ലണ്ടന്‍: ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണും ക്യാരി സിമണ്ട്‌സും ശനിയാഴ്ച വിവാഹിതരായി. വെസ്റ്റ്മിനിസ്റ്റര്‍ കത്തീഡ്രലില്‍ രഹസ്യമായാണ് വിവാഹച്ചടങ്ങുകള്‍ നടന്നതെന്നാണ് റിപ്പോര്‍ട്ട്. അവസാനനിമിഷമാണ് അതിഥികളെ ക്ഷണിച്ചതെന്നും പ്രധാനമന്ത്രിയുടെ ഓഫീസിലെ മുതിര്‍ന്ന അംഗങ്ങള്‍ക്ക് പോലും വിവാഹത്തെ കുറിച്ച് വിവരം ലഭിച്ചിരുന്നില്ലെന്നും ദ സണ്‍, മെയില്‍ എന്നിവ റിപ്പോര്‍ട്ട് ചെയ്തു. ബ്രിട്ടനില്‍ കോവിഡ് നിയന്ത്രണങ്ങള്‍ നിലവിലുള്ളതിനാല്‍ മുപ്പത് പേര്‍ക്ക് മാത്രമാണ് വിവാഹത്തില്‍ പങ്കെടുക്കാന്‍ അനുമതിയുള്ളത്.
പ്രാദേശികസമയം ഉച്ചയ്ക്ക് ഒന്നര മണിയോടെ കത്തീഡ്രല്‍ അടച്ചതായും അര മണിക്കൂറിന് ശേഷം ക്യാരി സിമണ്ട്‌സ് അവിടെ എത്തിച്ചേര്‍ന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു. വെള്ള നിറത്തിലെ ഗൗണ്‍ ധരിച്ചിരുന്നെങ്കിലും അവര്‍ ശിരോവസ്ത്രം ധരിച്ചിരുന്നില്ല. 2022 ജൂലായിലായിരിക്കും ഇവരുടെ വിവാഹമെന്നും സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കും ക്ഷണക്കത്ത് അയച്ചതായും ഈ മാസം ആദ്യം ദ സണ്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
