എം ബി ബി എസ് പ്രവേശന നടപടി അംഗീകരിക്കില്ല

തിരുവനന്തപുരം: സ്വാശ്രയ മെഡിക്കല്‍ കോളജുകള്‍ എംബിബിഎസ്, ബിഡിഎസ് പ്രവേശനത്തിനായി ക്ഷണിച്ചിട്ടുള്ള അപേക്ഷകള്‍ അംഗീകരിക്കില്ലെന്ന കടുത്ത നിലപാടില്‍ ആരോഗ്യ സര്‍വകലാശാല രംഗത്തെത്തിയതോടെ കാര്യങ്ങല്‍ കൂടുതല്‍ സങ്കീര്‍ണമാവുന്നു. സ്വാശ്രയ മെഡിക്കല്‍ പ്രവേശനത്തില്‍ വ്യക്തതയില്ലാതായതോടെ കഴിഞ്ഞ ദിവസം കേരള പ്രൈവറ്റ് മെഡിക്കല്‍ കോളജ് അസോസിയേഷനു കീഴിലുള്ള നാലു കോളജുകള്‍ സ്വന്തമായി പ്രവേശന നടപടികള്‍ക്കായി പരസ്യം നല്കിയിരുന്നു. ഇതിനിടെയാണ് ആരോഗ്യ സര്‍വകലാശാല നിലപാടെടുത്തത്.
സംസ്ഥാന സര്‍ക്കാര്‍ ഇറക്കിയിരിക്കുന്ന ഉത്തരവ് ലംഘിക്കപ്പെടുന്ന നിലയിലാണ് സ്വാശ്രയ മെഡിക്കല്‍ മാനേജ്‌മെന്റ് പ്രവേശനം ക്ഷണിച്ചിട്ടുള്ളതെന്ന്് ആരോഗ്യ സര്‍വകലാശാലയുടെ അറിയിപ്പില്‍ പറയുന്നു. സംസ്ഥാന സര്‍ക്കാര്‍ പുറപ്പെടുവിച്ചിട്ടുള്ള ഉത്തരവിലെ മാനദണ്ഡം അനുസരിച്ചു പ്രവേശനം നേടുന്ന വിദ്യാര്‍ഥികളുടെ പ്രവേശനം മാത്രമേ അംഗീകരിക്കുകയുള്ളെന്നും ആരോഗ്യ സര്‍വകലാശാലാ രജിസ്ട്രാര്‍ വ്യക്തമാക്കി.
ഇതോടെ സ്വാശ്രയ മെഡിക്കല്‍ പ്രവേശന വിവാദം പുതിയ തലത്തിലേക്കു നീങ്ങി. ആരോഗ്യ സര്‍വകലാശാലയുടെ അറിയിപ്പിനു പിന്നാലെ സംസ്ഥാനത്തെ പ്രൈവറ്റ് മെഡിക്കല്‍ കോളജ് മാനേജ്‌മെന്റ് അസോസിയേഷനു കീഴിലുള്ള 16 കോളജുകളും സ്വന്തം നിലയ്ക്കുള്ള പ്രവേശന നടപടികള്‍ക്കായി പരസ്യം നല്കി. സംസ്ഥാനത്ത് പ്രവേശന നടപടികള്‍ ആരംഭിക്കാത്തത് വിദ്യാര്‍ഥികളിലും രക്ഷിതാക്കളിലും ആശങ്ക ഉണ്ടാക്കിയിട്ടുണ്ട്. അന്യ സംസ്ഥാനങ്ങളില്‍ പ്രവേശന നടപടികള്‍ ആരംഭിക്കുകയും ചെയ്തു.
പ്രവേശന നടപടികള്‍ക്കു മേല്‍നോട്ടം വഹിക്കുന്ന ജസ്റ്റീസ് ജയിംസ് കമ്മിറ്റിക്കു മുമ്പാകെ ഇന്നലെ ലഭിച്ച പ്രോസ്‌പെക്ടസുകള്‍ കൂടുതല്‍ വിശദീകരണം ആവശ്യപ്പെട്ടു തിരിച്ചയച്ചു. മാനേജ്‌മെന്റ്, എന്‍ആര്‍ഐ ക്വോട്ട പ്രവേശന നടപടികള്‍ സംബന്ധിച്ച് പ്രോസ്‌പെക്ടസില്‍ വ്യക്തമാക്കുന്നില്ലെന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ഈ നടപടി. കൊല്ലം ട്രാവന്‍കൂര്‍, പെരിന്തല്‍മണ്ണ എം.ഇ.എസ്, ഒറ്റപ്പാലം പി.കെ. ദാസ്, കോഴിക്കോട് മലബാര്‍, തിരുവനന്തപുരം എസ്‌യുടി, കൊല്ലം അസീസിയ, എറണാകുളം ശ്രീനാരായണ, വയനാട് ഡി.എം. എന്നീ കോളജുകളുടെ പ്രോസ്‌പെക്ടസാണു ജയിംസ് കമ്മിറ്റി തിരിച്ചയച്ചത്.
പ്രവേശന നടപടികള്‍ കുഴഞ്ഞുമറിയുന്നതിനിടെ ഡെന്റല്‍ കോഴ്‌സുകള്‍ക്ക് ഏകീകൃത ഫീസെന്ന പ്രഖ്യാപനം നടത്തി ഒടുവില്‍ അതില്‍നിന്നു പിന്‍മാറിയ സര്‍ക്കാര്‍ ഇപ്പോള്‍ മെഡിക്കല്‍ പ്രവേശനം സംബന്ധിച്ച് ഒന്നും പറയുന്നുമില്ല. പ്രവേശന നടപടികള്‍ സംബന്ധിച്ച് ഇന്നലെ മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും തമ്മില്‍ കൂടിക്കാഴ്ച നടത്തി. തുടര്‍ന്നു മാധ്യമങ്ങളെ കണ്ട ആരോഗ്യമന്ത്രി പ്രവേശന നടപടികള്‍ സംബന്ധിച്ചുള്ള സര്‍ക്കാരിന്റെ മുന്‍ നിലപാടില്‍ യാതൊരു മാറ്റവുമില്ലെന്നാണ് അറിയിച്ചത്. എന്നാല്‍, കേസ് ഉള്ളതിനാല്‍ കോടതിയുടെ നിലപാടുകൂടി അറിഞ്ഞശേഷം തുടര്‍നടപടികള്‍ കൈക്കൊള്ളാനാണു തീരുമാനം. സ്വാശ്രയ കേസ് ഹൈക്കോടതി ഇന്നു പരിഗണിക്കും. കോടതി തീരുമാനം അറിഞ്ഞശേഷം പ്രവേശന നടപടികള്‍ സംബന്ധിച്ച് അടിയന്തര യോഗം ചേരാനാണ് ജസ്റ്റീസ് ജയിംസ് കമ്മിറ്റിയുടെയും തീരുമാനം.

Leave a Reply

Your email address will not be published. Required fields are marked *