ചെര്‍പ്പുളശ്ശേരി : മഹല്ല് കമ്മിറ്റിയുടെയും നാട്ടുകാരുടെയും തണലില്‍ വൈഷ്ണവിക്ക് പുതുജീവിതം. അച്ഛനും അമ്മയും വേര്‍പിരിഞ്ഞതോടെ അനാഥാലയത്തില്‍ കഴിയേണ്ടി വന്ന തൃക്കടീരി പൂതക്കാട് തെറ്റിലിങ്ങല്‍ വൈഷ്ണവിയുടെ വിവാഹമാണ് പൂതക്കാട് അല്‍ബദ്ര്‍ മഹല്ല് കമ്മിറ്റിയുടെയും പ്രാദേശിക കൂട്ടായ്മയുടെയും സഹകരണത്തോടെ ഞായറാഴ്ച നടന്നത്.
വൈഷ്ണവിയുടെ ബന്ധു പാര്‍വതിയുടെ വീട്ടിലായിരുന്നു വിവാഹം. ഒറ്റപ്പാലം മായന്നൂര്‍ സ്വദേശി ഉണ്ണികൃഷ്ണനാണ് വരന്‍. പ്ലസ് ടു കഴിഞ്ഞ് നഴ്സിങ്ങിന് പഠിക്കുകയാണ് വൈഷ്ണവി. വിവാഹം ശരിയായപ്പോള്‍ മഹല്ല് കമ്മിറ്റിയെ സമീപിച്ചതോടെ അവര്‍ ഏറ്റെടുക്കുകയായിരുന്നു.
മഹല്ല് കമ്മിറ്റി രക്ഷാധികാരി ജമാലുദ്ദീന്‍ ഫൈസി ചെയര്‍മാനും ഒറ്റപ്പാലം ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ടി. കുട്ടികൃഷ്ണന്‍ കണ്‍വീനറായും സിവില്‍ പൊലീസ് ഓഫിസര്‍ റഫീഖ് ട്രഷററായും സമിതി രൂപവത്കരിച്ച് ആഭരണം, ഭക്ഷണം തുടങ്ങിയ മുഴുവന്‍ ചെലവുകളും വഹിക്കാന്‍ തീരുമാനിച്ചു. നാട്ടുകാരുടെ പൂര്‍ണ സഹകരണത്തോടെ ആഭരണങ്ങളും ഭക്ഷണവുമുള്‍പ്പെടെ മുഴുവന്‍ ചെലവും കണ്ടെത്തി.
മഹല്ല് ഭാരവാഹികളായ കമ്മുണ്ണി ഹാജി, ഹൈദര്‍ ഹാജി, കുഞ്ഞുമൊയ്തു ഹാജി എന്നിവര്‍ ചെര്‍പ്പുളശ്ശേരി എസ്.ഐ ബാബുരാജിെന്റ സാന്നിധ്യത്തില്‍ കുടുംബത്തിന് ആഭരണങ്ങള്‍ കൈമാറി. ചടങ്ങിന് സമിതി ഭാരവാഹികളായ ടി. കുട്ടികൃഷ്ണന്‍, സൈതലവി, റഫീഖ്, ഇര്‍ഷാദ് ഉസൈന്‍, പങ്കജാക്ഷന്‍, അബ്ദുറസാഖ് അല്‍ ഫത്തനി തുടങ്ങിയവര്‍ നേതൃത്വം നല്‍കി. വധൂവരന്മാര്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 5000 രൂപ എസ്.ഐക്ക് കൈമാറി. പൂതക്കാട്ടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ സജീവമാണ് മഹല്ല് കമ്മിറ്റി.
