ചിറ്റാര്‍: നീണ്ട ഇടവേളക്കുശേഷം പത്തനംതിട്ട-ഗവി-കുമളി, കാട്ടാക്കട – മൂഴിയാര്‍ എന്നീ റൂട്ടുകളില്‍ കെ.എസ്.ആര്.ടി.സി സര്‍വിസുകള്‍ പുനഃരാരംഭിച്ചു. ഗവി കാണാന്‍ എത്തുന്ന സഞ്ചാരികള്‍ക്കു ഇനി ബസില്‍ കാനനഭംഗി കണ്ട് മടങ്ങാം. കോവിഡുമായി ബന്ധപ്പെട്ടാണ് ഇരു സര്‍വിസുകളും താല്‍ക്കാലികമായി നിര്‍ത്തിയത്. ഗവി ബസ് സര്‍വിസ് നിലച്ചതിനാല്‍ ഗവി നിവാസികള്‍ പുറം ലോകവുമായുള്ള ബന്ധം പൂര്‍ണമായും നിലച്ചിരുന്നു.
ഗവി സര്‍വിസ് പത്തനംതിട്ട സ്റ്റാന്‍ഡില്‍നിന്ന് രാവിലെ 6.30ന് സര്‍വിസ് ആരംഭിക്കും. വടശ്ശേരിക്കര, പെരുനാട്, ആങ്ങമൂഴി, മൂഴിയാര്‍, കക്കി, ആനത്തോട്, കൊച്ചുപമ്ബ, ഗവി വഴി 12.30ന് കുമളി കെ.എസ്.ആര്.ടി.സി ബസ് സ്റ്റാന്‍ഡില്‍ എത്തും. ഉച്ചക്ക് 1.20ന് കുമളിയില്‍നിന്ന് തിരിക്കുന്ന ബസ് വൈകീട്ട് ഏഴിന് പത്തനംതിട്ടയില്‍ മടങ്ങിയെത്തും. കാട്ടാക്കട ബസ് വെളുപ്പിന് 4.15ന് കാട്ടാക്കടയില്‍നിന്ന് സര്‍വിസ് ആരംഭിക്കും.
അഞ്ചിന് തിരുവനന്തപുരത്തും ഏഴിന് പുനലൂരിലും 8.10ന് പത്തനംതിട്ടയിലും 11ന് മൂഴിയാറിലും എത്തും. ഉച്ചക്കുശേഷം 2.45ന് മൂഴിയാറില്‍നിന്ന് കാട്ടാക്കടയിലേക്കുമടങ്ങും. ശബരിഗിരി ജലവൈദ്യുതി പദ്ധതിയിലെ ഉദ്യോഗസ്ഥരാണ് പ്രധാന യാത്രക്കാര്‍. ദിവസം 20,000 രൂപയില്‍ അധികമാണ് കളക്ഷന്‍ ലഭിക്കുന്നത്.
