ഒരു വര്‍ഷമായി അവര്‍ ദുരിതാശ്വാസ ക്യാമ്പില്‍ തന്നെ

നിലമ്പൂര്‍: കവളപ്പാറ ദുരന്തത്തിനു ഒരാണ്ടു പിന്നിട്ടപ്പോഴും ആദിവാസി കുടുംബങ്ങള്‍ ദുരിതാശ്വാസ ക്യാമ്പില്‍ തന്നെ. 51 പേര്‍ മരിച്ച ദുരന്തത്തിന് പിന്നാലെ അവശേഷിച്ച ഇരുപത്തിയൊന്ന് കുടുംബങ്ങള്‍ ആദ്യം ഭൂദാനം സെന്റ് മേരീസ് ദേവാലയത്തിലെ ക്യാമ്പിലും പിന്നീട് പോത്തുകല്‍ ടൗണിലെ ഓഡിറ്റോറിയത്തിലെ ദുരിതാശ്വാസ ക്യാമ്പിലുമെത്തിയതാണ്. നാളിതുവരെ പോത്തുകല്ലിലെ ക്യാമ്പില്‍ നിന്ന് ഇവര്‍ക്കു മോചനമായില്ല. കോളനിയിലെ ഇരുപത്തിയൊന്ന് കുടുംബങ്ങളിലെ 110 ആദിവാസികളാണ് മൂപ്പന്‍ ചാത്തന്റെ നേതൃത്വത്തില്‍ ക്യമ്പില്‍ കഴിഞ്ഞ ഒരു വര്‍ഷത്തോളമായി ദുരിതജീവിതം നയിക്കുന്നത്. സുരക്ഷതിത്വമില്ലാത്ത ജീവിതമാണ് ക്യാമ്പിലേതെന്ന് ആദിവാസികള്‍ പറയുന്നു. അടിസ്ഥാന സൗകര്യങ്ങളാണ് ഇവരെ അലട്ടുന്നത്. ഓഡിറ്റോറിയത്തിലെ ശൗച്യാലയങ്ങളും ശുചിമുറികളും പ്രവര്‍ത്തന രഹിതമായിട്ട് മാസങ്ങളായി. അന്‍പത് മീറ്റര്‍ അകലെ സ്ഥാപിച്ചിട്ടുള്ള ശുചിമുറിയാണിപ്പോള്‍ ഇവരുടെ ആശ്രയം ഇക്കാരണത്താല്‍ രാത്രി സ്ത്രീകളും കുട്ടികളുമടക്കമുള്ളവരാണ് ദുരിതത്തിലായിരിക്കുന്നത്. മഴ പെയ്താല്‍ ഓഡിറ്റോറിയത്തിലേക്കു വെള്ളമെത്തും. ഷീറ്റുകള്‍ വലിച്ചുകെട്ടിയാണ് ഇതിന് ആദിവാസികള്‍ പരിഹാരം കണ്ടിട്ടുള്ളത്. സ്വന്തം വീടും സ്ഥലവുമെന്ന ഇവരുടെ സ്വപ്നം ഇതുവരെ പൂവണിഞ്ഞില്ല. ചുങ്കത്തറ കൈപ്പിനിയില്‍ സര്‍ക്കാര്‍ ഇവര്‍ക്കായി ഭൂമി കണ്ടെത്തിയെങ്കിലും രാഷ്ട്രീയക്കാരില്‍ ചിലരുടെ സമ്മര്‍ദത്തെത്തുടര്‍ന്ന് അതൊഴിവാക്കി. തുടര്‍ന്ന് പോത്തുകല്‍ പഞ്ചായത്തിലെ ആനക്കല്ലില്‍ ഇവര്‍ക്കായി സ്ഥലം കണ്ടെത്തി വാങ്ങിയതായാണ് വിവരം. ഇവരുടെ പുനരധിവാസം സംബന്ധിച്ച് തര്‍ക്കങ്ങള്‍ ഉണ്ടായതിനെത്തുടര്‍ന്ന് ഓരോ കുടുംബത്തിനും പത്തു ലക്ഷം വീതം നല്‍കാന്‍ കൂടിയാലോചനകള്‍ക്കു ശേഷം സര്‍ക്കാര്‍ തീരുമാനിക്കുകയായിരുന്നു. സ്ഥലം വാങ്ങുന്നതിനു ആറു ലക്ഷവും വീട് വയ്ക്കുന്നതിനു നാലു ലക്ഷവുമാണ് അനുവദിച്ചത്. എന്നാല്‍ നാല് ലക്ഷംകൊണ്ട് വീട് നിര്‍മിക്കാന്‍ പറ്റാത്ത സാഹചര്യത്തില്‍ ഇതിനായി വേറെ ഫണ്ട് കണ്ടെത്തേണ്ടതുണ്ട്. തുടക്കത്തില്‍ പട്ടികവര്‍ഗ വികസന വകുപ്പടക്കം തങ്ങളുടെ കാര്യത്തില്‍ വലിയ ശ്രദ്ധ പതിപ്പിച്ചിരുന്നുവെന്നു ആദിവാസികള്‍ പറയുന്നു. എന്നാലിപ്പോള്‍ വില്ലേജ് അധികൃതര്‍ മാത്രമാണ് കാര്യങ്ങള്‍ അന്വേഷിക്കുന്നത്. ഭക്ഷ്യവസ്തുക്കള്‍ ധാരളമായി ലഭിക്കുന്നുണ്ടെന്നും ആവാസികള്‍ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *