ജമാഅത്തിന് സീറ്റ്: കോണ്‍ഗ്രസില്‍ പ്രതിഷേധം; കൂട്ടരാജി

കോഴിക്കോട് | ജമാഅത്തെ ഇസ്‌ലാമിക്ക് സീറ്റ് നല്‍കിയതുമായി ബന്ധപ്പെട്ട് ചെറുവണ്ണൂരിലെ കോണ്‍ഗ്രസില്‍ കൂട്ടരാജി. ബ്ലോക്ക് കോണ്‍ഗ്രസ് സെക്രട്ടറി ഉള്‍പ്പെടെ 16 നേതാക്കളാണ് രാജി നല്‍കിയത്. നേരത്തെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ മത്സരിച്ചുകൊണ്ടിരുന്ന സീറ്റില്‍ വെല്‍ഫയര്‍ പാര്‍ട്ടിയുടെ മണ്ഡലം പ്രസിഡന്റ് എം എ ഖയ്യൂമിനെ യു ഡി എഫിന്റെ സ്വതന്ത്ര സ്ഥാനാര്‍ഥിയാക്കി സ്ഥാനാര്‍ഥിപ്പട്ടിക പ്രസിദ്ധീകരിച്ചതില്‍ പ്രതിഷേധിച്ചാണ് രാജി.
ബേപ്പൂര്‍ ബ്ലോക്ക് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി അയനിക്കാട് ഉണ്ണികൃഷ്ണന്‍, ചെറുവണ്ണൂര്‍ മണ്ഡലം കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി വി പി കൃഷ്ണന്‍, സെക്രട്ടറിമാരായ പി പി മുഹമ്മദ് റിയാസ്, അബ്ദുസ്സമദ് പി പി, ചെറുവണ്ണൂര്‍ വെസ്റ്റ് കോണ്‍ഗ്രസ് ഡിവിഷന്‍് ജനറല്‍ സെക്രട്ടറി ശഹബാസ്, വൈസ് പ്രസിഡന്റ് എം പി ശങ്കര്‍, യൂത്ത് കോണ്‍ഗ്രസ് മണ്ഡലം ഭാരവാഹികളായ അമല്‍, മിഥുന്‍ തുടങ്ങിയവരാണ് രാജി നല്‍കിയത്. തീരുമാനം പുനഃപരിശോധിച്ചില്ലെങ്കില്‍ കൂടുതല്‍ പേര്‍ രാജിവെക്കുമെന്നാണ് വിവരം.

കോഴിക്കോട് കോര്‍പറേഷനില്‍ മൂഴിക്കല്‍, ചെറുവണ്ണൂര്‍ വെസ്റ്റ് വാര്‍ഡുകളാണ് വെല്‍ഫയറിന് നല്‍കിയത്. സ്ഥാനാര്‍ഥി നിര്‍ണയത്തെച്ചൊല്ലി മൂഴിക്കലില്‍ മുസ്‌ലിം ലീഗിലുണ്ടായ വിവാദത്തിന്റെ പിറകെയാണ് ചെറുവണ്ണൂരിലെ കൂട്ടരാജി. ഇത് ജമാഅത്തുമായി യു ഡി എഫ് ഉണ്ടാക്കിയ രഹസ്യധാരണ പലയിടത്തും പാളുകയാണെന്നതിന്റെ സൂചനയാണ്.

കോര്‍പറേഷനിലെ തിരഞ്ഞെടുപ്പ് കമ്മിറ്റിയുടെ നിര്‍ദേശമനുസരിച്ച്‌ ഡിവിഷനില്‍ സ്ഥാനാര്‍ഥിയായി പരിഗണിക്കേണ്ടവരുടെ ലിസ്റ്റ് ജില്ലാ നേതൃത്വത്തിന് നല്‍കിയിരുന്നു. എന്നാല്‍, ഇതിന് മുമ്ബ് ഡിവിഷന്‍ വെല്‍ഫയറിന് നല്‍കി നേതൃത്വം രഹസ്യധാരണയുണ്ടാക്കി തങ്ങളെ വഞ്ചിച്ചുവെന്നാണ് പ്രാദേശിക കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നത്.
ചെറുവണ്ണൂരിലെ സ്ഥാനാര്‍ഥി നിര്‍ണയത്തിലെ പ്രതിഷേധം കനത്തതോടെ ചൊവ്വാഴ്ച രാത്രി എം കെ രാഘവന്‍ എം പിയുടെയും ഡി സി സി പ്രസിഡന്റ് രാജീവന്‍ മാസ്റ്ററുടെയും നേതൃത്വത്തില്‍ പ്രാദേശിക നേതാക്കളുടെ പ്രത്യേക കണ്‍വന്‍ഷന്‍ വിളിച്ചു ചേര്‍ത്തിരുന്നു.

ഈ യോഗത്തില്‍ സീറ്റ് വെല്‍ഫയര്‍ പാര്‍ട്ടിക്ക് നല്‍കിക്കൊണ്ടുള്ള നേതൃത്വത്തിന്റെ തീരുമാനത്തിനെതിരെ കടുത്ത വിമര്‍ശനമാണ് ഉയര്‍ന്നത്. പ്രദേശത്തെ ഒരു കോണ്‍ഗ്രസ് നേതാവും എം പിയുമായി രൂക്ഷമായ വാഗ്വാദം ഉണ്ടായി. ശേഷം യോഗത്തില്‍ നിന്ന് എം കെ രാഘവനും രാജീവന്‍ മാസ്റ്ററും ഇറങ്ങിപ്പോകുകയായിരുന്നു.
അതേസമയം, യു ഡി എഫ് ജില്ലാ നേതൃത്വത്തിന്റെ തീരുമാനത്തിനെതിരെ ഇവിടെ ഒരു പ്രാദേശിക കോണ്‍ഗ്രസ് നേതാവിനെ സ്ഥാനാര്‍ഥിയാക്കാനുള്ള നീക്കവും നടക്കുന്നുണ്ട്.

എ ഗ്രൂപ്പ് സീറ്റ് പിടിച്ചെടുത്തുവെന്ന്;
കെ പി സി സി അപ്പീല്‍ കമ്മിറ്റിക്ക് പരാതി

കോര്‍പറേഷനില്‍ വലിയങ്ങാടി, പുഞ്ചപ്പാടം സീറ്റുകള്‍ എ ഗ്രൂപ്പ് പിടിച്ചെടുത്തുവെന്ന് ഐ ഗ്രൂപ്പിന്റെ പരാതി. കഴിഞ്ഞ രണ്ട് തവണ ലോക്് താന്ത്രിക് ജനതാദള്‍ മത്സരിച്ച വലിയങ്ങാടി നേരത്തേ കോണ്‍ഗ്രസിലെ ഐ ഗ്രൂപ്പിന്റേതായിരുന്നു. കൂടാതെ, പുഞ്ചപ്പാടത്ത് കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പില്‍ ഐ ഗ്രൂപ്പിന്റെ സ്ഥനാര്‍ഥിയായ ലൈലയാണ് മത്സരിച്ചത്.

എന്നാല്‍, ഇത്തവണ എ ഗ്രൂപ്പുകാരായ സ്ഥാനാര്‍ഥികളെയാണ് പ്രഖ്യാപിച്ചത്. നേരത്തേ ഈ രണ്ട് വാര്‍ഡുകളിലെയും സ്ഥാനാര്‍ഥികളെ സംബന്ധിച്ച്‌ നടന്ന ചര്‍ച്ചയില്‍ തീരുമാനമാകാത്തതിനെത്തുടര്‍ന്ന് സംസ്ഥാന അപ്പീല്‍ കമ്മിറ്റിയെ സമീപിക്കാനായിരുന്നു നിര്‍ദേശം. എന്നാല്‍, എ ഗ്രൂപ്പുകാരനായ ഡി സി സി പ്രസിഡന്റ് രാജീവന്‍ മാസ്റ്ററുടെ നേതൃത്വത്തില്‍ ഈ തീരുമാനം ലംഘിക്കുകയായിരുന്നുവെന്നാണ് ആക്ഷേപം.

ഇത് സംബന്ധിച്ച്‌ കോണ്‍ഗ്രസ് ഐ ഗ്രൂപ്പ് കെ പി സി സി അപ്പീല്‍ കമ്മിറ്റിക്ക് പരാതി നല്‍കിയിട്ടുണ്ട്. പുഞ്ചപ്പാടത്ത് എ ഗ്രൂപ്പിലെ രാജീവന്‍ തിരുവച്ചിറയും വലിയങ്ങാടിയില്‍ എസ് കെ അബൂബക്കറുമാണ് നിലവില്‍ യു ഡി എഫ് സ്ഥാനാര്‍ഥികള്‍.

Leave a Reply

Your email address will not be published. Required fields are marked *