കൊല്ലത്ത് യുവാവിനെ കുത്തിക്കൊലപ്പെടുത്തി, അച്ഛനും മകനും പിടിയില്‍

കൊല്ലം : കൊല്ലത്ത് യുവാവിനെ കുത്തിക്കൊലപ്പെടുത്തി. മരുത്തടി കന്നിമേല്‍ചേരി ഓംചേലില്‍ കിഴക്കതില്‍ ഉണ്ണിയുടെ മകന്‍ വിഷ്ണുവാണ് (29) മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് പള്ളിക്കാവ് സ്വദേശി പ്രകാശ്, ഇയാളുടെ മകന്‍ രാജ പാണ്ഡ്യന്‍ എന്നിവര്‍ പിടിയിലായി.

പ്രകാശാണ് വിഷ്ണുവിനെ കുത്തിയത്. കാവനാട് മാര്‍ക്കറ്റിലെ ഇറച്ചി വെട്ടുകാരനാണ് പ്രകാശ്. രാവിലെ വിഷ്ണുവും പ്രകാശും തമ്മില്‍ കരിമ്ബോലില്‍ കുളത്തിന് സമീപം വാക്കു തര്‍ക്കവും പിന്നീട് സോഡാക്കുപ്പി കൊണ്ട് അടിപിടിയും നടന്നതായി പറയുന്നു. ഇതിനു ശേഷം പ്രകാശ് വീട്ടിലേക്ക് പോയി.

ഉച്ചയോടെ പ്രകാശ് ഇറച്ചി വെട്ടാന്‍ ഉപയോഗിക്കുന്ന കത്തിയുമായി മകന്‍ രാജപാണ്ഡ്യനൊപ്പം ബൈക്കിലെത്തി ജവാന്‍മുക്കിന് സമീപം നിന്ന വിഷ്ണുവിനെ കുത്തുകയായിരുന്നു.

ആക്രമണത്തിനു ശേഷം പ്രതികള്‍ ബൈക്ക് ഉപേക്ഷിച്ച്‌ ഉടന്‍ തന്നെ സംഭവവ സ്ഥലത്ത് നിന്നും രക്ഷപ്പെട്ടു. ചോരവാര്‍ന്ന് റോഡില്‍ കിടന്ന വിഷ്ണുവിനെ ശക്തികുളങ്ങര പൊലീസ് എത്തി ജില്ലാ ആശുപത്രിയിലേക്ക് കൊണ്ട് പോയെങ്കിലും വഴിമധ്യേ മരിച്ചു.

സിറ്റി പൊലീസ് കമ്മീഷണര്‍ ടി നാരായണന്റെ നിര്‍ദ്ദേശം അനുസരിച്ച്‌ അസിസ്റ്റന്റ് കമ്മീഷണര്‍ ടിബി വിജയന്റെ നേതൃത്വത്തില്‍ നടത്തിയ സംയുക്ത പരിശോധനയില്‍ രണ്ട് മണിക്കൂറിനുള്ളില്‍ പ്രതികള്‍ അറസ്റ്റിലായി.

Leave a Reply

Your email address will not be published. Required fields are marked *