മലപ്പുറം: കോവിഡ് മഹാദുന്തത്തിനിടയിലും ജനങ്ങളെ തല്ലിയൊതുക്കിയും ബലം പ്രയോഗിച്ചും കുടിയൊഴിപ്പിക്കാനുളള സര്‍ക്കാര്‍ ശ്രമം കാലാവധി തീരുന്നതിനു മുമ്പേ ചുങ്കപ്പാതയുടെ കരാര്‍ ഉറപ്പിച്ച് കമ്മീഷന് തട്ടിയെടുക്കാനുളള കടും വെട്ടായി മാത്രമേ കാണാനാവൂ എന്ന് എന്‍.എച്ച് ആക്ഷന്‍ കൗണ്‍സില്‍ ജില്ലാ കമ്മിറ്റി കുറ്റപ്പെടുത്തി. ഇക്കാര്യത്തില്‍ രാജാവിനേക്കാള്‍ വലിയ രാജഭക്തി കാണിക്കുന്ന ഏതാനും ഉദ്യോഗസ്ഥര്‍ ചേര്‍ന്ന് ദേശീയ പാത ഇരകളെ വഞ്ചിക്കുന്നത് തുടര്‍ക്കഥയാവുകയാണെന്നും കമ്മിറ്റി ആരോപിച്ചു.
മലപ്പുറം ജില്ലാ കളക്ടറുടെ പ്രസ്താവന ജനങ്ങളെ വഞ്ചിക്കുന്നതാണ്. 2013 ലെ ഭൂമി ഏറ്റെടുക്കല്‍ നിയമം അനുസരിച്ചുള്ള നഷ്ടപരിഹാരമാണ് ഭൂമിക്കും കെട്ടിടങ്ങള്‍ക്കും മരങ്ങള്‍ക്കും കാര്‍ഷിക വിളകള്‍ക്കും നല്‍കുക എന്ന് കളക്ടര്‍ പ്രസ്താവിക്കുമ്പോഴും മുന്‍ കളക്ടര്‍ ഇതേ നിയമം അനുസരിച്ച് മുകളില്‍ പറഞ്ഞ ഇനങ്ങള്‍ക്ക് ആദ്യം നിശ്ചയിച്ച വിലകളുടെ പത്തിലൊന്നായി ഇപ്പോള്‍ വെട്ടിക്കുറച്ചതിനേക്കുറിച്ച് യാതൊന്നും പരാമര്‍ശിക്കുന്നില്ല. കിടപ്പാടം നഷ്ടപ്പെടുന്നവര്‍ക്ക് പകരം തുക നല്‍കുമെന്ന് ഏകപക്ഷീയമായി പ്രഖ്യാപിക്കാന്‍ കളക്ടര്‍ക്ക് അവകാശമില്ല. 2013 ലെ ഭൂമി ഏറ്റെടുക്കല്‍ നിയമത്തില്‍ പറയുന്ന പുനരധിവാസവും പുനസ്ഥാപനവും വീട്, വ്യാപാരം, തൊഴില്‍ എന്നിവ നഷ്ടപ്പെടുന്ന ഇരകള്‍ക്ക് നല്‍കണമെന്ന് ഹൈക്കോടതിയുടെ നിരവധി ഉത്തരവുകളുണ്ട്. കിടപ്പാടവും തൊഴിലും നഷ്ടപ്പെടുന്ന പതിനായിരക്കണക്കിന് കുടുംബങ്ങളുടെ പുനരധിവാസത്തിനോ പുനസ്ഥാപനത്തിനോ നിയമം അനുശാസിക്കുന്ന വിധം സ്ഥലം കണ്ടെത്തുക, പുനരധിവാസ കമ്മീഷന്, അഡ്മിനിസ്ട്രേറ്റര്‍, കമ്മിറ്റി എന്നിവ നിയമിക്കുക തുടങ്ങിയ ഒരു പ്രവര്‍ത്തിയും ഇതുവരെ സര്‍ക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ല. മേല്കാര്യങ്ങള്ക്കു വേണ്ടി എന്ത് നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും കളക്ടര്‍ വ്യക്തമാക്കിയിട്ടില്ല. വില നിലവാരം പ്രഖ്യാപിക്കുകയും ആവര്‍ത്തിച്ച് പ്രസ്താവന നടത്തുകയും ചെയ്തവര്‍ പറഞ്ഞതൊക്കെ കള്ളങ്ങളായിരുന്നെന്ന് തെളിയിക്കുന്ന വിവരാവകാശ രേഖകള്‍ ഇരകളുടെ കൈവശമുണ്ടെന്നും കമ്മിറ്റി വ്യക്തമാക്കി.
2013 ലെ നിയമ പ്രകാരം മികച്ച വില നല്‍കുമെന്ന് പത്രങ്ങളില്‍ പ്രസിദ്ധപ്പെടുത്തി തൊട്ടടുത്തദിവസം തിരൂര്‍ താലൂക്കില്‍ ത്രീജി ഹിയറിംഗ് ആരംഭിച്ചിരുന്നു. അന്ന് പത്രങ്ങളിലൂടെ പ്രഖ്യാപിച്ച വില വ്യാജമായിരുന്നെന്നും ഇരകള്‍ ത്രീ.ജി ഹിയറിംങ്ങിന് ഹാജരായി ആധാരങ്ങളും അനുബന്ധരേഖകളും നല്കാന് വേണ്ടി അധികൃതര്‍ മനഃപൂര്‍വം നുണ പ്രചരണം നടത്തുകയായിരുന്നുവെന്നും വിവരാവകാശ രേഖകള്‍ പറയുന്നു. പത്ര-ദൃശ്യമാധ്യമങ്ങളിലൂടെ അന്ന് പ്രചരിപ്പിച്ചത് കെട്ടിടങ്ങളുടെ കാലപ്പഴക്കം നോക്കാതെ നഷ്ടപരിഹാരം നല്‍കും എന്നായിരുന്നു. .ഇപ്പോള്‍ കെട്ടിടങ്ങളുടെ പഴക്കം കണക്കാക്കി മാത്രമെ വില നിശ്ചയിക്കൂ എന്ന നിലപാടിലേക്ക് മാറി ഇരകളെ വഞ്ചിച്ചിക്കുകയാണ്.
ഇതിനോടകം നിശ്ചയിച്ച തുക പോലും കൂടുതലാണെന്ന് പറഞ്ഞ് ദേശീയപാത അതോരിറ്റി ആര്ബിട്രേഷന് പോവുകയും വീണ്ടും വില വെട്ടിക്കുറക്കാന്‍ തീരുമാനിക്കുകയും ചെയ്തു. 2013 ലെ നിയമം പട്ടിക രണ്ട് പ്രകാരം വീട് നഷ്ടപ്പെടുന്നവര്‍ക്ക് താമസിക്കാന്‍ നിര്‍മ്മിച്ച ഒരു വീട് പകരം നല്‍കണം എന്ന് അനുശാസിക്കുമ്പോള്‍ പുനരധിവാസത്തിനുള്ള സാമ്പത്തിക സഹായം നല്‍കുമെന്നാണ് ഇപ്പോള്‍ പറയുന്നത്. അതിലൂടെയും ഇരകളുടെ അവകാശം കവര്‍ന്നെടുക്കുകയാണ്. ഇരകളുടെ അഭിപ്രായങ്ങളും ന്യായമായ അവകാശങ്ങളും മാനിക്കാതെ ചുങ്കപ്പാത വികസനത്തിന്റെ പേരില്‍ കുടിയൊഴിപ്പിക്കാനാണ് സര്‍ക്കാര്‍ ശ്രമം. കിടപ്പാടവും ഭൂമിയുമെല്ലാം ഒഴിഞ്ഞു കൊടുത്തിട്ടും മറ്റു ജില്ലകളില്‍ നഷ്ടപരിഹാരത്തിനായി പത്ത് വര്‍ഷത്തോളമായി ഇരകള്‍ കാത്തിരിക്കുന്നു. വിവിധ ജില്ലകളില്‍ വര്‍ഷങ്ങളായി കുടിയൊഴിഞ്ഞു കൊടുത്തിട്ടും ഏറ്റെടുത്ത ഭൂമിയില്‍ ഇപ്പോഴും സര്‍ക്കാര്‍ ഒരു നിര്‍മ്മാണവും തുടങ്ങിയിട്ടുമില്ല. അനന്തമായ ഈ പദ്ധതി മൂലം വിജ്ഞാപനം ഇറങ്ങിയ ഇരകളുടെ ഭൂമി ക്രയവിക്രയം ചെയ്യുവാനോ അത്യാവശ്യ കാര്യങ്ങള്‍ക്ക് ബാങ്കില്‍ നിന്നും ലോണ്‍ എടുക്കാനോ സാധിക്കുന്നില്ല. കേന്ദ്രസര്‍ക്കാര്‍ എല്ലാ പുതിയ പദ്ധതികളും ഒരുവര്‍ഷത്തേക്ക് ഉപേക്ഷിച്ചുകൊണ്ട് ഉത്തരവ് ഇറക്കി. എന്നിട്ടും ഈ വര്‍ഷം നിര്‍മ്മാണം തുടങ്ങുമെന്ന് പ്രചരിപ്പിച്ച് ഭൂമി പിടിച്ചെടുത്ത് കൈമാറാനുളള നീക്കം ജനവഞ്ചനയാണ്.
സര്‍ക്കാര്‍ നിലവിലുള്ള നോട്ടിഫിക്കേഷന്‍ റദ്ദാക്കണം. സാമ്പത്തിക പരാധീനതയില്‍ നട്ടംതിരിയുന്ന കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ കോവിഡ് മഹാമാരി കൂടി കണക്കിലെടുത്ത് നിലവില്‍ ഏറ്റെടുത്ത് തരിശായി ഇട്ടിരിക്കുന്ന 30 മീറ്റര്‍ ഭൂമി ഉപയോഗിച്ച് നാലുവരിപാതയോ ആറുവരിപാതയോ നിര്‍മ്മിച്ച് കേരളത്തിലെ ഗതാഗത പ്രശ്നം ഉടനടി പരിഹരിക്കണം.
കോവിഡ് അതിരൂക്ഷമായി പടര്‍ന്ന് പിടിക്കുമ്പോഴും രോഗ ലക്ഷണങ്ങളില്ലാത്തവരില്‍ നിന്നു പോലും രോഗം പകരാമെന്നു തെളിയുമ്പോഴും കുഞ്ഞുങ്ങളും വൃദ്ധരും താമസിക്കുന്ന കുടുംബങ്ങളിലേക്ക് അവരുടെ അനുമതിയില്ലാതെ മതില് ചാടി കടന്നു കയറുന്ന അപരിചിതരായവരെ ഏത് സര്‍വ്വേയുടെ പേരിലായാലും അതിക്രമം നടത്തുന്നവരായേ കണക്കാക്കാന്‍ കഴിയൂ.കോവിഡ് ഭീഷണി പൂര്‍ണ്ണമായും നീങ്ങുന്നതുവരെ സ്വകാര്യ ഭവനങ്ങളില്‍ കയറിയുള്ള സര്‍വ്വേ നടപടികള്‍ അടിയന്തരമായി നിര്‍ത്തിവെക്കണം. അല്ലാത്തപക്ഷം ശക്തമായ എതിര്‍പ്പ് നേരിടേണ്ടി വരുമെന്നും ആക്ഷന്‍ കൗണ്‍സില്‍ നേതാക്കള്‍ പറഞ്ഞു.
