കുറ്റപത്രത്തില്‍ പേരില്ല, ബിനീഷിന് ജാമ്യം ലഭിച്ചേക്കും; സെക്രട്ടറി സ്ഥാനത്തേക്ക് വീണ്ടും കോടിയേരി എത്തിയേക്കും

തിരുവനന്തപുരം: കണ്ണൂരില്‍ നിന്നുള്ള നേതാക്കലെ മറികടന്നുകൊണ്ടായിരുന്നു കഴിഞ്ഞ വര്‍ഷം അവസാനത്തോടെ സിപിഎം സംസ്ഥാന സെക്രട്ടറി പദഴിയിലേക്ക് എ വിജയരാഘവന്‍ എത്തിയത്. എന്നാല്‍ ഇപ്പോള്‍ കോടിയേരി ബാലകൃഷ്ണന്‍ വീണ്ടും സെക്രട്ടറി സ്ഥാനത്തേക്ക് വരുന്നെന്ന അഭ്യൂഹങ്ങള്‍ പരക്കുകയാണ്. എന്നാല്‍ ഇക്കാര്യത്തില്‍ സിപിഎമ്മിന്റെ ഭാഗത്ത് നിന്ന് ഔദ്യോഗിക സ്ഥിരീകരണം ഒന്നും തന്നെ വന്നിട്ടില്ല. തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് സിപിഎം ഇപ്പോള്‍ നിര്‍ണായക നീക്കം നടത്തുന്നതെന്നാണ് സൂചന.

കൂടാതെ ബംഗളൂരു മയക്കുമരുന്ന് കേസിലെ കുറ്റപത്രത്തില്‍ ബിനീഷ് കോടിയേരിയുടെ പേരില്ല എന്നതും കോടിയേരിയുടെ മടങ്ങിവരവിന് സാധ്യത വര്‍ദ്ധിപ്പിക്കുന്നു. ഹൈക്കോടതിയെ സമീപിക്കുന്ന ബിനീഷ് കോടിയേരിക്ക് ജാമ്യം ലഭിക്കുമെന്ന പ്രതീക്ഷ പാര്‍ട്ടി കേന്ദ്രങ്ങളില്‍ പ്രചരിക്കുന്നുണ്ട്. കോടിയേരിയെ വീണ്ടും സെക്രട്ടറി സ്ഥാനത്തേക്ക് പരിഗണിക്കുമെന്ന പ്രചരണം ശക്തമാണ്. എന്നാല്‍ ഇന്നലെ ചേര്‍ന്ന സംസ്ഥാന സെക്രട്ടറിയേറ്റ് ഇക്കാര്യം പരിഗണിച്ചില്ല.

അതേസമയം, ചികത്സ തുടരുന്ന കോടിയേരി ഇതുവരെ പൂര്‍ണമായും സുഖം പ്രാപിച്ചിട്ടില്ല. 2 മാസം കൂടി ചികിത്സ തുടര്‍ന്നേക്കുമെന്നാണ് സൂചന. ഈ സാഹചര്യത്തില്‍ യാത്രയ്ക്കും പൊതുപരിപാടികള്‍ക്കും നിയന്ത്രണം ഉണ്ട്. എല്‍ഡിഎഫിന്റെ വികസന മുന്നേറ്റ ജാഥയില്‍ തിരുവനന്തപുരത്ത് സമാപന സമ്മേളനത്തില്‍ കോടിയേരി ബാലകൃഷ്ണന്‍ പങ്കെടുത്തില്ലായിരുന്നു. അതേസമയം, കോടിയേരി തിരികെ എത്തുന്നതോടെ എ വിജയരാഘവന്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനിറങ്ങുമെന്ന സൂചനയും പുറത്തുവരുന്നുണ്ട്.

വിഎസ് അച്യുതാനന്ദന്റെ മണ്ഡലമായ മലമ്ബുഴയിലാവും എ വിജയരാഘവന്‍ മത്സരിക്കാന്‍ ഇറങ്ങുക എന്നാണ് സൂചന. പ്രായാധിക്യം കാരണം ഭരണപരിഷ്‌ക്കാര കമ്മീഷന്‍ സ്ഥാനവും അടുത്തിടെ ഒഴിഞ്ഞ് പൂര്‍ണമായും വിശ്രമ ജീവിതത്തിലേക്ക് മാറിയ വിഎസ് ഇനി തിരഞ്ഞെടുപ്പ് കളത്തിലേക്കുണ്ടായേക്കില്ല. മലമ്ബുഴ നിലനിര്‍ത്താന്‍ ശക്തനായ സ്ഥാനാര്‍ത്ഥി എന്ന നിലയില്‍ വിജയരാഘവനെ പരിഗണിക്കുമെന്നാണ് സൂചന.

Leave a Reply

Your email address will not be published. Required fields are marked *