കൊച്ചി: കേരളത്തില്‍ ഒ.പി.എം.മോഡല്‍(അദര്‍ പീപ്പിള്‍സ് മണി) ബിസിനസുകള്‍ വീണ്ടും പൊളിയുന്നു. പത്തനംതിട്ടയിലെ പോപ്പുലര്‍ ഫിനാന്‍സ്, കാസര്‍കോട്ടെ ഫാഷന്‍ ഗോള്‍ഡ് തുടങ്ങിയ ബിസിനസ് സ്ഥാപനങ്ങളുടെ തകര്‍ച്ചയാണ് ഒ.പി.എം.മോഡലുകളുടെ തകര്‍ച്ചയായി സാമ്പത്തിക വിദഗ്്ദര്‍ ചൂണ്ടിക്കാട്ടുന്നത്.
പൊതുസമൂഹത്തില്‍ അറിയപ്പെടുന്നവര്‍ ചേര്‍ന്ന് കമ്പനി രൂപീകരിച്ച് ജനങ്ങളില്‍ നിന്ന് ഷെയര്‍ വാങ്ങി നടത്തുന്ന ബിസിനസുകളാണിവ. പലപ്പോഴും ഉമകളുടെ മുതല്‍ മുടക്ക് തുടക്കത്തിലുള്ള നാമമാത്രമായ തുക മാത്രമായിരിക്കും. ജനങ്ങളില്‍ നിന്ന് പിരിച്ചെടുക്കുന്ന തുക ഉപയോഗിച്ച് ബിസിനസ് നടത്തുകയും ഉടമകളും കൂട്ടാളികളും ആഡംബരജീവിതം നയിക്കുകയും ചെയ്യുന്നതാണ് ഈ മോഡല്‍. നേരത്തെ തൃശൂരിലെ അവതാര്‍ ഗോള്‍ഡ്, മലപ്പുറത്തെ ഓര്‍കിഡ് ബിസിനസ് ഗ്രൂപ്പ് തുടങ്ങി സംസ്ഥാനത്തെ വിവിധ കമ്പനികള്‍ ഇത്തരത്തില്‍ തകര്‍ന്ന വന്‍കിട സംരംഭങ്ങളാണ്.
തുടക്കത്തില്‍ ഒരു കമ്പനിയുണ്ടാക്കി ജനങ്ങളില്‍ നിന്ന് ഷെയര്‍ വാങ്ങി മികച്ച രീതിയില്‍ നടത്തുകയും പിന്നീട് വ്യത്യസ്ത പേരുകളില്‍ കമ്പനികള്‍ ഉണ്ടാക്കി കൂടുതല്‍ ഷെയറുകള്‍ പിരിക്കുകയുമാണ് ഇത്തരം വ്യവസായികള്‍ ചെയ്യുന്നത്. ഉടമകള്‍,ബന്ധുക്കള്‍, സുഹൃത്തുക്കള്‍ എന്നിവര്‍ക്കെല്ലാം ഈ കമ്പനിയില്‍ ഉയര്‍ന്ന ശമ്പളവും വീട്,വാഹനം തുടങ്ങിയ സൗകര്യങ്ങളുമുണ്ടാകും. ഇതെല്ലാം കമ്പനിയുടെ ചെലവിലാണ് എഴുതുന്നത്.
ബിസിനസിനെ വൈവിധ്യ വല്‍ക്കരണമാണ് ഇത്തരം സ്ഥാപനങ്ങള്‍ തകരുന്നതിന് കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. ഒരു മേഖലയില്‍ ബിസിനസ് ആരംഭിച്ച് വരുമാനം വര്‍ധിക്കുമ്പോള്‍ മറ്റു മേഖലകളിലേക്കും വ്യാപിപ്പിക്കുന്നത് പലപ്പോഴും തകര്‍ച്ചക്ക് കാരണമാകുന്നു. പോപ്പുലര്‍ ഫിനാന്‍സിന്റെ ബാങ്കിംഗ് സ്ഥാപത്തിന് വളര്‍ച്ചയുണ്ടായിരുന്നു. ജനവിശ്വാസം വര്‍ധിച്ചതോടെയാണ് കൂടുതല്‍ ജനങ്ങള്‍ കമ്പനിയില്‍ നിക്ഷേപിച്ചത്. എന്നാല്‍ പിന്നീട് കമ്പനി ചെമ്മീന്‍ വ്യാപാരം പോലുള്ള മറ്റ് മേഖലകളിലേക്ക് കടന്നത് തകര്‍ച്ചക്ക് കാരണമായി. റിയല്‍ എസ്‌റ്റേറ്റ് ബിസിനസിലേക്ക് കടന്ന് തകര്‍ന്ന നിരവധി കമ്പനികളുമുണ്ട്. കമ്പനികള്‍ തകരുമ്പോള്‍ ഉടമകള്‍ക്ക് കാര്യമായ സാമ്പത്തിക നഷ്ടമുണ്ടാകാറില്ലെന്നാണ് പൊതുവെയുള്ള അനുഭവങ്ങള്‍.
ഇത്തരം കമ്പനികളില്‍ നിക്ഷേപിക്കുമ്പോള്‍ നിക്ഷേപകര്‍ രണ്ടു കാര്യങ്ങള്‍ പ്രധാനമായി പാലിക്കേണ്ടതുണ്ട്. ഒന്ന്, ദീര്‍ഘകാലത്തേക്ക് നിക്ഷേപം നടത്തരുത്. രണ്ടോ മൂന്നോ വര്‍ഷത്തേക്ക് മാത്രമായിരിക്കണം ഇത്തരം കമ്പനികളിലുള്ള നിക്ഷേപം. രണ്ടാമതായി, കയ്യിലുള്ള പണം മുഴുവന്‍ ഇത്തരം കമ്പനികളില്‍ നിക്ഷേപിക്കരുത്. സമ്പാദ്യത്തിന്റെ ഒരു ഭാഗം മാത്രമേ ഇത്തരം കമ്പനികളില്‍ നല്‍കാവൂ.
