മലപ്പുറം: ഖുര്ആനെപോലും പ്രതിപക്ഷം രാഷ്ട്രിയക്കളിക്ക് ആയുധമാക്കുന്നുവെന്ന സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പരാമര്‍ശത്തെ വിമര്‍ശിച്ച് മുസ്ലീം ലീഗ് നേതാവി പി.കെ. കുഞ്ഞാലിക്കുട്ടി രംഗത്ത്. ഖുര്‍ആനെ മറയാക്കി കേസില്‍ നിന്നും രക്ഷപ്പെടാനാണ് സിപിഎം ഇത്തരം വിവാദങ്ങള്‍ ഉണ്ടാക്കാന്‍ ശ്രമിക്കുന്നതെന്നും എന്നാല്‍ അത്കൊണ്ട് ഒരു പ്രയോജനവുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ഖുര്‍ആന്‍ വിഷയം സംബന്ധിച്ച് പല മതനേതാക്കളും സമൂഹമാധ്യമങ്ങളിലൂടെ പ്രതികരിച്ചിട്ടുണ്ട്. ആരും അത് ഇഷ്ടപ്പെടുന്നില്ല. കേസില്‍ നിന്നും രക്ഷപെടാന്‍ ഇക്കാര്യം വിവാദമാക്കുന്നതില്‍ അര്‍ഥമില്ല. ഞങ്ങള്‍ ഉന്നയിക്കുന്ന ആരോപണം വേറെയാണ്. അതിനാണ് കൃത്യമായ മറുപടി നല്‍കേണ്ടത്. അധികാര സ്ഥാനത്ത് നിന്നും മാറിനിന്ന് അന്വേഷണത്തിന് വിധേയനാകണം. അല്ലാതെ സക്കാത്തും റമദാന് കിറ്റും ഖുര്‍ആന്‍ എന്നൊക്കെ പറഞ്ഞ് വിശ്വാസികളുടെ മനസ് വേദനിപ്പിക്കുകയല്ല ചെയ്യേണ്ടത്.
ഓരോ മതവിശ്വാസിക്കും വിശുദ്ധ ഗ്രന്ഥങ്ങള്‍ കൊണ്ടു നടക്കാനും പ്രചരിപ്പിക്കാനുമുള്ള സ്വാതന്ത്ര്യം ഈ നാട്ടില്‍ ഉണ്ട്. ഇന്നലെ അധികാരത്തില്‍ വന്ന പിണറായി സര്‍ക്കാര്‍ നല്കിയ സൗജന്യമല്ല അത്. ഇന്ത്യന്‍ ഭരണഘടന എല്ലാ മതവിഭാഗങ്ങള്‍ക്കും നല്കുന്ന സ്വാതന്ത്ര്യമാണ് കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.
