കണ്ണൂര്‍: ഇരിട്ടി നഗരസഭാ പരിധിയിലെ ഒരു കോളനിയില്‍ ആദിവാസി പെണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവത്തില്‍ പൊലീസിനെതിരെ ആരോപണവുമായി കുട്ടിയുടെ പിതാവ്. സംഭവത്തിലെ പ്രതി പ്രദേശത്തെ ഡി.വൈ.എഫ്.ഐ നേതാവായതുകൊണ്ട് പൊലീസിനുമേല്‍ ശക്തമായ രാഷ്ട്രീയ സമ്മര്‍ദ്ദമുണ്ടെന്നും കേസ് ഒതുക്കിതീര്‍ക്കാന്‍ ശ്രമം നടക്കുന്നുണ്ടെന്നും പിതാവ് ആരോപിച്ചു. ഒന്‍പതാം ക്ളാസ് വിദ്യാര്‍ത്ഥിനിയാണ് നേതാവിന്റെ നിരന്തരമായ പീഡനത്തിന് ഇരയായത്.
പരാതിയില്‍ കഴമ്ബുണ്ടെന്നും എന്നാല്‍ ഇരയായ കുട്ടി ഒന്നും തുറന്നുപറയുന്നില്ലെന്നുമാണ് പൊലീസ് പറയുന്നത്. കുട്ടിയെ കൗണ്‍സലിംഗിന് വിധേയമാക്കി കേസ് അന്വേഷണം മുന്നോട്ടുകൊണ്ടുപോകുമെന്നും ഇരിട്ടി ഡിവൈ.എസ്.പി പ്രിന്‍സ് അബ്രഹാം ‘കേരളകൗമുദി ഫ്ളാഷി”നോട് പറഞ്ഞു. കേസില്‍ പ്രതിയായ പ്രദേശത്തെ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകനായ പ്രതി നിധിന് ഒളിവിലാണ്. രാഷ്ട്രീയ സ്വാധീനമുള്ളത് കൊണ്ട് പ്രതി പിടിയിലാകില്ല എന്ന ഭയമുണ്ടെന്ന് കുട്ടിയുടെ അച്ഛന് പറഞ്ഞു. വീടുമായി നല്ല അടുപ്പമുള്ളയാളായ പ്രതി സ്കൂളില്‍ കൊണ്ടുപോയാണ് ഉപദ്രവിച്ചത്. പ്രതി ഒളിവിലെന്നും അന്വേഷണം തുടരുന്നതായും പൊലീസ് അറിയിച്ചു.
അയല്‍വാസിയായ വി.കെ. നിധിന് സ്കൂള്‍ കെട്ടിടത്തില്‍ കൊണ്ടുപോയി പതിന്നാലുകാരിയെ പീഡിപ്പിച്ചു എന്നാണ് പരാതി. ഈ മാസം ഇരുപതിനാണ് പെണ്‍കുട്ടിയുടെ അച്ഛന് പൊലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കിയത്. വീടിന് പിന്നിലെ തോട്ടില്‍ നിന്ന് തുണി കഴുകി മടങ്ങുകയായിരുന്ന പെണ്‍കുട്ടിയെ തൊട്ടടുത്ത സ്കൂള്‍ കെട്ടിടത്തിലേക്ക് ബലമായി കൊണ്ടുപോയി മാനഭംഗപ്പെടുത്തിയെന്നാണ് പരാതി. കൂട്ടിയെ പീഡിപ്പിച്ച് ശേഷം മടങ്ങിപ്പോയ ഇയാളെ പ്രദേശവാസിയാണ് കണ്ടത്. വിവരം പെണ്‍കുട്ടിയുടെ അച്ഛനെ ഇയാള്‍ അറിയിക്കുകയായിരുന്നു.
കുട്ടിയോട് കാര്യങ്ങള്‍ തിരക്കിയപ്പോഴാണ് ബലമായി പിടിച്ചുകൊണ്ടുപോയതാണെന്ന് വ്യക്തമായത്. പിതാവിന്റെ പരാതിയില്‍ പോക്സോ, എസ്.സി.-എസ്.ടി വിഭാഗങ്ങള്‍ക്കെതിരായ അതിക്രമങ്ങള്‍ തടയുന്ന നിയമം എന്നിവ ചേര്‍ത്ത് പൊലീസ് കേസെടുത്തു. മെഡിക്കല്‍ പരിശോധനയില്‍ കുട്ടി പീഡിപ്പിക്കപ്പെട്ടിട്ടുണ്ടെന്ന് തെളിഞ്ഞിട്ടുണ്ട്. നിധിന് കൊല്ലത്ത് ഒരു സുഹൃത്തിന്റെ വീട്ടില്‍ ഒളിവില്‍ കഴിയുകയാണെന്ന് പൊലീസിന് സൂചന ലഭിച്ചു.
