തിരുവനന്തപുരം: നെയ്യാറ്റിന്‍കരയിലെ മാറാനല്ലൂരില്‍ യുവാവിനെ കാറിടിച്ച് വീഴ്ത്തിയശേഷം വെട്ടിക്കൊലപ്പെടുത്തി. തമലം സ്വദേശി സുരേഷ് ആണ് കൊല്ലപ്പെട്ടത്. ഗുണ്ടാ കുടിപ്പകയാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് പോലീസ് പറഞ്ഞു. അക്രമി സംഘത്തില്‍ ഉള്‍പ്പെട്ട രതീഷ് എന്നയാളെ നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചു. ഇന്ന് രാവിലെ ഏഴോടെ മാറനല്ലൂര്‍ വണ്ടന്നൂര്‍ തേവരകോണം പഞ്ചമി ദേവി തമ്പുരാന് ക്ഷേത്രത്തിന് സമീപമായിരുന്നു സംഭവം. സ്കൂട്ടറില്‍ വരികയായിരുന്ന സുരേഷിനെ കാറിലെത്തിയ സംഘം വാഹനമിടിച്ച് വീഴ്ത്തിയ ശേഷം വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. സുരേഷിന്റെ ആക്ടിവ സ്കൂട്ടറും കാറും ഓടയിലേക്ക് മറിഞ്ഞു. ഓടയില്‍ വീണ കാര്‍ ഉപേക്ഷിച്ച ശേഷം അക്രമി സംഘം ഓടിരക്ഷപ്പെടുകയായിരുന്നു. കാറില്‍ നിന്ന് മൂന്ന് വെട്ടുകത്തികളും രണ്ട് വാളുകളും പോലീസ് കണ്ടെടുത്തു. നാലംഗ സംഘമാണ് ആക്രമണം നടത്തിയതെന്നാണ് പ്രദേശവാസികളുടെ മൊഴി. തമലം സ്വദേശിയായ ബിജുകുമാറിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് സുരേഷെന്ന് പോലീസ് പറഞ്ഞു. ഇപ്പോള്‍ പോലീസിന്റെ പിടിയിലായ രതീഷ് ബിനുകുമാറിന്റെ ബന്ധുവാണ്. ക്വട്ടേഷന്‍ കൊലപാതകമാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. പോലീസ് ഇന്‍ക്വസ്റ്റ് തയാറാക്കി മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി മെഡിക്കല്‍ കോളജ് മോര്‍ച്ചറിയിലേക്ക് മാറ്റി.
