ജിദ്ദ: ദക്ഷിണ സൗദിയില്‍ ജീസാനിലെ ജനറല്‍ ആശുപത്രിയിലുണ്ടായ തീപിടിത്തത്തില്‍ 25 പേര്‍ മരിച്ചതായി പ്രാഥമിക നിഗമനം. 107 പേര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുണ്ട്. വ്യാഴാഴ്ച പുലര്‍ച്ചെയാണ് അപകടം നടന്നത്. ആശുപത്രിയിലുണ്ടായിരുന്ന മറ്റ്‌രോഗികളെ സമീപത്തെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. മരിച്ചവരും പരിക്കേറ്റവരും ഏത് രാജ്യക്കാരാണെന്ന് വ്യക്തമല്ല. എന്നാല്‍ മലയാളികളില്ലെന്നാണ് പ്രഥമിക അന്വേഷണത്തില്‍ അറിയുന്നത്. പൊലീസും സിവില്‍ ഡിഫന്‍സും സംഭവസ്ഥലം നിയന്ത്രണത്തിലാക്കി രക്ഷാ പ്രവര്‍ത്തനം നടത്തി. ആശുപത്രിയിലെ ഐ.സി.യുവിലും പ്രസവ വിഭാഗത്തിലുമാണ് തീപിടിത്തമുണ്ടായതെന്ന് പ്രമുഖ വാര്‍ത്തക ഏജന്‍സിയായ എ.എഫ്.പി റിപ്പോര്‍ട്ട് ചെയ്യുന്നു. തീ നിയന്ത്രണ വിധേയമായെന്നും ബന്ധപ്പെട്ട വിഭാഗങ്ങള്‍ അപകട കാരണം അന്വേഷിക്കുകയാണെന്നും സിവില്‍ ഡിഫന്‍സ് ട്വിറ്ററില്‍ അറിയിച്ചു.
