വാഷിംഗ്ടണ്‍: ജെസി ഹെപലാലിന്റെ ഒരു ട്വീറ്റ് ശ്രദ്ധയാകര്‍ഷിക്കുകയാണ്. ‘വിസ്മയകരമായ കാലത്തിലൂടെയാണ് ഞങ്ങള്‍ ഇപ്പോള്‍ കടന്നുപോയിക്കൊണ്ടിരിക്കുന്നത്. എന്റെ സഹോദരന്‍ ഒരു കുഞ്ഞിനെ പ്രസവിച്ചിരിക്കുന്നു.’
ടൈം മാഗസിനിലെഴുതിയ ലേഖനത്തില്‍ അമേരിക്കക്കാരിയായ ജെസി ഭിന്നലിംഗക്കാരനായ സഹോദരനെക്കുറിച്ച് പറയുന്നതിങ്ങനെ ഇപ്പോള്‍ 35 വയസുള്ള ഇവാന്‍ ഒരു പെണ്‍കുട്ടിയായാണ് ജനിച്ചത്. ഇവാന്‍ ഒരു ട്രാന്‍സ്‌ജെന്‍സറാണെന്ന് തിരിച്ചറിഞ്ഞത് 16 വര്‍ഷങ്ങള്‍ക്ക് മുന്‍പായിരുന്നു. ട്രാന്‍സ്‌ജെന്‍ഡര്‍ പുരുഷനായി ജീവിക്കാന്‍ ആരംഭിച്ചിട്ടും കുഞ്ഞിന് ജന്മം നല്‍കുക എന്ന വിചിത്രമായ ആഗ്രഹം ഉപേക്ഷിക്കാന്‍ തയ്യാറായിരുന്നില്ല. അതുകൊണ്ടുതന്നെ തന്റെ സ്‌ത്രൈണ അവയവങ്ങള്‍ നിലനിര്‍ത്തിക്കൊണ്ടുതന്നെയായിരുന്നു ഇവാന്‍ ഹോര്‍മോണ്‍ ചികിത്സക്ക് വിധേയനായതെന്നും ജെസി എഴുതുന്നു.
മൂന്ന് വര്‍ഷം മുമ്പാണ് തന്റെ ജീവിത പങ്കാളിയുടെ കൂടി അംഗീകാരത്തോടെ അദ്ദേഹം കുഞ്ഞിനെ പ്രസവിക്കാന്‍ തീരുമാനമെടുത്തത്. അതോടെ പുരുഷ ഹോര്‍മാണായ ടെസ്റ്റോസ്റ്റെറോണ്‍ സ്വീകരിക്കുന്നത് പൂര്‍ണമായും നിര്‍ത്തിവെച്ചു. പിന്നീട് കൃത്രിമ ബീജധാരണത്തിലൂടെ ഇവാന്‍ ഗര്‍ഭവാനായി.
ഗര്‍ഭധാരണ സമയത്ത് ഉണ്ടായേക്കാവുന്ന ശാരീരിക മാനസിക സമ്മര്‍ദ്ദങ്ങള്‍ താങ്ങാനാകുമോ എന്ന് ബന്ധുക്കള്‍ക്ക് ആശങ്കയുണ്ടായിരുന്നു. എങ്കിലും താനത് ആസ്വദിച്ചു എന്നാണ് ഇവാന്റെ മറുപടി.
ഒരു ഭാഗ്യപരീക്ഷണമായാണ് താന്‍ ഈ കര്‍ത്തവ്യം ഏറ്റെടുത്തത്. എന്നാല്‍ എന്റെ ശരീരത്തിന് ഇത്രയും മഹത്തായ കര്‍മം നിര്‍വഹിക്കാന്‍ കഴിഞ്ഞു എന്നത് വലിയ സന്തോഷം തരുന്നുവെന്നും ഇവാന്‍ കൂട്ടിച്ചേര്‍ത്തു.
പ്രസവിച്ച ആറ് ദിവസങ്ങള്‍ക്ക് ശേഷമാണ് ഞാന്‍ സഹോദരനെ കണ്ടതെന്ന് ടൈം മാഗസിനിലെ ലേഖനത്തില്‍ ജെസി എഴുതുന്നു. പ്രസവവും മുലയൂട്ടലും ഇവാനെ മറ്റൊരു തരത്തിലും മാറ്റിയിട്ടില്ല. മാനസികമായി പുരുഷന്‍ തന്നെയാണ് ഇപ്പോഴുമെന്നും ജെസി കുറിക്കുന്നു
