കൊച്ചി: എറണാകുളം മഹാരാജാസ് കോളേജ് വിദ്യാര്‍ഥി അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി കോടതിയില്‍ കീഴടങ്ങി. പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകനായ എറണാകുളം മരട് നെട്ടൂര്‍ മേക്കാട്ട് സഹല്‍ (21) ആണ് എറണാകുളം സെഷന്‍സ് കോടതിയില്‍ കീഴടങ്ങിയത്. രണ്ടു വര്‍ഷമായി സഹല്‍ ഒളിവിലായിരുന്നു.
കേസിലെ മുഖ്യപ്രതിയായ സഹലിനുവേണ്ടി അന്വേഷണ സംഘം ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. അഭിമന്യുവിനെ കുത്തിയത് സഹല്‍ ആയിരുന്നുവെന്നാണ് പൊലീസിന്റെ കുറ്റപത്രം. കേസില്‍ 26 പ്രതികളും 125 സാക്ഷികളുമുണ്ട്. കൊലപാതകത്തില്‍ 16 പ്രതികളാണ് നേരിട്ട് പങ്കെടുത്തത്. ഇതില്‍ 15 പേരും പല ഘട്ടങ്ങളിലായി പൊലീസില്‍ കീഴടങ്ങി. സഹല്‍ മാത്രമായിരുന്നു കീഴടങ്ങാനുണ്ടായിരുന്നത്.
2018 ജൂലൈ രണ്ടിന് പുലര്‍ച്ചെയാണ് മഹാരാജാസ് കോളേജ് ക്യാംപസില്‍ വച്ചുണ്ടായ സംഘട്ടനത്തില്‍ അഭിമന്യു (20) കുത്തേറ്റു മരിച്ചത്. രണ്ടാം വര്‍ഷ ഫിലോസഫി വിദ്യാര്‍ഥിയായിരുന്നു. ക്യാംപസ് ഫ്രണ്ട് പ്രവര്‍ത്തകരുമായി പോസ്റ്റര്‍ ഒട്ടിക്കുന്നതിനെ ചൊല്ലിയുണ്ടായ തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത്.
മഹാരാജാസ് കോളേജില്‍ എസ്എഫ്ഐ പ്രവര്‍ത്തകര്‍ ചുവരെഴുതാനായി തയ്യാറാക്കി വച്ചിരുന്ന സ്ഥലത്ത് ക്യാംപസ് ഫ്രണ്ട് പ്രവര്‍ത്തകര്‍ മുദ്രാവാക്യം എഴുതിയതാണ് തര്‍ക്കത്തിന് വഴിവച്ചത്. ഇത് ചോദ്യം ചെയ്ത വിദ്യാര്‍ത്ഥികളെ ക്യാംപസ് ഫ്രണ്ട്, എസ്ഡിപിഐ, പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ ആക്രമിക്കുകയായിരുന്നു. ഇവര്‍ നേരത്തെ നടത്തിയ ഗൂഢാലോചന പ്രകാരമാണ് ഇവിടേക്ക് സംഘടിച്ചെത്തിയതെന്നാണ് പൊലീസ് കേസ്.
