര്‍ഡ്, കമ്മീഷന്‍ സ്ഥാനത്തേക്ക് കൊണ്ടുവരിക. മത സമുദായ സംഘടന പരിഗണന ഇതിനുണ്ടാവില്ല. എല്ലാ മത സംഘടനകളോടും ഇക്കാര്യത്തില്‍ സമദൂര നിലപാട് സ്വീകരിക്കും. ഒരോ മതസംഘടനകളിലും പ്രാപ്തിയുള്ളവര്‍ നിരവധിപേരുണ്ട്. കഴിവും പ്രാപ്തിയും നിമയന യോഗ്യതായി കണക്കാക്കുമ്പോള്‍ നിയമന വിവാദം ഒഴിവാക്കാമെന്നും അദ്ദേഹം പറഞ്ഞു. ഡല്‍ഹിയില്‍ പോയി ചര്‍ച്ച നടത്തി ആവശ്യങ്ങള്‍ നേടിയെടുക്കാന്‍ കഴിവുള്ളവരാകണം പ്രധാന പദവികളിലെത്തേണ്ടത്. ബഹുഭാഷകളില്‍ അതിന് അറിവ് വേണം. എല്ലാവര്‍ക്കും തുല്യനീതി തന്നെ വഖഫ് ബോര്‍ഡില്‍ നിന്നും ലഭിക്കും. ആരുടെയും പക്ഷം ചേര്‍ന്ന് പ്രവര്‍ത്തിക്കില്ല. അന്യാധീനപ്പെട്ട വഖഫ് സ്വത്തുക്കള്‍ മുതല്‍ക്കൂട്ടി ബോര്‍ഡിന് വരുമാനം ഉണ്ടാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കും. കരിപ്പൂര്‍ വിമാനത്താവള വികസനം യാഥാര്‍ഥ്യമാക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ സൈനിക താവളമായി മാറിയാല്‍ അത്ഭുതപ്പെടാനില്ല. അതിനാല്‍ എയര്‍പോര്‍ട്ട് വികസനത്തിനായി ഭൂമിയേറ്റെടുക്കല്‍ ഉള്‍പ്പെടയുള്ള കാര്യങ്ങളില്‍ ഒരുമിച്ച് പ്രവര്‍ത്തിക്കണം. വലിയ വിമാനങ്ങള്‍ കരിപ്പൂര്‍ എയര്‍പോര്‍ട്ടില്‍ ഇറങ്ങിയാലെ ഹജ്ജ് എംബാര്‍ക്കേഷന്‍ പോയന്റായി കരിപ്പൂരിനെ വീണ്ടും പരിഗണിക്കാന്‍ കഴിയൂവെന്നും മന്ത്രി കെ ടി ജലീല്‍ പറഞ്ഞു.
