തിരുവനന്തപുരം: പി.എസ്.സി പരീക്ഷ നടക്കുന്ന കേന്ദ്രങ്ങളില്‍ ക്ലോക്ക് ഘടിപ്പിക്കാന്‍ കഴിയില്ലെന്ന് കേരള പബ്ലിക് സര്‍വ്വീസ് കമ്മീഷന്. വലിയ സാമ്പത്തിക ബാധ്യത വരുന്ന കാര്യമായതിനാല്‍ ഇക്കാര്യം നടപ്പാക്കാനാവില്ലെന്ന് പി.എസ്.സി സെക്രട്ടറി സംസ്ഥാന മനുഷ്യാവകാശ കമ്മീഷനെ അറിയിച്ചു. പരീക്ഷാകേന്ദ്രങ്ങളില്‍ ക്ലോക്കുകള്‍ വേണമെന്ന മലപ്പുറം മങ്കട സ്വദേശി മുഹമ്മദ് ഫാറൂഖ് സബാഹുദ്ദീന്റെ പരാതിയിലാണ് പി.എസ്.സി നിലപാട് അറിയിച്ചത്. ഈ സാഹചര്യത്തില്‍ പരീക്ഷാ നടത്തിപ്പ് ചുമതലയുള്ളവര്‍ ഉദ്യോഗാര്‍ത്ഥികള്‍ക്ക് കൃത്യമായ സമയം കൃത്യമായ ഇടവേളകളില്‍ പറഞ്ഞുകൊടുക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന് അംഗം വി.കെ. ബീനാകുമാരി നിര്‍ദ്ദേശം നല്കി.
പരീക്ഷാ കേന്ദ്രങ്ങളില്‍ ക്ലോക്ക് സ്ഥാപിക്കണമെങ്കില്‍ ഭീമമായ തുക ചെലവാകുമെന്നതിനാല്‍ പ്രായോഗികമല്ലന്നായിരുന്നു കമ്മീഷന്റെ ചോദ്യത്തിന് പി.എസ്.സി സെക്രട്ടറിയുടെ മറുപടി. നിലവില്‍ പരീക്ഷാ കേന്ദ്രങ്ങളില്‍ പരീക്ഷ ആരംഭിച്ച് ഓരോ അര മണിക്കൂറിലും ബെല്‍ മുഴക്കുന്നതിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. സമയ ക്രമീകരണം സംബന്ധിച്ച് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ആശയ കുഴപ്പമുണ്ടാകാനുള്ള സാഹചര്യം നിലവിലില്ലെന്നും സെക്രട്ടറിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.
