കോട്ടക്കല്‍: കോട്ടക്കല്‍ പീസ് പബ്ലിക് സ്‌കൂള്‍ മാനേജ്്‌മെന്റിന്റെ നിലപാടുകള്‍ക്കെതിരെ രക്ഷിതാക്കള്‍ പ്രതിഷേധവുമായി രംഗത്ത്. സ്‌കൂള്‍ മാനേജ്്‌മെന്റിന്റെ നിരുത്തവാദ പരവും നീതി നിഷേധിക്കുന്നതുമായി നിലപാടുകള്‍ക്കെതിരെയാണ് രക്ഷിതാക്കള്‍ പരസ്യമായി രംഗത്തു വന്നത്. സ്ത്രീകള്‍ അടക്കമുള്ള രക്ഷിതാക്കള്‍ സ്‌കൂളിനെതിരെ ഒപ്പുശേഖരണം നടത്തുകയും പ്രധാന കവാടത്തില്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് പ്രതിഷേധയോഗം സംഘടിപ്പിക്കുകയും ചെയ്തു.
കോഴിക്കോട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പീസ് എജുക്കേഷനല്‍ ഫൗണ്ടേഷന്റെ അഫിലിയേഷനോടുകൂടി പ്രവര്‍ത്തിച്ചു വന്നിരുന്ന സ്ഥാപനമായിരുന്നു കോട്ടക്കല്‍ പീസ് പബ്ലിക് സ്‌കൂള്‍ . എന്നാല്‍ ഈയിടെയായി കുട്ടികളുടെ പഠനനിലവാരം ഏറെ മോശമായതിനെ തുടര്‍ന്ന് ഫൗണ്ടേഷന്‍ അധികൃതരുമായി ബന്ധപ്പെട്ടപ്പോള്‍ രണ്ടുവര്‍ഷമായി പീസ് ഫൗണ്ടേഷനില്‍ നിന്ന് സ്വതന്ത്രമായാണ് സ്‌കൂള്‍ പ്രവര്‍ത്തിച്ചുവരുന്നതെന്ന് മറുപടിയാണ് ലഭിച്ചതെന്ന് രക്ഷിതാക്കള്‍ പറയുന്നു. അധ്യാപനത്തിലുള്ള നിലവാര തകര്‍ച്ചക്ക് ഫൗണ്ടേഷന്‍ ഉത്തരവാദിത്വം എടുക്കുന്നില്ലെന്നും രക്ഷിതാക്കള്‍ വഞ്ചിക്കപ്പെട്ടിരിക്കുകയാണെന്നും അവര്‍ ആരോപിച്ചു. പീസ് അഫിലിയേറ്റഡ് സ്‌കൂള്‍ ആണെന്ന വ്യാജേന വലിയ അഡ്മിഷന്‍ ഫീയും കോഴ്‌സ് ഫീസും വാങ്ങിയാണ് സ്‌കൂള്‍ പ്രവര്‍ത്തിക്കുന്നത്. സ്‌കൂളില്‍ പി.ടി.എ.പോലുള്ള രക്ഷാകര്‍തൃ സമിതികള്‍ക്ക് മാനേജ്്‌മെന്റ് അനുവാദം നല്‍കുന്നില്ല. ലോക്ക് ഡൗണ്‍ പശ്ചാത്തലത്തില്‍ ഓണ്‍ലൈന്‍ ക്ലാസ് മാത്രമായിരുന്നിട്ടും വലിയ ഫീസ് ആവശ്യപ്പെടുന്നതും രക്ഷിതാക്കളെ രോഷാകുലരാക്കിയിട്ടുണ്ട്. ആവശ്യങ്ങള്‍ അംഗീകരിക്കാതെ ഫീസ് നല്‍കില്ലെന്ന് അറിയച്ചവരുടെ കുട്ടികളുടെ ഓണ്‍ലൈന്‍ ക്ലാസ് ഒന്നാം തിയ്യതി മുതല്‍ മാനേജ്്‌മെന്റ് നിര്‍ത്തി വെച്ചിരിക്കുകയാണ്.കാര്യങ്ങള്‍ അന്വേഷിക്കുമ്പോള്‍ മോശമായ രീതിയിലാണ് പ്രിന്‍സിപ്പല്‍ പെരുമാറുന്നതെന്നും രക്ഷിതാക്കള്‍ കുറ്റപ്പെടുത്തി.
പ്രതിഷേധത്തിന്റെ ഭാഗമായി രക്ഷിതാക്കള്‍ പുത്തൂര്‍ ബൈപാസില്‍ ഒത്തു ചേര്‍ന്ന് ഒപ്പുശേഖരണം നടത്തി. തുടര്‍ന്ന് സ്‌കൂള്‍ ഗേറ്റില്‍ സംഘടിച്ച് പ്ലകാര്‍ഡുകളും ബാനറുകളും ഉയര്‍ത്തി മുദ്രാവാക്യം വിളിച്ച് പ്രതിഷേധിച്ചു. ആക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ മുഹമ്മദ് ഷബീര്‍ കോടയില്‍ അധ്യക്ഷത വഹിച്ചു.വൈസ് ചെയര്‍ പേഴ്‌സണ്‍ ഫാരിഷ തയ്യില്‍ ഉദ്ഘാടനം ചെയ്തു.എന്‍.ആര്‍.ബാവു, ജനറല്‍ കണ്‍വീനര്‍ റഫീഖ് പാലപ്പുറ, ജോയിന്‍ കണ്‍വീനര്‍ ആബിദ് ഷാന്‍ എന്നിവര്‍ സംസാരിച്ചു.
