സംസ്ഥാനത്ത് ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. എല്ലാ ജില്ലകളിലും മഴയും കാറ്റും ഉണ്ടാകുമെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. തിരുവനന്തപുരം, കൊല്ലം, പാലക്കാട് ഒഴികെയുള്ള ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ട കനത്ത മഴക്കും ഇടിമിന്നലിനും സാധ്യതയുണ്ട്. മത്സ്യ തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന മുന്നറിയിപ്പുണ്ട്. കാറ്റിന്റെ വേഗത മണിക്കൂറില്‍ 60 കിലോമീറ്റര്‍ വരെയാകാനിടയുണ്ട്. കടല്‍ പ്രക്ഷുബ്ധമാണ്. തീരദേശത്തു താമസിക്കുന്നവര്‍ പ്രത്യേക ജാഗ്രത പുലര്‍ത്തണം. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപമെടുത്ത ന്യൂനമര്‍ദം ഇപ്പോള്‍ ആന്ധ്രക്കും ഒഡീഷക്കുമിടയിലൂടെ കരയിലേക്ക് കടന്നു. ഇതിന്റെ സ്വാധീനത്തില്‍ തെക്കേ ഇന്ത്യയിലും മധ്യ ഇന്ത്യയിലും പരക്കെ മഴ കിട്ടും.
നാളെ പതിനാല് ജില്ലകളിലും ബുധനാഴ്ച ഒന്‍പത് ജില്ലകളിലും മഴ മുന്നറിയിപ്പുണ്ട്. ശക്തമായ കാറ്റിനും ഇടിമിന്നലോടുകൂടിയ മഴയ്ക്കുമാണ് സാധ്യത. കേരളതീരത്ത് മണിക്കൂറില്‍ പരമാവധി 55 കിലോമീറ്റര്‍ വരെ കാറ്റ് വീശിയേക്കും. കടല്‍ പ്രക്ഷുബ്ധമാകാന്‍ സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് മുന്നറിയിപ്പുണ്ട്.
