നിലമ്ബൂരില്‍ യു.ഡി.എഫ്-ബി.ജെ.പി വോട്ട് കച്ചവടം നടന്നുവെന്ന് പി.വി അന്‍വര്‍ എം.എല്‍.എ

മലപ്പുറം: നിലമ്ബൂരില്‍ യു.ഡി.എഫ്-ബി.ജെ.പി വോട്ട് കച്ചവടം നടന്നുവെന്ന് പി.വി അന്‍വര്‍ എം.എല്‍.എ. കോണ്‍ഗ്രസ് നേതാവ് ആര്യാടന്‍ ഷൗക്കത്തിന്‍റെ ഫേസ്ബുക്ക് കുറിപ്പ് വ്യക്തമാക്കുന്നത് ഈ കച്ചവടത്തെ കുറിച്ചാണെന്നും പി.വി അന്‍വര്‍ എം.എല്‍.എ ഫേസ്ബുക്കില്‍ കുറിച്ചു. ആര്യാടന്‍ ഷൗക്കത്തിന്‍റെ ഫേസ്ബുക്ക് കുറിപ്പിലെ ‘പദവികള്‍ക്ക്‌ വേണ്ടി മതേതര മൂല്യങ്ങള്‍ പണയം വച്ച്‌, മതാത്മക രാഷ്ട്രീയത്തിന്റെ മുന്നില്‍ മുട്ടില്‍ ഇഴയുന്നവര്‍’ എന്ന വരികളാണ് ഇതിന് തെളിവായി അന്‍വര്‍ ചൂണ്ടിക്കാട്ടുന്നത്.

മതേതര മൂല്യങ്ങള്‍ ഉയര്‍ത്തി പിടിക്കുന്നുവെന്ന് അവകാശപ്പെടുന്ന ഒരു ദേശീയ പാര്‍ട്ടിയായ കോണ്‍ഗ്രസിന്‍റെ ഡി.സി.സി പ്രസിഡണ്ടിന്‍റെ വര്‍ഗീയതയുടെ കപടമുഖം ചര്‍ച്ച ചെയ്യപ്പെടണം. അതിന് വേണ്ടിയാണ് ഈ ഫേസ്ബുക്ക് കുറിപ്പ്. മറുപടി പറയേണ്ടത്‌ കോണ്‍ഗ്രസിന്‍റെ സംസ്ഥാന നേതൃത്വമാണ്. ബി.ജെ.പിയില്‍ ചേരുമെന്ന ഭീഷണി മുഴക്കി സ്ഥാനാര്‍ത്ഥിയായി സ്വന്തം അണികളെയും പ്രസ്ഥാനത്തെയും വര്‍ഗീയതയുടെ കൂടാരത്തില്‍ കൊണ്ട്‌ കെട്ടിയ ഇയാളെയൊക്കെ ജനം തിരിച്ചറിയുക തന്നെ ചെയ്യും -പി.വി അന്‍വര്‍ കുറിച്ചു.

ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണരൂപം:

‘പദവികള്‍ക്ക്‌ വേണ്ടി മതേതര മൂല്യങ്ങള്‍ പണയം വച്ച്‌, മതാത്മക രാഷ്ട്രീയത്തിന്റെ മുന്നില്‍ മുട്ടില്‍ ഇഴയുന്നവര്‍’. ഇക്കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിലെ യു.ഡി.എഫ്‌ സ്ഥാനാര്‍ത്ഥിയും നിലവില്‍ മലപ്പുറം ഡി.സി.സി പ്രസിഡന്റുമായ വ്യക്തിയെകുറിച്ച്‌ കെ.പി.സി.സി അംഗവും കഴിഞ്ഞ തവണത്തെ യു.ഡി.എഫ്‌ സ്ഥാനാര്‍ത്ഥിയുമായിരുന്ന ആര്യാടന്‍ ഷൗക്കത്ത്‌ അദ്ദേഹത്തിന്‍റെ സ്വന്തം ഫേസ്‌ ബുക്ക്‌ പേജില്‍ കുറിച്ച വാക്കുകളാണിത്‌..

തെരഞ്ഞെടുപ്പ്‌ പ്രവര്‍ത്തനങ്ങളുടെ ആദ്യഘട്ടത്തില്‍ തന്നെ യു.ഡി.എഫ്‌ സ്ഥാനാര്‍ത്ഥി ബി.ജെ.പിയുമായി നടത്തിയ കൂട്ടുകച്ചവടത്തിന്റെ കൃത്യമായ വിവരങ്ങള്‍ ലഭിച്ചിരുന്നു.മണ്ഡലത്തിലെ പ്രമുഖ ബി.ജെ.പി നേതാവിന്റെ വീട്ടില്‍ വച്ച്‌ യു.ഡി.എഫ്‌ സ്ഥാനാര്‍ത്ഥിയും ബി.ജെ.പി നേതൃത്വവും രണ്ട്‌ തവണ നേരിട്ട്‌ ചര്‍ച്ചയും നടത്തിയിരുന്നു.

ഈ വിവരങ്ങള്‍ അറിഞ്ഞതിന്റെ അടിസ്ഥാനത്തില്‍ തന്നെയാണ്,ബി.ജെ.പി ഉള്‍പ്പെടെയുള്ള ഒരു വര്‍ഗ്ഗീയ കക്ഷികളുടെയും വോട്ട്‌ എനിക്ക്‌ ആവശ്യമില്ല എന്ന് പരസ്യമായി പ്രഖ്യാപിച്ചതും,യു.ഡി.എഫ്‌ സ്ഥാനാര്‍ത്ഥിക്കും ഇങ്ങനെ പരസ്യമായി പറയാന്‍ തന്റേടമുണ്ടോ എന്ന് വെല്ലുവിളിച്ചതും.എന്നാല്‍ ഇന്ന് വരെ ഈ വിഷയത്തില്‍ ഡി.സി.സി പ്രസിഡന്റ്‌ കൂടിയായ എതിര്‍ സ്ഥാനാര്‍ത്ഥി ഒരക്ഷരം മിണ്ടിയിട്ടില്ല.

നിലമ്ബൂരില്‍ കൃത്യമായ വോട്ട്‌ കച്ചവടം യു.ഡി.എഫ്‌ സ്ഥാനാര്‍ത്ഥിയും ബി.ജെ.പിയും തമ്മില്‍ നടത്തിയിട്ടുണ്ട്‌.അത്‌ ആര്യാടന്‍ ഷൗക്കത്തിന്റെ വാക്കുകളില്‍ കൂടി ഇപ്പോള്‍ പുറത്ത്‌ വന്നിട്ടുണ്ട്‌. ഏതൊക്കെ വര്‍ഗ്ഗീയ ശക്തികളുമായി സന്ധി ചെയ്തിട്ടും കാര്യമില്ല. ഈ കൂട്ടുകെട്ടുകളെ നിലമ്ബൂരിലെ ജനത പോളിംഗ്‌ ബൂത്തിലെത്തി,തകര്‍ത്ത്‌ തരിപ്പണമാക്കിയിട്ടുണ്ട്‌.ഈ നാടിനൊരു മതേതര മുഖമുണ്ട്‌.അത്‌ ഉടന്‍ തന്നെ നിലമ്ബൂരിലെ യു.ഡി.എഫ്‌ സ്ഥാനാര്‍ത്ഥിക്ക്‌ ബോധ്യപ്പെടും. മതേതര മൂല്യങ്ങള്‍ ഉയര്‍ത്തി പിടിക്കുന്ന ഒരു ദേശീയ പാര്‍ട്ടി എന്ന് അവകാശപ്പെടുന്ന കോണ്‍ഗ്രസിന്റെ ഡി.സി.സി പ്രസിഡന്റിന്റെ വര്‍ഗ്ഗീയതയുടെ കപടമുഖം ചര്‍ച്ച ചെയ്യപ്പെടണം.അതിന് വേണ്ടിയാണ് ഈ പോസ്റ്റ്‌. കാരണമായത്‌ കോണ്‍ഗ്രസ്‌ നേതാവിന്റെ പോസ്റ്റാണെന്നതും യാദൃശ്ചികം.

മറുപടി പറയേണ്ടത്‌ കോണ്‍ഗ്രസിന്റെ സംസ്ഥാന നേതൃത്വമാണ്.കാരണം ഈ വര്‍ഗ്ഗീയ കൂട്ടുകെട്ടിനെ കുറിച്ച്‌ പരസ്യമായി പറഞ്ഞത്‌ പി.വി.അന്‍വര്‍ മാത്രമല്ല.ഞാന്‍ പറഞ്ഞതിനെ സാധൂകരിക്കുന്ന ആരോപണങ്ങള്‍ ഇപ്പോള്‍ ഉയര്‍ത്തിയിരിക്കുന്നത്‌ കെ.പി.സി.സി അംഗം കൂടിയായ ആര്യാടന്‍ ഷൗക്കത്താണ്.

ബി.ജെ.പിയില്‍ ചേരുമെന്ന ഭീഷണി മുഴക്കി സ്ഥാനാര്‍ത്ഥിയായി,സ്വന്തം അണികളെയും പ്രസ്ഥാനത്തെയും വര്‍ഗ്ഗീയതയുടെ കൂടാരത്തില്‍ കൊണ്ട്‌ കെട്ടിയ ഇയാളെയൊക്കെ ജനം തിരിച്ചറിയുക തന്നെ ചെയ്യും..

Leave a Reply

Your email address will not be published. Required fields are marked *