പട്ന: ( 16.02.2021) അഞ്ചാം ക്ലാസ് വിദ്യാര്‍ഥിനിയായ 11 വയസുകാരിയെ തുടര്‍ച്ചയായി പീഡനത്തിനിരയാക്കിയ സംഭവത്തില്‍ ബിഹാറില്‍ സ്കൂള്‍ പ്രിന്‍സിപ്പലിന് വധശിക്ഷ. ഇരയ്ക്ക് പ്രതി 15 ലക്ഷം രൂപ നല്‍കണമെന്നും കോടതി ഉത്തരവിട്ടു. പട്നയിലെ ന്യൂ സെന്‍ട്രല്‍ പബ്ലിക് സ്കൂള്‍ പ്രിന്‍സിപ്പാളും ഉടമയുമായ അരവിന്ദ് കുമാറിനാണ് കോടതി വധശിക്ഷ വിധിച്ചത്. ദിവസവേതനക്കാരനായ ആളുടെ മകളെയാണ് അരവിന്ദ് കുമാര്‍ പീഡനത്തിനിരയാക്കിയത്. പ്രതിക്ക് ഒരു ലക്ഷം രൂപ പിഴയും ചുമത്തിയിട്ടുണ്ട്.പ്രതിയുമായി ഗൂഢാലോചന നടത്തിയ സ്കൂള്‍ അധ്യാപകന് അഭിഷേക് കുമാറിനെ ജീവപര്യന്തം തടവിന് ശിക്ഷിച്ചതായും സ്പെഷല്‍ കോടതി ജഡ്ജി അവദേശ് കുമാര്‍ വിധിച്ചു. അഭിഷേകിന് 50,000 രൂപ പിഴയുമുണ്ട്. ഈ തുകയും ഇരയ്ക്കു ലഭിക്കും. അരവിന്ദിന്റെ ഉടമസ്ഥതയിലുള്ള പട്നയിലെ ന്യൂ സെന്‍ട്രല്‍ പബ്ലിക് സ്കൂളില്‍ 2018 ജൂലൈയ്ക്കും ഓഗസ്റ്റിനും ഇടയിലാണു പീഡനം നടന്നത്. കേസിന്റെ സ്വഭാവം പരിഗണിച്ചു പ്രതിക്കു വധശിക്ഷയില്‍ കുറഞ്ഞതൊന്നും നല്കാന് സാധിക്കില്ലെന്നു ജഡ്ജി അറിയിച്ചു. പീഡനത്തിനിരയായ പെണ്‍കുട്ടിയില്‍ ആരോഗ്യപ്രശ്നങ്ങള്‍ കണ്ടതോടെയാണു സംഭവം പുറത്തായത്.
തുടര്‍ന്ന് രക്ഷിതാക്കള്‍ ആശുപത്രിയിലെത്തിച്ചതോടെ പെണ്‍കുട്ടി ഗര്‍ഭിണിയാണെന്നു വ്യക്തമായി. തുടര്‍ന്ന് പെണ്‍കുട്ടിയില്‍ നിന്നും കാര്യങ്ങള്‍ ചോദിച്ചറിഞ്ഞ രക്ഷിതാക്കള്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ കേസിലെ രണ്ടു പ്രതികളെയും അറസ്റ്റ് ചെയ്യുകയായിരുന്നു.
അധ്യാപകനായ അഭിഷേകാണു പെണ്‍കുട്ടിയെ ആദ്യം പ്രിന്‍സിപ്പലിന്റെ മുറിയിലേക്കു പറഞ്ഞുവിട്ടത്. സ്കൂള്‍ കെട്ടിടത്തിലെ പ്രിന്‍സിപ്പലിന്റെ മുറിയില്‍വച്ച് പെണ്‍കുട്ടി രണ്ട് മാസത്തിനിടെ ആറു തവണയെങ്കിലും പീഡിപ്പിക്കപ്പെട്ടതായി സ്പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ സുരേഷ് ചന്ദ്രപ്രസാദ് പറഞ്ഞു. കോടതി അനുമതി പ്രകാരം പെണ്‍കുട്ടിയെ അബോര്ഷന് വിധേയയാക്കി.
കേസില്‍ അന്വേഷണ സംഘം ശേഖരിച്ച ഡിഎന്‍എ സാംപിള്‍ ഫൊറന്‍സിക് പരിശോധനയിലൂടെ അരവിന്ദിന്റെ ഡിഎന്‍എയുമായി ഒത്തുപോകുന്നതാണെന്നാണു കണ്ടെത്തി. സംഭവിച്ച കാര്യങ്ങള്‍ പെണ്‍കുട്ടി കോടതിയില്‍ നേരിട്ടു ബോധിപ്പിച്ചു. പീഡന വിവരം പുറത്തായതോടെ സ്കൂളിലെ ക്ലാസുകള്‍ നിര്‍ത്തിവച്ചിരിക്കുകയാണ്
