കൊല്‍ക്കത്ത: നന്ദിഗ്രാമില്‍ തോറ്റെങ്കിലും മുഖ്യമന്ത്രിയായി അധികാരമേറ്റ മമത ബാനര്‍ജി തന്റെ സുരക്ഷിത മണ്ഡലമായ ഭവാനിപ്പുരില്‍നിന്ന് വീണ്ടും മത്സരിക്കാന്‍ വഴിയൊരുക്കി. മുതിര്‍ന്ന തൃണമൂല്‍ നേതാവും നിലവില്‍ കൃഷിമന്ത്രിയുമായ സൊവാന്‍ദേബ് ചതോപാധ്യായ ഭവാനിപ്പുര്‍ നിയമസഭാംഗത്വം രാജിവച്ചു. മുതിര്‍ന്ന നേതാക്കളുടെ സാന്നിധ്യത്തില്‍ സ്പീക്കര്‍ ബിമന്‍ ബന്ദോപാധ്യായയ്ക്ക് രാജിക്കത്ത് നല്കി. മന്ത്രിസ്ഥാനം ഒഴിഞ്ഞിട്ടില്ല.
സൊവാന്‍ദേബ് സ്വന്തം ഇഷ്ടപ്രകാരം എംഎല്‍എ സ്ഥാനം ഒഴിഞ്ഞതാണെന്നും മമത ഇവിടെ മത്സരിക്കുന്നകാര്യം തീരുമാനിച്ചിട്ടില്ലെന്നുമാണ് തൃണമൂല്‍ വക്താവ് കുനാല്‍ ഘോഷ് പ്രതികരിച്ചത്. മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത മമതയ്ക്ക് ആറുമാസത്തിനകം നിയമസഭാംഗത്വം നേടേണ്ടതുണ്ട്.
തൃണമൂല്‍ നേതാവ് കാജല്‍ സിന്‍ഹ കോവിഡ് ബാധിച്ച് മരിച്ചതിനാല്‍ ഉപതെരഞ്ഞെടുപ്പ് വരുന്ന ഖര്ഡാ മണ്ഡലത്തില്‍നിന്ന് സൊവാന്‍ദേബ് വീണ്ടും മത്സരിച്ചേക്കും. ബിജെപിയുടെ രുദ്രാണി ഘോഷിനെയാണ് സൊവാന്‍ദേബ് ഭവാനിപ്പുരില്‍ പരാജയപ്പെടുത്തിയത്. 2011ലും 2016ലും ഇവിടെ മമത ജയിച്ചിരുന്നു.
