വിവാദമായ മഞ്ചേശ്വരം കോഴക്കേസില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രനെതിരെ പോലീസ് ജാമ്യമില്ലാ വകുപ്പ് കൂടി ചുമത്തി.
പട്ടിക ജാതി-പട്ടിക വര്‍ഗ്ഗ അതിക്രമം തടയല്‍ വകുപ്പാണ് കെ. സുരേന്ദ്രനെതിരെ അധികമായി ചുമത്തിയിരിക്കുന്നത്. മഞ്ചേശ്വരം കോടതിയില്‍ ക്രൈംബ്രാഞ്ച് സമര്‍പ്പിച്ച ഇടക്കാല റിപ്പോര്‍ട്ടിലാണ് ജാമ്യമില്ലാ വകുപ്പ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. മഞ്ചേശ്വരത്തെ ബിജെപി സ്ഥാനാര്‍ഥിയായിരുന്ന സുന്ദരക്ക് സ്ഥാനാര്‍ഥിത്വം പിന്‍വലിക്കുന്നതിനായി രണ്ടര ലക്ഷ രൂപയും മൊബൈല്‍ ഫോണും നല്കി ഭീഷണിപ്പെടുത്തിയെന്നാണ് കേസ്.
2021 ജൂണ്‍ അഞ്ചിനാണ് കെ. സുരേന്ദ്രനെതിരെ വെളിപ്പെടുത്തലുമായി സുന്ദര രംഗത്ത് എത്തിയത്.കെ. സുരേന്ദ്രന് മല്‍സരിച്ച മഞ്ചേശ്വരം മണ്ഡലത്തില്‍ ആ പേരിനോട് സാമ്യമുള്ള സുന്ദര മല്‍സരിച്ചാല്‍ അത് വിജയത്തെ ബാധിക്കുമെന്ന് ബിജെപിയും സുരേന്ദ്രനും കരുതിയിരുന്നു. അതിനെ തുടര്‍ന്നാണ് പണവും മൊബൈല്‍ ഫോണും നല്കി സുന്ദരയെ സ്വാധീനിച്ചത്.സുരേന്ദ്രന്റെ വാഗ്ധാനം സ്വീകരിച്ച സുന്ദര നാമനിര്‍ദേശ പത്രിക പിന്‍വലിക്കുകയും ചെയ്തിരുന്നു.
ദിവസങ്ങളോളം ഒളിവില്‍ കഴിഞ്ഞ ശേഷമാണ് സുന്ദര മാധ്യമങ്ങള്‍ക്ക് മുന്നില്‍ പ്രത്യക്ഷപ്പെട്ടത്. സുന്ദരയുടെ വെളിപ്പെടുത്തല്‍ വിവാദമായതിന് പിന്നാലെ കഴിഞ്ഞ ജൂണിലാണ് ക്രൈംബ്രാഞ്ച് കേസ് രജിസ്റ്റര്‍ ചെയ്തത്. സുരേന്ദ്രന് മുഖ്യപ്രതിയായ കേസില്‍ ആകെ ആറ് പ്രതികളാണുളളത്. മറ്റ് പ്രതികളെല്ലാവരും ബിജെപി നേതാക്കളാണ്. സുരേന്ദ്രന് ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ ദുര്‍ബലമായ വകുപ്പുകളാണ് ചുമത്തിയതെന്ന ആരോപണം തുടക്കം മുതല്‍ തന്നെ ശക്തമായിരുന്നു.
പട്ടിക- ജാതി പട്ടിക വര്‍ഗ്ഗ അതിക്രമം തടയല്‍ വകുപ്പുകള്‍ കൂടി ചുമത്തണമെന്ന് സ്പെഷ്യല്‍ പബ്ലിക് പോസിക്യൂട്ടറും അന്വേഷണ സംഘത്തോട് ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് ജാമ്യ മില്ലാ വകുപ്പുകള്‍ കൂടി ചുമത്താന്‍ ക്രൈംബ്രാഞ്ച് തീരുമാനിച്ചത്.
