ന്യൂഡല്‍ഹി: രാജ്യത്തെ ഞെട്ടിച്ച ഉറി ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പാകിസ്ഥാന് ശക്തമായ തിരിച്ചടി നല്കണമെന്ന ആവശ്യം ഉയര്‍ന്നെങ്കിലും അന്താരാഷ്ട്ര തലത്തില്‍ നയതന്ത്ര നീക്കം നടത്താമെന്നതില്‍ ആഭ്യന്ത്രമന്ത്രി രാജ്‌നാഥ് സിംഗ് വിളിച്ച ഉന്നതാധികാര യോഗത്തില്‍ തീരുമാനം. പാക് അധീന കശ്മീരിലെ തീവ്രവാദ കേന്ദ്രങ്ങള്‍ അക്രമിച്ച തകര്‍ക്കണമെന്ന അഭിപ്രായം ഉയര്‍ന്നെങ്കിലും, ഒരു രാജ്യത്തിനെതിരെയല്ല ഭീകരതക്കെതിരെയാണ് പോരാട്ടം നടത്തേണ്ടതെന്ന തീരുമാനത്തിലാണ് യോഗം അവസാനിച്ചത്. പാക് അധീന കശ്മീരില്‍ തീവ്രവാദ ക്യാംപുകള്‍ക്ക് പാക് പിന്തുണയുണ്ടെന്ന് ഇന്ത്യ പറഞ്ഞുകഴിഞ്ഞു. എന്നാല്‍ അന്താരാഷ്ട്ര സമൂഹത്തില്‍ പാകിസ്ഥാനെ തീവ്രവാദത്തിന്റെ പേരില്‍ ഒറ്റപ്പെടുത്തുക എന്നതാണ് നയം എന്നതിലേക്കാണ് മാറിയത്. പ്രധാനമന്ത്രി നരേന്ദ്രമോദി മുതിര്‍ന്ന മന്ത്രിമാരുമായും കരസേന മേധാവിയുമായി ചര്‍ച്ച നടത്തി. വിദേശ കാര്യ സഹമന്ത്രി ജനറല്‍ വി കെ സിംഗാണ് വികാരത്തിന്റെ പുറത്ത് നടപടി വേണ്ടെന്ന് നിര്‍ദേശിച്ചത്.
