റിയാദ്: നിതാഖാത്തിന്റെ ഭീതി അനുഭവിച്ച കേരളത്തിന് ഒരു തിരിച്ചടി കൂടിയായി സൗദി അറേബ്യയിലെ മൊബൈല്‍ ഫോണ്‍ വില്‍പ്പന, സര്‍വ്വീസ് കേന്ദ്രങ്ങളില്‍ സമ്പൂര്‍ണ്ണ സ്വദേശിവല്‍ക്കരണം പ്രാബല്യത്തില്‍. പ്രവാസികള്‍ നടത്തിവന്ന കടകളില്ഭൂരിഭാഗവും അടച്ചുപൂട്ടി. ചില സ്ഥാപനങ്ങള്‍ ഇതിനകം ഇലക്ട്രോണിക്സ്, ഫാര്‍മസി, സ്റ്റേഷനറി തുടങ്ങിയവയിലേക്കു ലൈസന്‍സ് മാറ്റിയിട്ടുണ്ട്. മൊബൈല്‍ ഫോണുകളുടെയും അനുബന്ധ സംവിധാനങ്ങളുടേയും നിലവിലുളള സ്റ്റോക്ക് വിറ്റഴിക്കാനാകാത്തതു നഷ്ടമുണ്ടാക്കിയെന്നു പ്രവാസികള്‍ പറയുന്നു.
ലൈസന്‍സ് മാറിയ കടകളില്‍ ഫോണ്‍ വില്‍ക്കാനോ സര്‍വ്വീസിങ് നടത്താനോ നിയമപ്രകാരം കഴിയുകയില്ല. പിടിക്കപ്പെട്ടാല്‍ നാടുകടത്തലും പിഴയുമാണു ശിക്ഷ. മൊബൈല്‍ മേഖലയില്‍ ജോലിയില്‍ തുടര്‍ന്നാല്‍ നിയമ നടപടികള്‍ നേരിടേണ്ടിവരുമെന്ന് ഭയന്നു പ്രവാസികളില്‍ ഒരു വിഭാഗം ഈയാഴ്ചതന്നെ നാട്ടിലേക്കു മടങ്ങാനും ഒരുങ്ങുന്നു. ആയിരക്കണക്കിനു മലയാളികളാണു സൗദിയിലെ മൊബൈല്‍ വില്‍പ്പന, അനുബന്ധ മേഖലകളില്‍ ജോലി ചെയ്തിരുന്നത്. തദ്ദേശീയര്‍ കടന്നു വരുന്ന ഓരോ മേഖലകളിലും സൗദി സര്‍ക്കാര്‍ സ്വദേശിവത്കരണം നടപ്പാക്കുകയാണ്. കേരളത്തില്‍ നിന്ന് ഏറെ പേര് സൗദിയിലെ വിവിധ ആശുപത്രികളില്‍ നഴ്സുമാരായി ജോലി ചെയ്യുന്നുണ്ട്. ഇവര്‍ക്കും ഭീഷണിയായി തദ്ദേശീയര്‍ നഴ്സിംഗ് കോഴ്സുകള്‍ പാസാവുന്നുണ്ട്.
